Cricket Editorial European Football Foot Ball Top News

ടോണി ക്രൂസ് – മധ്യനിരയിലെ ‘ബോസ്’

April 7, 2021

ടോണി ക്രൂസ് – മധ്യനിരയിലെ ‘ബോസ്’

ഇരു ടീമുകളുടെയും ആക്രമണ നിര പ്രതാപകാലഘട്ടത്തിലെ നിഴൽ മാത്രം. നെടും തൂണായി മാറേണ്ട സെന്റർ ബാക്കുകളും പരിക്കിന്റെ പിടിയിൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ മത്സരത്തിന്റെ ഗതി നിർണയിക്കുക മധ്യനിരയായിരിക്കും എന്ന് എല്ലവരും കണക്ക് കൂട്ടി. ഒരു വശത്ത് ഫാബിഞ്ഞോയും അൽകാന്ററയും ലിവര്പൂളിനായി അണിനിരക്കുന്നു. മറുവശത്ത് കാസിമിറായും ടോണി ക്രൂസും. യുദ്ധകളമാകേണ്ട മധ്യനിരപോരാട്ടം എന്നാൽ പൊതുവെ ശാന്തം – കാരണം ടോണി ക്രൂസ്.

പ്രതിഭയുടെ കാര്യത്തിൽ അത്രയധികം വിത്യാസം ഇന്നലെ നമ്മുക്ക് കാണാൻ ഇടയായി. റാമോസും വറാനും ഇല്ലാതെ ഇറങ്ങിയ ടീമിൽ ഡിഫെൻസിവ് മിഡ്‌ഫീൽഡറുടെ ജോലിഭാരം ഇരട്ടിയായിരുന്നു. എന്നാൽ ലോങ്ങ് ബോളിലൂടെ സെന്റർ ബാക്കിനും വിങ് ബാക്കിനുമിടയിലെ സ്പേസ് കണ്ടെത്താനുള്ള കഴിവ് കൊണ്ട്, കാര്യങ്ങൾ ക്രൂസ് അനായാസമാക്കി. പ്രതിരോധത്തെ കീറി മുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു പാസ് ആണ് വിനിഷ്യസിന്റെ ആദ്യ ഗോളിൽ കലാശിച്ചത്. സമാനമായ മറ്റൊരു പാസ് വിലയിരുത്തുന്നതിൽ അർണോൾഡിനു പറ്റിയ പിഴവ് രണ്ടാമത്തെ ഗോളിനും കാരണമായി. 36 മിനുട്ട് കഴിഞ്ഞപ്പോഴേക്കും മത്സരം റയൽ, ലിവർപൂളിൽ നിന്ന് തട്ടിയകറ്റിയിരുന്നു.

നാബി കീറ്റയെ മാറ്റി ഗിനി വൈനാൽഡത്തിനെ ഇറക്കി മധ്യനിര ദൃഢമാക്കാൻ ക്ളോപ്പ് ശ്രമിച്ചെങ്കിലും ക്രൂസിന്റെയും മോഡ്രിച്ചിന്റെയും പാസിങ് അതിന് സമ്മതിച്ചില്ല. ക്രൂസിന്റെ അനായാസമായ, ക്രത്യതയോടെയുള്ള പാസുകൾ കാരണം ലിവർപൂൾ മധ്യനിര പലനിമിഷങ്ങളിലും ഇരുട്ടിൽ തപ്പുകയായിരുന്നു. 31 വയസ്സുള്ള ക്രൂസ്, 35 വയസ്സുള്ള മോഡ്രിച്ചിനെ കൂട്ട് പിടിച്ചു ഇന്നലെ നടത്തിയ പ്രകടനം അതിമനോഹരം. മധ്യനിരയിലെ ബോസ് താനാണെന്ന് ഈ ജർമൻ കാരൻ ഒരിക്കൽ കൂടി തെളിയിച്ച മത്സരമാണ് കടന്നു പോയത്.

ചാമ്പ്യൻസ് ലീഗ് പോലുള്ള മത്സരങ്ങളിൽ ടീമുകൾക്ക് സൂപ്പർ താരങ്ങളെ ആവശ്യമായി വരും. സൂപ്പർ താരങ്ങളുടെ വ്യക്തിഗത മികവാണ് പലമത്സരങ്ങളിലും വിത്യാസം സൃഷ്ടിക്കുന്നതും. ഏത് സമ്മർദ്ദത്തിലും, ഏത് നിർണായക നിമിഷങ്ങളിലും, ഒരു വിശിഷ്ടമായ നീക്കം കൊണ്ട് മത്സരം മാറ്റി മറിക്കാൻ തനിക്ക് സാധിക്കും എന്ന് ക്രൂസ് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.

Leave a comment