Cricket Cricket-International Stories Top News

ഒരു കപ്പും കുറേ സ്വപ്നങ്ങളും 37 വർഷങ്ങളും !!

June 25, 2020

author:

ഒരു കപ്പും കുറേ സ്വപ്നങ്ങളും 37 വർഷങ്ങളും !!

1983 ജൂൺ 25- ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്ത്, ടി വി എന്നതൊക്കെ മധ്യ വർഗ്ഗത്തിന് അപ്രാപ്യമായിരുന്ന കാലത്ത്, വീട്ടിലെ ഫിലിപ്സിൻ്റെയും നാഷണലിൻ്റെയുമൊക്കെ റേഡിയോയിൽ ബിബിസി യോ ആകാശവാണിയോ ട്യൂൺ ചെയ്ത് ആകാംക്ഷയുടെ പരകോടിയിൽ നഖം കടിച്ചും സ്വയം എന്തൊക്കെയോ പറഞ്ഞും സമ്മർദ്ദത്തിനടിമപ്പെട്ടു കമൻ്ററി കേട്ട ഒരു യുവതയുണ്ട്. സമൂഹവും കുടുംബവും യാതൊരു സ്വീകാര്യതയും നൽകില്ലെന്നറിഞ്ഞിട്ടും ഇന്ത്യക്കാർ വേണ്ട രീതിയിൽ സ്വീകരിക്കാത്ത, സമ്പന്നരുടെ നേരം പോക്കെന്ന് എഴുതിത്തള്ളിയ കളിയിൽ സന്തോഷവും ആവേശവും കണ്ടെത്തിയവർ. … ആ രാത്രി അവർക്കുള്ളതായിരുന്നു.

കപിൽദേവ് നിഖഞ്ജ് എന്ന മാന്ത്രികൻ ലോർഡ്സിലെ ഗ്യാലറിയിൽ ഉയർത്തിയ പ്രൂഡൻഷ്യൽ കപ്പ് അവർ ഏറ്റുവാങ്ങിയത് സ്വന്തം ഹൃദയത്തിലേക്കായിരുന്നു. മൈക്കൾ ഹോൾഡിങ്ങിൻ്റെ വിക്കറ്റെടുത്ത് മൊഹീന്ദറിനോടൊപ്പം ഇന്ത്യൻ ടീം ഓടിക്കയറിയത് കോടാനുകോടി ഇന്ത്യൻ ഹൃദയങ്ങളിലേക്കായിരുന്നു. ഈയൊരു വിജയം എന്നത് ഇന്ത്യൻ ക്രിക്കറ്റിൻ്റെ തലവര മാറ്റിമറിച്ചതു തന്നെയായിരുന്നു.പലപ്പോഴും പലരും പല രീതിയിൽ പലയിടത്തും അതിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. പക്ഷേ…. ഈയൊരു ഫൈനൽ നമ്മൾ വിജയിച്ചില്ല എങ്കിൽ, നമുക്ക് ഇന്ത്യൻ ക്രിക്കറ്റിന് എന്തെല്ലാം ലഭിക്കുമായിരുന്നില്ല എന്നതായിരിക്കാം നാം ഇന്ന് ചിന്തിക്കേണ്ടത്…….

