ഡേവിഡ് ആലബ റയൽ മാഡ്രിഡിലേക്കെന്ന് സൂചനകൾ
ഓസ്ട്രിയൻ താരമായ ഡേവിഡ് ആലബയുടെ ബയേൺ മ്യൂണികുമായിട്ടുള്ള കരാർ ഈ ജൂണിൽ അവസാനിക്കുകയാണ്. കരാർ പുതുക്കാൻ താരം തന്നെയാണ് വിസമ്മതിച്ചത്. ഈ വാർത്ത ജനുവരിയിൽ വന്നതോടെ 28 കാരനായ ഡിഫെൻഡറുടെ കയ്യൊപ്പിനായി വൻകിട ക്ലബ്ബുകൾ രംഗത്തും വന്നിരുന്നു. ബാഴ്സ, റയൽ, ചെൽസി, പി.സ്.ജി എന്നീ ക്ലബ്ബുകൾ ആയിരുന്നു മുൻപന്തിയിൽ. പുതുതായി തിരഞ്ഞെടുത്ത ബാഴ്സ പ്രസിഡന്റ് ജൊവാൻ ലപോർട്ട, ആലബായുടെ കാര്യത്തിൽ ബാഴ്സക്ക് താല്പര്യം ഉണ്ട് എന്ന പരസ്യ പ്രസ്താവന വരെ ഇറക്കുകയുണ്ടായി. ബാഴ്സയും താരവും തമ്മിൽ വാക്കാൽ കാര്യങ്ങൾ ഉറപ്പിച്ചു എന്ന നിലയിൽ കിംവംദികളും പടർന്നിരുന്നു.
എന്നാൽ ലപോർട്ടയുടെ വാദങ്ങളെ തള്ളിയിരിക്കുകയാണ് താരത്തിന്റെ ഏജന്റ് ആയ പിനി സഹാവി. ജനുവരിയിൽ താരവുമായി വാക്കാൽ കരാറിൽ ഏർപ്പെട്ടിരിക്കുന്നത് റയൽ മാഡ്രിഡ് ആണെന്നാണ് ഏജന്റ് പറയുന്നത്. പ്രശസ്ത ജേര്ണലിസ്റ്റു ഫാബ്രിസിയോ റോമാണോയും ഇത് സ്ഥിരീകരിക്കുന്നു. 12 മില്യൺ യൂറോ വാർഷിക ശമ്പളമാണ് മാഡ്രിഡ്, ഡേവിഡിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡേവിഡിനും ഇപ്പോൾ റയലിനോട് ആണ് താല്പര്യം എന്ന് ഫാബ്രിസ്യോ റിപ്പോർട്ട് ചെയ്തിരുന്നു. അങ്ങനെയെങ്കിൽ മാഡ്രിഡ് നടത്തുന്ന അടുത്ത ബമ്പർ സൈനിങ് ആയി ഇത് മാറും.