തുടർച്ചയായ രണ്ടാം സെമി ഫൈനൽ ഉറപ്പിക്കാൻ എടികെ ഇന്ന് ചെന്നൈയിനെതിരെ
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്‌സിയും നേർക്കുനേർ ഏറ്റുമുട്ടും. തുടർച്ചയായ രണ്ടാം സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാനാണ് എടികെ ഇറങ്ങുന്നത്. 14 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന കരുത്തും മോഹൻ ബഗാന് കൂട്ടായുണ്ട്.
ഐഎസ്എൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ റെക്കോർഡാണിത്. നിലവിൽ 18 കളികളിൽ നിന്നായി 34 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് എടികെ. തുടർച്ചയായ രണ്ടാം വർഷവും സെമിഫൈനൽ സ്ഥാനം ഉറപ്പാക്കാൻ അവർക്ക് ഒരു പോയിന്റ് മാത്രം മതിയാകും.
ജുവാൻ ഫെറാൻഡോയുടെ എടികെ ഹ്യൂഗോ ബൗമസ്, ജോണി കൗക്കോ എന്നിവരെക്കൂടാതെ 14 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളുമായി ലിസ്റ്റൺ കൊളാക്കോയും മികച്ച ഫോമിലാണ്. അതേസമയം മറക്കാൻ ശ്രമിക്കുന്ന ഒരു സീസണാണ് ചെന്നൈയിന് കടന്നുപോവുന്നത്. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിന്റെ വിഷമവും അവർക്കുണ്ട്.
19 കളികളിൽ നിന്ന് 20 പോയിന്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുകയാണ് ചെന്നൈയിൻ. ഇത് അവരുടെ സീസണിലെ അവസാന മത്സരമായിരിക്കും. മുൻ ചാമ്പ്യൻമാർക്ക് എടികെയ്ക്കെതിരെ മികച്ച വിജയ നേടി സീസൺ അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് കോച്ച് സാബിർ പാഷ പ്രതികരിച്ചത്.