Editorial European Football Foot Ball Top News

സോൾസ്ജറുടെ സമയമായോ?? 

November 7, 2020

author:

സോൾസ്ജറുടെ സമയമായോ?? 

 

ബുധനാഴ്ച ചാമ്പ്യന്സ് ലീഗിൽ ഗ്രൂപ്പിലെ ഏറ്റവും ദുർബലരായ ഇസ്താംബുള്‍ ബസക്സഹീറിനോട് അപ്രതീക്ഷിതമായി പരാജയം ഏറ്റുവാങ്ങിയതോടെ ഒലെ ഗുണ്ണർ സോൾസ്ജറുടെ തലയ്ക്ക് വേണ്ടിയുള്ള മുറവിളി കൂടുതൽ ഉച്ചത്തിലായി. മൗറിസിയോ പൊച്ഛടീനോ എന്ന ടാക്ടിക്സ് ഭീമനും മാസിമിലാനോ അലഗിരി എന്ന് തെളിയിക്കപ്പെട്ട അധികായനും യുണൈറ്റഡ് ജോലിക്കായി കൈനീട്ടി നിൽക്കുമ്പോൾ ഒലെ ഗുണ്ണർ സോൾസ്ജർ എന്ന് പറയാൻ യാതൊന്നും ഇല്ലാത്ത ഒരു സാധുവിന് തൻറെ തലയ്ക്കു മുകളിലെ ഡയോക്ളേഷ്യൻ വാളിന്റെ തുമ്പ് കണ്ടില്ല എന്ന് എത്രനാൾ നടിക്കാൻ കഴിയും. യുണൈറ്റഡിൻറെ ഭാവിക്ക് സോൾസ്ജർ മടങ്ങുന്നതാണ് നല്ലത് എന്ന് ഒരുപാട് ഫുട്ബോൾ ബുദ്ധിജീവികൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ എന്തുകൊണ്ട് സോൾസ്ജർ മടങ്ങിക്കൂടാ എന്നാണ് ഇവിടെ അവലോകനം ചെയ്യുന്നത്.
 ഉയർത്തെഴുന്നേറ്റ യുണൈറ്റഡ്
 ഇപ്പോൾ സോൾസ്ജറുടെ തലയ്ക്കു വേണ്ടി വാശിപിടിക്കുന്നവർ അയാൾ ഈ ടീമിൽ കൊണ്ടുവന്ന സ്ഥിരത കണ്ടില്ല എന്ന് നടിക്കുന്നവരാണ്. സോൾസ്ജറിന് മുമ്പ് മൗറിഞ്ഞോയുടെയും വാൻ ഗാലിന്റെയും കാലഘട്ടത്തിൽ യുണൈറ്റഡ് രണ്ട് ഗോളിന് മുകളിൽ നേടുന്ന കളികൾ വിരളമായിരുന്നു. ഓർമ്മവെച്ച നാൾ മുതൽ കാണുന്ന മഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രകടമായി കണ്ടിരുന്ന കില്ലർ ഇന്സ്റ്റിന്ക്റ്റ് പൊതുവേ നഷ്ടമായ കാലഘട്ടമായിരുന്നു ആ നാലുകൊല്ലം. എന്നാൽ സോൾസ്ജറിന് കീഴിൽ യുണൈറ്റഡ് ആ അഴകിയ കളി വീണ്ടും കളിക്കാൻ തുടങ്ങി: 2018 ചാമ്പ്യൻസ് ലീഗിൽ പി എസ് ജികെതിരെ 2019 20 പ്രീമിയർലീഗ് സീസൺ ആദ്യമത്സരത്തിൽ ചെൽസിക്ക് എതിരെ, കഴിഞ്ഞ ആഴ്ച ആർ ബി ലൈപ്സിഗിന് എതിരെ എണ്ണിയാൽ ഒടുങ്ങാത്ത അത്ഭുതപ്പെടുത്തുന്ന വിജയങ്ങൾ. കഴിഞ്ഞ സീസണിൽ മാത്രം യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ മൂന്നാംവട്ടവും ചെൽസിയെ മൂന്നാംവട്ടവും തോൽപ്പിച്ചിരുന്നു. എല്ലാ ഒരു വലിയ യാത്രയുടെ തുടക്കം ആണ്. നിസ്സാര മത്സരഫലങ്ങളുടെ പേരിൽ ആ വലിയ കാൻവാസ് ചെറുതായി കാണരുത്.
 ട്രാൻസ്ഫർ സൈനിങുകൾ
 മഞ്ചസ്റ്റർ ഇൽ എന്താണ് പോരായ്മ എന്ന് വ്യക്തമായി അറിയാവുന്ന ഒരു വ്യക്തിയാണ് സോൾസ്ജർ. അതിന് ഏറ്റവും വലിയ തെളിവാണ് അയാളുടെ സൈനിങുകൾ: ഹാരി മഗ്വെയർ ബ്രൂണോ ഫെർണാണ്ടസ് ആരൺ വാൻ ബിസാക്ക ഡോണി വാൻ ഡേ ബിക്ക് എന്നിവർ ആ ടീമിൽ കൊണ്ടുവന്ന മാറ്റങ്ങൾ വലുതാണ്. പാളിപ്പോയ ഒരു സൈനിങ് സോൾസ്ജറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മേസൺ ഗ്രീൻവുഡ് എന്ന് ഇന്ന് ലോകത്തെ ഏറ്റവും ചൂടേറിയ പ്രതിഭാസം