Cricket Cricket-International legends Renji Trophy Top News

ബുധി കുന്ദരൻ – വാഴ്ത്തപ്പെടാതെ പോയ പ്രതിഭ

June 1, 2020

author:

ബുധി കുന്ദരൻ – വാഴ്ത്തപ്പെടാതെ പോയ പ്രതിഭ

ഇന്ത്യക്കു വേണ്ടി ടെസ്റ്റിൽ ഓപ്പണിങ്ങ് ബാറ്റ്സ്മാനായും ഓപ്പണിങ്ങ് ബൗളറായും കളിച്ച ബുധി കുന്ദരൻ എന്ന ക്രിക്കറ്റ് താരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?

കർണാടകയിലെ ഒരു കുഗ്രാമത്തിൽ 1939 ഒക്ടോബർ 2 നാണ് ബുധിസാഗർ കൃഷ്ണപ്പ കുന്ദരം ജനിച്ചത്. സ്കൂളിൽ ചേർത്തിയതോടെ പേര് പരിഷ്കരിച്ച് ബുധി കുന്ദരൻ എന്നാക്കി. കൂട്ടുകാരുടെ കൂടെ തമാശക്ക് കണ്ടം ക്രിക്കറ്റ് കളിച്ച് തുടങ്ങിയ കുന്ദരൻ കോച്ചിങ്ങൊന്നും ലഭിക്കാതെ തന്നെ പ്രതിഭ തെളിയിച്ചു. വോൾട്ടാസ് കമ്പനിയിലെ ഗുമസ്തനായിരുന്ന പിതാവിന് കുന്ദരൻ ക്രിക്കറ്റ് കളിച്ച് നടക്കുന്നത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിൻ്റെ പേരിൽ ഒരു പാട് അടിയും പാവം കുന്ദരൻ വാങ്ങിച്ചു കൂട്ടി. സ്കൂൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ ധരിക്കാൻ ജേഴ്സിയില്ലാതെ വിഷമിച്ചു നിന്ന കുന്ദരന് അമ്മ ഭർത്താവിൻ്റെ ഒരു പഴയ ഡ്രസ്സെടുത്ത് മാറ്റം വരുത്തി പാകപ്പെടുത്തി കൊടുത്തു. ആ കളിയിൽ 219 റൺസ് അടിച്ചു കൂട്ടിയ കുന്ദരൻ്റെ ഫോട്ടോ പിറ്റേ ദിവസത്തെ പത്രത്തിൽ കണ്ട് അച്ഛൻ അത്ഭുതപ്പെട്ടു പോയി.

അച്ഛൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ബോംബെയിലേക്ക് തട്ടകം മാറ്റിയ കുന്ദരൻ ക്ലബ് ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറായി മാറി. മികച്ച ആത്മവിശ്വാസവും കരുത്തും സ്ഥിരതയും ഇഴചേർത്ത പ്രകടനങ്ങളിലൂടെ സെലക്ടർമാരുടെ ശ്രദ്ധയാകർഷിച്ച ആ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ഇരുപതാം വയസിൽ തന്നെ ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചു.

പ്രശസ്തരായ താരങ്ങൾക്കു മാത്രമായിരുന്നു അക്കാലത്ത് BCCI ഹോട്ടലിൽ താമസ സൗകര്യം നൽകിയിരുന്നത്. അല്ലാത്തവർ സ്വന്തം ചെലവിൽ എവിടെയെങ്കിലും താമസിക്കണമായിരുന്നു. പട്ടിണിയും പരിവട്ടവും കൂടപ്പിറപ്പായ കുന്ദരൻ ബോംബെ ജിംഗാനയുടെ പരിസര പ്രദേശത്ത് ചൂടും കൊതുകുകടിയും സഹിച്ച് താമസിച്ചാണ് ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങിയത്. 148 ഓവറുകൾ വിക്കറ്റ് കീപ്പ് ചെയ്ത കുന്ദരന് രണ്ടാം ഇന്നിംഗ്സിൽ വൺ ഡൗണായി ബാറ്റിംഗിനവസരം ലഭിച്ചെങ്കിലും 3 റൺസെടുത്ത് നിൽക്കേ ഹിറ്റ് വിക്കറ്റായി മടങ്ങേണ്ടി വന്നു. തൻ്റെ ആദ്യ ടെസ്റ്റിൽ കീപ്പിങ്ങ് ഗ്ലൗസ്, ബാറ്റ്, പാഡ് എന്തിനേറെ പറയുന്നു തൊപ്പി വരെ പലരോടായി കടം വാങ്ങിയിട്ടാണ് കുന്ദരൻ കളിക്കാനിറങ്ങിയത്.

ഓസ്ട്രേലിയക്കെതിരായആ സീരീസിലെ രണ്ടാമത്തെ ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ കുന്ദരൻ 12 ബൗണ്ടറിയടക്കം 71 റൺസ് അടിച്ചു കൂട്ടിയെങ്കിലും റിച്ചി ബെനാഡിൻ്റെയും അലൻ ഡേവിഡ്സണിൻ്റെയും മാരക ബൗളിങ്ങിൽ ഇന്ത്യ 149 റൺസിന് ഓൾ ഔട്ടായി.
ഇന്ത്യക്കു വേണ്ടി 3 ടെസ്റ്റുകൾ കളിച്ച ശേഷമാണ് കുന്ദരൻ രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. റയിൽവേസിനു വേണ്ടി ജമ്മു കാഷ്മീരിനെതിരെ അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം 205 റൺസ് അടിച്ചു.

