Editorial European Football Foot Ball Top News

ലോക ശക്തിയായി ഇറ്റലി മടങ്ങി വരുമ്പോൾ !!

June 17, 2021

ലോക ശക്തിയായി ഇറ്റലി മടങ്ങി വരുമ്പോൾ !!

2011 – 12 ൽ അരങ്ങേറിയ വാതുവെപ്പ് വിവാദം ഇറ്റലിയെ ചെറുതായിട്ടല്ല ബാധിച്ചത്. അതിന് ശേഷം സെറി എ യിൽ നിന്ന് മുൻനിര കളിക്കാരുടെ ഒഴുക്ക് ഉണ്ടായപ്പോൾ ക്ലബ് ഫുട്ബോളിനോടൊപ്പം, ദേശീയ ടീം കൂടി ബലിയാടായത്. 4 തവണ ലോകകിരീടം ചൂടിയ അവർ, 2014 ലോക കപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായി. 2016 യൂറോയിൽ ക്വാർട്ടർ വരെ എത്തിയെങ്കിലും 2018 ലോക കപ്പിന് അവർ യോഗ്യത പോലും നേടിയില്ല.

2018 ൽ റോബർട്ടോ മാഞ്ചിനി ഇറ്റലിയുടെ പരിശീലകനായി വന്നത് മുതൽ ഇറ്റലിക്ക് ശുക്രദശ ഉദിച്ചു. സെപ്റ്റംബർ 28 നു ശേഷം അവർ തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ 29 മത്സരങ്ങളായി അവർ അപരാജിതരാണ്. അവസാനമായി ഗോൾ വഴങ്ങിയത് 2020 ഒക്ടോബറിൽ ഡച്ച് പടക്കെതിരെയും. അവിടുന്ന് ഇങ്ങോട്ട് തുടർച്ചയായി 10 ക്ലീൻ ഷീറ്റാണ് ഇറ്റലി സ്വന്തമാക്കിയത്. കില്ലയിനിയും ബൊനൂച്ചിയും നയിക്കുന്ന പ്രതിരോധം പാറ പോലെ നിക്കുന്നു. ബുഫൊണിന് പകരക്കാരനായി വന്ന ഡോണാറൂമയും ഒന്നിനൊന്നിന് മെച്ചം.

എന്നാൽ യൂറോയിൽ ആക്രമണ ഫുട്ബോൾ അഴിച്ചു വിടുന്ന അസൂറികളെയാണ് കാണാൻ സാധിച്ചത്. 4 – 3 – 3 ശൈലിയിൽ കളിക്കുന്ന അവർ രണ്ടു മത്സരങ്ങളിലുമായി ആറു ഗോളുകൾ ഇത് വരെ നേടി കഴിഞ്ഞിരിക്കുന്നു. ഗ്രൂപ്പ് എ യിലെ ബാക്കി മൂന്ന് ടീമുകളും കൂടി മൊത്തം അടിച്ചാകട്ടെ വെറും നാല് ഗോളുകളും.

ഇതിൽ എടുത്ത് പ്രശംസിക്കേണ്ടത് അവരുടെ മധ്യനിര താരങ്ങളെയാണ്. മാർകോ വെറാട്ടിയുടെ അസാന്നിധ്യം തെല്ലുപോലും അവരെ അലട്ടിയില്ല. ജോർജിഞ്ഞോ ഹോൾഡിങ് മിഡ്‌ഫീൽഡറുടെ ജോലി ഭംഗിയായി നിർവഹിക്കുമ്പോൾ, ലോക്കട്ടെല്ലിയും ബറെല്ലയും ഒഴുക്കുള്ള ആക്രമണത്തിന് തിരികൊളുത്തുന്നു. മധ്യനിരയിൽ അവർ ചെലത്തുന്ന മേധാവിത്വം തന്നെയാണ് ഈ നേട്ടങ്ങളുടെ പ്രധാന കാരണം.

വലത് വിങ്ങിൽ ബെറാർഡിയും ഇടത് വിങ്ങിൽ സ്പിനാസോളയും നടത്തുന്ന വേഗതയേറിയ മുന്നേറ്റങ്ങൾ അവരുടെ ആക്രമണത്തിന് മൂർച്ചയും കൂട്ടുന്നു. ഇമ്മോബൈൽ, ഇൻസിഗനെ സംഖ്യം വലക്കു മുന്നിൽ കൂർമയത്തുള്ള സ്‌ട്രൈക്കർമാരും.

പ്രീ ക്വാർട്ടർ മുതൽ കുറച്ചു കൂടി ശക്തരായ എതിരാളികളെ നേരിടേണ്ടി വരുമ്പോൾ, ഇതേ ആക്രമണ ഫുട്ബാൾ എങ്ങനെ പ്രാവർത്തികമാക്കും എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ചു ടീമിനെ ഉപയോഗിക്കാൻ കഴിവുള്ള മഞ്ഞിനി എന്ന മാനേജർ അവർക്ക് മുതൽക്കൂട്ടാകും. മാത്രമല്ല പേര് കേട്ട പ്രതിരോധത്തിൽ ഊന്നി, ഏത് വമ്പനയെയും അസ്വസ്ഥമാക്കാനും അവർക്ക് സാധിക്കും. പരിക്കുകൾ അലട്ടിയിലെങ്കിൽ ഇറ്റലി ഈ യൂറോ കപ്പ് കൊണ്ടുപോകുന്ന സാദ്ധ്യതകൾ കൂടി കൂടി വരുന്നു.

Leave a comment

Your email address will not be published. Required fields are marked *