വളർന്നുവന്നത് സോൾസ്ജറിന് കീഴിലാണ്. സ്കോട്ട് മെക്ടോമിനി ബ്രന്ഡൻ വില്യംസ് എന്നിവർ യുണൈറ്റഡിന് ആയി സ്ഥിരതയോടെ ഫസ്റ്റ് ലെവലിൽ ഇറങ്ങാൻ തുടങ്ങിയത് സോൾസ്ജർ തൻറെ അക്കാഡമിയിൽ എത്ര വിശ്വസിക്കുന്നു എന്നതിന് തെളിവാണ്. ഹാനിബൾ മജബ്റീ, ഫെക്യൂണ്ഡോ പെല്ലിസ്ട്രീ, ആള്‍വാരോ ഫെർണാണ്ടസ്, മാർക്ക് ജുവാർഡോ എന്നിവരെ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൊണ്ടുവന്നത് സോൾസ്ജറുടെ ദീർഘവീക്ഷണമാണ്. അമാദ് ഡിയാലോ ട്രവോറെ എന്ന ഭാവി വാഗ്ദാനം യുണൈറ്റഡിൽ കാണിക്കാൻ പോകുന്ന അത്ഭുതങ്ങൾ ഇപ്പോഴേ കളി വിദഗ്ധരെ പുളകം കൊള്ളിക്കുന്നു.
 അത്ര മോശമായിരുന്നു സോൾസ്ജർ ഉടെ കണക്കുകൾ?
 അല്ല തീർച്ചയായും അല്ല. തൻറെ അരങ്ങേറ്റത്തിൽ ആദ്യ ആറ് മത്സരങ്ങളും വിജയിച്ച ഒരേയൊരു പ്രീമിയർ ലീഗ് മാനേജറാണ് അദ്ദേഹം. തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച യുണൈറ്റഡ് മാനേജറും സോൾസ്ജർ തന്നെ. സർ അലക്സ് ഫെർഗൂസണ് ശേഷം പ്രീമിയർ ലീഗ് മാനേജർ ഓഫ് ദ മന്ത് പുരസ്കാരം ഡേവിഡ് മോയ്സിനോ ലൂയി വാൻ ഗാലിനോ ഹോസെ മൗറിഞ്ഞയ്ക്കോ നേടാൻ കഴിഞ്ഞിട്ടില്ല. അത് നേടിയത് സോൾസ്ജർ മാത്രമാണ്. ഇനി ലിവർപൂളിന്റെ യുർഗൻ ക്ലോപ്പ് എന്ന പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ അമരക്കാരൻ മാനേജരുമായി ഒരു താരതമ്യ പഠനം നടത്തിയാൽ ആദ്യ 100 മത്സരത്തിൽ സോൾസ്ജർ ക്ലോപ്പിനേക്കാൾ ആറു മത്സരങ്ങൾ കൂടുതൽ വിജയിച്ചിട്ടുണ്ട്, വിജയശതമാനം 56:50. ഗോളുകൾ അടിക്കുന്നതിൽ യുണൈറ്റഡ് തന്നെയാണ് മുന്നിൽ. സോൾസ്ജറുടെ യുണൈറ്റഡ് 182 ഗോളുകൾ നേടിയപ്പോൾ ക്ലോപ്പിന്റെ ലിവർപൂൾ 180 എണ്ണമേ നേടിയിട്ടുള്ളൂ.
 പകരം ആര് എന്നതല്ല ചോദ്യം!!
 അതെ പകരം ആര് എന്നതല്ല യഥാർത്ഥ ചോദ്യം. പകരം ആരുവന്നാലും യുണൈറ്റഡ് മുന്നോട്ടു പോകുമോ എന്നതാണ് ചോദ്യം. ഒരുവിധത്തിൽ പറഞ്ഞാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. കാരണം ലളിതം എഡ് വുഡ്വർഡും ഗ്ലേസ്സർ ഫാമിലിയും. യുണൈറ്റഡ് മുതലാളിമാർക്കും മഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കറവപ്പശു മാത്രമാണ്. അവർ പലപ്പോഴായി അത് തെളിയിച്ചതാണ്. തൻറെ ടീമിന് ആവശ്യമുള്ളത് എന്ത്, ഏതൊക്കെ കളിക്കാർ എന്ന് സോൾസ്ജർ വ്യക്തമായി പറഞ്ഞു കൊടുത്തിട്ടുള്ളതാണ്. എന്നാൽ ട്രാൻസ്ഫർ കമ്പോളത്തിൽ യുണൈറ്റഡിന് പിന്നിൽ നിന്ന് കുത്തുന്ന ഈ മുതലാളി വൃന്ദം ഉള്ളപ്പോൾ സോൾസ്ജറിന് പകരം ആരുവന്നാലും എന്താണ് ഗുണം. ഏറ്റവും ക്ലാസിക് ആയുള്ള ഉദാഹരണമാണ് ജേഡൻ സാൻജോ ട്രാൻസ്ഫർ വീരഗാഥ. യുണൈറ്റഡിനെ എന്താണ് വേണ്ടത് എന്ന് സോൾസ്ജറിന് വ്യക്തമായി അറിയാം. അയാൾക്ക് വേണ്ടത് പിന്തുണയാണ്. അത് യഥാവിധി ലഭിച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ആകും
Leave a comment