Cricket cricket worldcup Cricket-International Stories Top News

അമാനുഷ്യരെ തറപറ്റിച്ച അതിമാനുഷൻ – ലോക കപ്പ് ഓർമ്മകൾ

June 9, 2020

അമാനുഷ്യരെ തറപറ്റിച്ച അതിമാനുഷൻ – ലോക കപ്പ് ഓർമ്മകൾ

“ഞങ്ങൾ അമാനുഷികരാണ് .മനുഷ്യൻമാർ ഉൾപ്പെട്ട ഒരു ടീമിനും നമ്മെ തോൽപ്പിക്കാനാകില്ല .”

1996 മാർച്ച് 11 ന് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ക്വാർട്ടർ ഫൈനലിൻ്റെ തലേന്ന് ദ.ആഫ്രിക്കൻ നായകൻ ഹാൻസി ക്രോണ്യേ ഇങ്ങനെ പറഞ്ഞപ്പോൾ അത് ഒരിക്കലും ആ ടീമിൻ്റെ അഹങ്കാരമായി കാണാൻ പറ്റുമായിരുന്നില്ല .അത് അവരുടെ ആത്മവിശ്വാസത്തിൻ്റെ ശബ്ദമായിരുന്നു .ആ ലോകകപ്പിലെ ” perfect Team ” എന്ന് വിശേഷിപ്പിക്കാവുന്ന അത്രയും കരുത്തരായ ടീം .മികച്ച ബാറ്റ്സ്മാൻമാരും ഡൊണാൾഡ് ,പൊള്ളോക്ക് അടങ്ങുന്ന ബൗളിങ് പടയും അവിശ്വസനീയ പ്രകടനം കാഴ്ച വെക്കുന്ന ഫീൽഡർമാരും .

അതെ അവർ അമാനുഷികരായിരുന്നു .ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്നതിൻ്റെ പരമാവധി പ്രകടനത്തിലൂടെ മാത്രമേ അവരെ മറി കടക്കാൻ പറ്റുമായിരുന്നുള്ളൂ .അത്രയും മികച്ച ഒരു പ്രകടനം നടത്താൻ അന്നത്തെ കാലഘട്ടത്തിൽ ഏത് സമ്മർദ്ദ ഘട്ടത്തിലും ,എത്ര വലിയ ബാളിങ് നിരയോടും നെഞ്ചും വിരിച്ച് ഒരു കളി ഒറ്റക്ക് ജയിച്ചെടുക്കാൻ കഴിവുള്ള ഒരേയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ .അത് ട്രിനിഡാഡിൻ്റെ രാജകുമാരനായ ” ബ്രയാൻ ചാൾസ് ലാറ ” മാത്രമായിരുന്നു .

ലോകകപ്പിന് മുൻപ് തുടർച്ചയായി 5 ഏകദിന വിജയങ്ങൾ നേടി ലോകകപ്പിനെത്തിയ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ആദ്യ മാച്ചുകളിലും ജയിച്ച് പട്ടിക 10 ലെത്തിച്ചു .മറുഭാഗത്ത് വിൻസീസ് പ്രതാപകാലത്തു നിന്നും പടിയറിങ്ങി ഒടുവിൽ ചരിത്രത്തിലെ ഏറ്റവും സമയദോഷം സംഭവിച്ച സ്ഥിതിയിലും .പുനെയിൽ ടെസ്റ്റ് പദവിയില്ലാത്ത കെനിയയോട് പോലും 73 റൺസിന് തോറ്റ് അപമാനിതരായ റിച്ചി റിച്ചാർഡ് സണിൻ്റെ ടീം ആസ്ട്രേല്യക്കെതിരായ അപ്രതീക്ഷിത വിജയം കൊണ്ട് മാത്രം ക്വാർട്ടറിലെത്തി .

വിൻഡീസിന് ആരും സാധ്യത കല്പിക്കാഞ്ഞ മത്സരത്തിന് മുൻപ് ദ.ആഫ്രിക്ക പക്ഷെ വലിയ ഒരു അബദ്ധം ചെയ്തു .സ്പിന്നിൽ മുന്നിൽ വിൻഡീസ് പതറുമെന്ന് കരുതി കോച്ച് വൂൾമറും നായകൻ ക്രോണ്യെയും സ്പിന്നർ സിംകോക്സിനൊപ്പം പോൾ ആദംസിനെയും ഉൾപ്പെടുത്തുന്നതിനായി ഒരു പേസറെ തഴയാൻ തീരുമാനിക്കുന്നു. അലൻ ഡൊണാൾഡ് എന്ന ഏത് ടീമിൻ്റെയും പേടി സ്വപ്നത്തെ തഴഞ്ഞത് അന്തിമ വിശകലനത്തിൽ അവരെ തിരിഞ്ഞു കൊത്തി .പൊള്ളോക്കിനും മക്മിലനും ഒപ്പം ക്രെയ്ഗ് മാത്യൂസും പേസ് പട നയിച്ചു .

