European Football Foot Ball Top News transfer news

മുൻനിര താരങ്ങളെ നാപോളിക്ക് നഷ്ടമായേക്കും

May 27, 2021

മുൻനിര താരങ്ങളെ നാപോളിക്ക് നഷ്ടമായേക്കും

ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനാകാഞ്ഞത് ഇറ്റാലിയൻ ക്ലബ് ആയ നാപോളിക്ക് കനത്ത തിരിച്ചടി ആയേക്കും. പല മുൻനിര താരങ്ങളും ക്ലബ് വിടാനുള്ള സാധ്യത ഏറുന്നു. കൂലിബാലി, ലോറൻസോ ഇൻസിഗ്‌നെ, ഫാബിയൻ റൂസ് എന്നിവർക്കായി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും അണിയറയിൽ പ്രവർത്തനം തുടങ്ങി.

കഴിഞ്ഞ ജാലകത്തിലും കൂലിബാലി ക്ലബ് വിട്ട് പോകും എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും നാപോളിയുടെ നിശ്ചയദാർഢ്യം താരത്തിനെ നാപോളിയിൽ നില്ക്കാൻ കാരണമായി. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. കൂലിബാലിയുടെ കരാർ തീരാൻ ഇനി രണ്ടു വർഷമേ ബാക്കി ഉള്ളു. മാത്രമല്ല അദ്ദേഹത്തിന് പ്രായം 29 കഴിയുകയും ചെയ്തിരിക്കുന്നു. ഈ ജാലകത്തിൽ വിറ്റെങ്കിലേ ക്ലബിന് സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു. താരത്തിനും പ്രായം അതിക്രമിച്ചിരിക്കുന്നതിനാൽ ഒരു വലിയ ക്ലബ്ബിൽ ചേക്കേറാനുള്ള അവസാന അവസരവും ഇപ്പോളാണ്. കഴിഞ്ഞ വർഷം 100 മില്യൺ യൂറോ കൂലിബാലിക്ക് വില ഇട്ട നാപോളി, ഈ ജാലകത്തിൽ അത്രയും ഭീമമായുള്ള തുക ആവശ്യപ്പെടാനുള്ള സാധ്യത കുറവാണ്. ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ അദ്ദേഹത്തിനായി രംഗത്തുണ്ട്.

നാപോളി ആക്രമണ നിരയുടെ മുഖമായി മാറിയ ഇൻസിഗ്‌നെ, ഫാബിയൻ റൂസ് എന്നിവരും അവസരങ്ങൾക്കായി ചേക്കാറാനുള്ള തയ്യാറെടുപ്പിലാണ്. ലോറെൻസോയുടെ കരാർ 2022 ൽ അവസാനിക്കാൻ ഇരിക്കെ, അദ്ദേഹത്തെ വിൽക്കാൻ ആയിരിക്കും നാപോളി ശ്രമിക്കുക. റൂസിന്റെ കരാർ 2023 വരെ ഉണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് അയോഗ്യത അദ്ദേഹത്തെ പിടിച്ചു നിറുത്തുന്നതിൽ വെല്ലുവിളി ആയി ഉയരും. റൂസിനായി അറ്റലാൻറ്റ, സെവിയ്യ എന്നീ ക്ലബ്ബുകൾ രംഗത്തുണ്ട്.

Leave a comment