Cricket Editorial IPL IPL2021 Top News

IPL 2021: ജഡേജയും ചെന്നൈയും ബഹുദൂരം മുന്നിലാണ്

April 20, 2021

IPL 2021: ജഡേജയും ചെന്നൈയും ബഹുദൂരം മുന്നിലാണ്

189 എന്ന മോശമല്ലാത്ത സ്കോർ ചേസ് ചെയ്തു കളി 11 ഓവറിൽ 87 ന് 2 എന്ന നിലയിൽ നിൽക്കും വരെയും ജോസ് ബട്‌ലറും CSK ബൗളർമാരും തമ്മിലുള്ള ഒരു പോരാട്ടം മാത്രമായിരുന്നു മത്സരം. എന്നാൽ പിന്നീട് ചിത്രത്തിൽ നിറഞ്ഞു നിന്നത് ഒരേ ഒരാൾ മാത്രമായിരുന്നു
രവീന്ദ്ര ജഡേജ
പന്ത്രണ്ടാം ഓവറിൽ ബട്ട് ലറടക്കം 2 വിക്കറ്റ് പിഴുത് രാജസ്ഥാനെ 90 ന് 4 ലേക്ക് കൂപ്പുകുത്തിച്ചതിന് പുറമേ 3 ഓവറുകൾക്കുള്ളിൽ ആ ടീമിനെ 95 ന് 7 എന്ന നിലയില്ലാക്കയത്തിലേക്ക് തള്ളി വിടുമ്പോൾ ജഡേജ നേടിയത് 2 വിക്കറ്റുകളും 3 ക്യാച്ചുകളുമായിരുന്നു .
സമകാലിക ക്രിക്കറ്റിലെ ഒന്നാന്തരം 3D പ്ലെയർ തുടർച്ചയായ രണ്ടാം മാച്ചിലും ടീമിന് നിർണായക വഴിത്തിരിവ് നൽകി കഴിഞ്ഞിരുന്നു. കഴിഞ്ഞ മേച്ചിൽ ഫീൽഡിങ് കൊണ്ട് ടീമിന് നിർണായക വഴിത്തിരിവ് കുറിച്ചപ്പോൾ ഇക്കുറി CSK വിജയം ഉറപ്പിച്ചത് ജഡേജയുടെ ബൗളിങ്ങായിരുന്നു .
രാജസ്ഥാൻ എന്തുകൊണ്ടാണ് ഏറ്റവും ദുർബലമായ ടീം ആണെന്ന് അവർ തന്നെ തെളിയിക്കുകയായിരുന്നു. 93 റൺസിൽ നിൽക്കെ അഞ്ചാമനായി കഴിഞ്ഞ കളിയിലെ ഹീറോ മില്ലർ പോകുമ്പോഴേക്കും എല്ലാ പ്രതീക്ഷകളും അവിടെ അവസാനിച്ചിരുന്നു .കാരണം തെവാട്ടിയക്കും മോറിസിനും എന്നും അത്ഭുതങ്ങൾ കാണിക്കാൻ പറ്റില്ലല്ലോ.
പിശുക്കി പന്തെറിഞ്ഞ മോയിൻ അലിയെ ബിഗ് ഷോട്ടിന് ശ്രമിച്ച പരാഗിനെയും മോറിസിനെയും എസിനെയും ജഡേജ കയ്യിലൊതുക്കുമ്പോൾ ഈ സീസണിലെ ഏറ്റവും വലിയ ഏകപക്ഷീയ പരാജയങ്ങളിലൊന്നായിരുന്നു രാജസ്ഥാനെ തുറിച്ചു നോക്കിയിരുന്നത്.
കഴിഞ്ഞ കളിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഉനത്ഘട്ട് രാജസ്ഥാന് വേണ്ടി തല്ലു വാങ്ങിയപ്പോൾ ഇക്കുറി ഊഴം കഴിഞ്ഞ മാച്ചിൽ ചെന്നൈക്ക് വേണ്ടി സമാനമായ പ്രകടനം കാഴ്ചവച്ച ദീപക് ചഹാറിനായിരുന്നു .അതിനിടെ ആദ്യ 2 വിക്കറ്റുകളും പിഴുത് സാം കുറാൻ തൻറെ താരമൂല്യം അപ്പോഴും തെളിയിച്ചിരുന്നു.സഞ്ജുവിന് അവസരം മുതലെടുക്കാൻ പറ്റാത്തതിൽ സ്വയം പഴിക്കാം .
തുടക്കത്തിൽ വോറയെ ക്യാച്ചെടുത്ത് പുറത്താക്കി ഒടുക്കം ഉനത്ഘട്ടിനെയും ക്യാച്ചെടുത്ത ജഡേജയുടെ 4 വിരലുകൾ ഉയർത്തി 4 ക്യാച്ചുകളെ കാണിച്ച ആംഗ്യം കളിയിൽ അയാൾ മാത്രമായിരുന്നു എന്ന ചിത്രം വരച്ചത് പോലെ തന്നെയായി .3 ഓവറിൽ 7 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ മോയിൻ അലി പോലും ജഡേജ പ്രഭാവത്തിൽ മങ്ങി .6 വിക്കറ്റുകളിൽ പങ്കാളിയായി ജഡേജ ടീമിനെ മുന്നിൽ നിന്ന് നയിച്ചപ്പോൾ എല്ലാ ഡിപ്പാർട്ട്മെൻറുകളിലും പിന്നിലായ രാജസ്ഥാന് വരും മാച്ചുകളിൽ ഒരു പാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്ന് സൂചിപ്പിച്ച കാളരാത്രി കൂടിയായി ഇന്നത്തെ മാച്ച് .
Leave a comment