ചന്ദർപോളിനൊപ്പം ഓപ്പണിങ് ഇറങ്ങിയ കോട്‌നി ബ്രൗൺ പൊള്ളോക്കിനെയും മാത്യൂസിനെയും കടന്നാക്രമിച്ചപ്പോൾ അപ്രതീക്ഷിതമായി സ്കോർ ബോർഡിൽ റണ്ണൊഴുകി.18 പന്തിൽ 26 റൺസടിച്ച് പുറത്തായ ബ്രൗൺ ലാറ ക്രീസിലെത്തുമ്പോഴേക്കും സ്കോർ 6 ഓവറിൽ 42 ലെത്തിച്ചിരുന്നു .

ഉറപ്പിച്ച റണ്ണൗട്ടിൽ നിന്നും രക്ഷപ്പെട്ട് ഇന്നിങ്സ് തുടങ്ങിയ ലാറ ആദ്യം ശ്രദ്ധയോടെ തുടങ്ങി പിന്നീട് റണ്ണൊഴുക്കാൻ തുടങ്ങി .പേസർമാരെ സ്ഥിരം ശൈലിയിൽ മികച്ചു കളിച്ചതോടൊപ്പം സ്പിന്നർമാരായ സിംകോക്സിനെയും ആദംസിനെയും സ്ക്വയർ കട്ടും പാഡിൽ സ്വീപ്പും ചെയ്ത് റൺ മെല്ലെ മെല്ലെ ഉയർത്തി. 28 മം ഓവറിൽ സിംകോക്സിനെ 22 റൺസിന് ശിക്ഷിച്ച് ലാറ ഇന്നിങ്ങ്സ് വേഗത കൂട്ടി .56 റൺസെടുത്ത ചന്ദർപോൾ പുറത്താകുമ്പോൾ ഇരുവരും 148 പന്തിൽ 138 റൺ കുട്ടുകെട്ട് സൃഷ്ടിച്ചിരുന്നു .45 പന്തിൽ 50 തികച്ച ലാറയ്ക്ക് സെഞ്ചുറിയിലെത്താൻ വേണ്ടി വന്നത് വെറും 83 പന്തുകൾ .അതിനിടെ 16 ഫോറുകളും .

കറാച്ചിയിലെ മൈതാനത്തെ ത്രസിപ്പിച്ച ലാറയുടെ അന്നത്തെ ഇന്നിങ്സിനെ വിശേഷിപ്പിക്കാൻ കമൻ്റേറ്റർമാർ വാക്കുകൾ കിട്ടാതെ വലഞ്ഞു .അത്രയും മനോഹരമായ ഇന്നിങ്ങ്സ് .പ്രത്യേകിച്ച് മത്സരത്തിൻ്റെ പ്രാധാന്യവും നിലവാരമുള്ള ബാളിങും വെച്ച് നോക്കുമ്പോൾ .ലാറയുടെ ആ ഇന്നിങ്സ് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച പ്രകടനങ്ങളിലൊന്നായി ക്രിക്കറ്റ് പ്രേമികൾ വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു .

അന്നത്തെ മാച്ചിനു മുൻപ് വിൻഡീസ് നായകൻ റിച്ചി റിച്ചാർഡ്സണിനോട് താൻ പാഡു കെട്ടുമ്പോൾ ലാറ പറഞ്ഞത് അന്ന് താൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും എന്നായിരുന്നു .ലാറയുടെ ആദ്യ ബൗണ്ടറി കണ്ടപ്പോൾ തന്നെ സെഞ്ചുറി നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് റിച്ചി മാച്ചിന് ശേഷം പറഞ്ഞിരുന്നു .

ഒടുവിൽ 94 പന്തിൽ നിന്നും 118 പ്രഹര ശേഷിയുമായി ലാറ ഏവരുടേയും മനം കവർന്ന് പുറത്തായി .പിന്നീട് കാണികൾ കണ്ടത് സ്ഥിരം കാഴ്ചയായ ചീട്ടുകൊട്ടാരമായിരുന്നു .ഒടുവിൽ ജിമ്മി ആദംസും ബിഷപ്പു ചേർന്ന് 300 ന് കടക്കുമെന്ന് കരുതിയ സ്കോർ ഒടുവിൽ 264/8 എന്ന നിലയിലെങ്കിലും എത്തിച്ചു .ആ സാഹചര്യത്തിൽ തരക്കേടില്ലാത്ത സ്കോർ .