#ലോർഡ്സ്_വിട്ട്_പറക്കുന്ന_ലോകകപ്പ്

ഏറ്റവുമാദ്യം വരുന്നത്, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും അതിവേഗം വളരുന്ന ക്രിക്കറ്റ് പ്രേമം മനസ്സിലാക്കി ആദ്യമായൊരു ലോകകപ്പ്, ക്രിക്കറ്റ് തറവാടിന്നു പുറത്ത് പോയത് ഈ ലോകകപ്പ് വിജയം കാരണമാവാം. ബെൻസൻ & ഹെഡ്ജസ്, ഷാർജാ കപ്പ് തുടങ്ങിയവയുടെ ഗ്ലോറിഫിക്കേഷനും ഇന്ത്യൻ വിജയങ്ങളും തീർച്ചയായും ഇതിൻ്റെ പിന്തുടർച്ചയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം – ലോകത്തിൽ ക്രിക്കറ്റിൻ്റെ ഏറ്റവും വലിയ വിപണി…. 1983 ലോകകപ്പ് വിജയം തൊട്ട്, വാതുവയ്പ്പുകളും ഒത്തു കളികളും പലരേയും പലതിനെയും സംശയത്തിൻ്റെ മുൾമുനയിൽ നിർത്തിയിട്ടു പോലും ആ വിപണിയിൽ കാര്യമായ ഇടിവു വന്നില്ല. ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ഒക്കെ ഭരിക്കുമായിരുന്ന ICC യെന്നാൽ ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതിനു തറക്കല്ലിട്ടത് തീർച്ചയായും ആ വിജയം തന്നെയാണ്.

#പ്രതിഭാസങ്ങളെ_തിരിച്ചറിയുന്ന_ക്രിക്കറ്റ്_ലോകം

ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ…. സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭാസം പരമാവധി ഇന്ത്യൻ ക്രിക്കറ്റിൽ മാത്രം ഒതുങ്ങുന്ന ഒരു കാഴ്ച.., അല്ലെങ്കിൽ വേണ്ട അനിൽ കുംബ്ലേയോ ദ്രാവിഡോ ഇന്ത്യൻ ക്രിക്കറ്റിലെ അതികായർ മാത്രമായി വേണ്ടത്ര അന്താരാഷ്ട്ര പരിഗണന കിട്ടാതെ പോകുന്ന രംഗം… ഈ ലെജൻഡുകളെയെല്ലാം വളർത്തുന്നതിൽ മുഖ്യപങ്കു വഹിച്ചത് ആ ലോകകപ്പ് വിജയവും അതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച നവോത്ഥാന കാലഘട്ടവും തന്നെയാണ്. എന്തിനേറെ, വിസ്മയമായി മാറിയ കപിലിൻ്റെ 175 നോട്ടൗട്ട് പോലും നാം ഓർമയിൽ സൂക്ഷിക്കുന്നത് ലോകകപ്പ് ജയിച്ചു എന്നതിൻ്റെ സഹായ ഘടകമായിട്ടാണ് . അവസാനമായി, ഒരു പക്ഷേ ആദ്യം പറയാമായിരുന്ന ചിലത് കൂടി…. നമുക്ക് കെനിയൻ ക്രിക്കറ്റിനെ ഓർമയില്ലേ? മൗറിസ് ഒഡുംബേയുടെയും സ്ടീവ് ടിക്കോളോയുടെയും ഒബൂയയുടെയുമെല്ലാം കെനിയ… അതല്ലെങ്കിൽ നീൽ ജോൺസനും മറേ ഗുഡ്വിനും ഫ്ലവേഴ്സും ഡേവിഡ് ഹ്യൂട്ടനുമെല്ലാം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടാൻ കാരണക്കാരായ സിംബാബ്വേ എന്ന ടീം… 1996 ൽ ലോകകപ്പ് നേടിയില്ലയെങ്കിൽ ഒരു പക്ഷേ ഡിസിൽവയിലൂടെയും രണതുംഗയിലൂടെയും മാത്രം ഓർമിക്കപ്പെടുമായിരുന്ന ശ്രീലങ്ക…… ഇന്ത്യൻ ക്രിക്കറ്റും ലോകത്തിനു മുന്നിൽ അങ്ങനെ ഒരു ടീം ആയേനെ, ആ ലോകകപ്പ് നേടിയിരുന്നില്ലെങ്കിൽ… ഗാവസ്കറെയും കപിലിനേയും പോലുള്ളവരുടെ പേരിൽ മാത്രം അറിയപ്പെടുമായിരുന്ന, ഇന്നും ലോക ക്രിക്കറ്റിൻ്റെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങുമായിരുന്ന ഒരു ടീം.. ഇന്ത്യൻ ക്രിക്കറ്റ് ടീം.

Suresh Varieth

Leave a comment