2 സ്പിന്നർമാരിൽ പ്രതീക്ഷ അർപ്പിച്ച ക്രോണ്യേയെ നിരാശരാക്കി 18 ഓവറിൽ ഇരുവരും 109 റൺ വഴങ്ങി .കിട്ടിയതാകട്ടെ 4 വിക്കറ്റുകൾ മാത്രവും .അവസാന ഓവർ എറിഞ്ഞ പോൾ ആദംസ് വഴങ്ങിയത് 16 റൺസായിരുന്നു .

ഓപ്പണർ ആൻഡ്രൂ ഹഡ്സണും 2 മനായി ഇറങ്ങിയ കള്ളിനനും അർധ സെഞ്ചുറികൾ നേടിയപ്പോ ആഫ്രിക്ക എളുപ്പം ജയിക്കുമെന്ന് തോന്നിച്ചു .എന്നാൽ ആംബ്രോസ്, വാൽഷ് ,ബിഷപ്പ് ത്രയങ്ങൾ തകർത്തെറിയുകയും പിച്ച് സ്പിന്നിന് അനുകൂലമായതോടെ ഹാർപ്പറും ജിമ്മിആദംസും ആർതർടണും പന്തെറിയാനും തുടങ്ങിയതോടെ ദക്ഷിണാഫ്രിക്ക ആടിയുലഞ്ഞു .സിംകോക്സും പൊള്ളോക്കും ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്ക 19 റൺസിന് തോറ്റ് ലോകകപ്പിലെ മറ്റൊരു ദുരന്തത്തിന് കുടി ഇരയായി .

“The difference was Lara ” മത്സരശേഷം കണ്ണീരടക്കാൻ പാടു പെട്ട് ക്രോണ്യ പറഞ്ഞു .

ഒരു വലിയ ദുരന്തത്തിനു ശേഷം ലാറയുടെ ചിറകിൽ ഫിനിക്സ് പക്ഷിയെ പോലെ കുതിച്ച വെസ്റ്റ് ഇൻഡീസ് സെമിയിലും ജയം ഉറപ്പിച്ചതായിരുന്നു .എന്നാൽ അവസാനത്തെ 9 ഓവറിൽ 8 വിക്കറ്റുകൾ ശേഷിക്കെ വെറും 43 റൺ വേണ്ടിയിരിക്കെ ഒടുവിൽ 5 റൺസിന് തോറ്റപ്പോൾ അവസാനിച്ചത് ലാറയുടെ സ്വപ്നങ്ങളായിരുന്നു .എല്ലാവരും രണ്ടാം സെമിയിൽ ഇന്ത്യ തോറ്റപ്പോൾ സച്ചിൻ്റെ നഷ്ടസ്വപ്നത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ലാറയെ മറന്നു .

അന്ന് ഒരു പക്ഷെ ഫൈനലിൽ കടന്നിരുന്നുവെങ്കിൽ ശ്രീലങ്കയോട് ഫൈനലിൽ ഏറ്റുമുട്ടി ജയിച്ചിരുന്നെങ്കിൽ 400 ഉം 500 ഉം റൺസുകൾ അടിച്ചു കൂട്ടി ക്രിക്കറ്റിലെ ചക്രവർത്തിയായ ലാറയ്ക്ക് അർഹിച്ച ഒരു ലോക കിരീടം കിട്ടിയേനെ .എന്നാൽ മറ്റു പല കാര്യങ്ങളിലും പറയുന്നതു പോലെ “അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെയായേനെ ” എന്ന വാക്കുകൾക്ക് ക്രിക്കറ്റിലും തീരെ പ്രസക്തി ഇല്ലാത്തതു കൊണ്ട് തന്നെ ആ ചർച്ചയിൽ കാര്യവുമില്ല .

1996 മാർച്ച് 11 ന് കറാച്ചിയിൽ ലാറ പ്രദർശിപ്പിച്ച അതു പോലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് .അത് സംഭവിച്ചത് നിർഭാഗ്യവാൻമാരിലെ നിർഭാഗ്യമാരായ ദക്ഷിണാഫ്രിക്കയോട് ആയതിൽ മാത്രമേ ക്രിക്കറ്റ് പ്രേമികൾക്ക് നിരാശയുണ്ടായിരുന്നുള്ളൂ.

Leave a comment