1963-64 ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നവാബ് പട്ടൗഡിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. പരമ്പരയിലെ 5 ടെസ്റ്റിലും ടോസ് നേടിയ ആതിഥേയനായകൻ എന്ന ബഹുമതി അദ്ദേഹത്തിന് സ്വന്തമായി. ഈ സീരീസിലെ മദ്രാസ് ടെസ്റ്റിൽ 192 റൺസ് നേടിയ കുന്ദരൻ സെഞ്ചുറി നേടുന്ന പ്രഥമ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആയി. ഏറെക്കാലം ഇന്ത്യൻ വിക്കറ്റ് കീപ്പർ നേടുന്ന ഉയർന്ന സ്കോറായി റിക്കോർഡ് ബുക്കിൽ നിലനിന്ന ഇത് പിന്നീട് 2013 ൽ മഹേന്ദ്ര സിംഗ് ധോണി മറികടന്നു.

പ്രസ്തുത പരമ്പരയിൽ നാലാം ടെസ്റ്റിൽ സെഞ്ചുറിയും അഞ്ചാം ടെസ്റ്റിൽ അർധ സെഞ്ചുറിയും നേടിയ കുന്ദരൻ പരമ്പരയിൽ മൊത്തം 525 റൺസ് വാരിക്കൂട്ടി.

ഇംഗ്ലണ്ട് പര്യടനത്തിൽ ലോഡ്സിൽ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്തിയ കുന്ദരൻ എട്ടാമതായി പുറത്താകും മുമ്പ് 47 റൺസ് നേടി. ഇന്ത്യ വെറും 110 റൺസിന് ഓൾ ഔട്ടായി എന്നതോർക്കുമ്പോഴാണ് കുന്ദരൻ നേടിയ റൺസിൻ്റെ മൂല്യം ഉയരുന്നത്.

ടി പരമ്പരയിൽ എജ് ബാസ്റ്റണിൽ നടന്ന അഞ്ചാമത്തെ ടെസ്റ്റിൽ ബേദി, ചന്ദ്രശേഖർ, പ്രസന്ന, വെങ്കട്ടരാമൻ എന്നീ ചതുർ സ്പിന്നർമാരെ കുത്തി നിറച്ച് കളിക്കാനിറങ്ങിയ ഇന്ത്യൻ ഇലവനിൽ പേരിനു പോലും ഫാസ്റ്റ് ബൗളിങ്ങ് അറിയാവുന്ന ആരുമുണ്ടായിരുന്നില്ല. വേറെ വഴിയില്ലാതെ ക്യാപ്റ്റൻ പട്ടൗഡി കുന്ദരന് ബോൾ കൈമാറിയിട്ട് ബൗളിങ്ങ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെട്ടു. തനിക്ക് ഫാസ്റ്റ് ബൗളിങ്ങ് ചെയ്തു ശീലമില്ലെന്ന് പറഞ്ഞൊഴിയാൻ കുന്ദരൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബൗളിങ്ങ് ഓപ്പൺ ചെയ്ത കുന്ദരന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 4 ഓവറിൽ 13 റൺസേ വഴങ്ങിയുള്ളു. ജെഫ്രീ ബോയ്ക്കോട്ടും കോളിൻ മിൽബേണും ആയിരുന്നു കുന്ദരനെ നേരിട്ട ഇംഗ്ലണ്ടിൻ്റെ ഓപ്പണർമാർ! അതേ മാച്ചിൽ രണ്ടാം ഇന്നിംഗ്സിൽ ഓപ്പണറായി ഇറങ്ങിയ കുന്ദരൻ 33 റൺസ് അടിച്ച ശേഷമാണ് ഔട്ടായത്.

പിന്നീട് സെലക്ടർമാരുടെ ഗ്രൂപ്പ് കളിയിലും നിരന്തര അവഗണനയിലും മനം മടുത്ത ബുധി കുന്ദരൻ ഇംഗ്ലണ്ട് പരമ്പരക്കിടെ ഒരു ഹോട്ടലിൽ വെച്ച് പരിചയപ്പെട്ട ലിൻഡ എന്ന റിസപ്ഷനിസ്റ്റിനെ വിവാഹം കഴിച്ച് ഗ്ലാസ്ഗോയിലേക്ക് താമസം മാറ്റി. സ്കോട്ടിഷ് ലീഗിൽ Drumpellier ടീമിനു വേണ്ടി 1995 വരെ മികച്ച ഫോമിൽ കളിച്ച അദ്ദേഹം അൻപത്തിയാറാം വയസിലാണ് വിരമിച്ചത്.

2006 ജൂൺ 23 ന് ബുധി കുന്ദരൻ ഇഹലോകവാസം വെടിഞ്ഞു. ജീവിച്ചിരുന്ന കാലത്ത് അവഗണിച്ചതിൽ കുറ്റബോധം തോന്നിയിട്ടാകണം 2018 ൽ BCCI ക്രിക്കറ്റിൽ മികച്ച സംഭാവന നൽകിയ ഇതിഹാസ താരങ്ങളിൽ ഉൾപ്പെടുത്തി ബുധി കുന്ദരന് മരണാനന്തര ബഹുമതി നൽകി ആദരിക്കുകയുണ്ടായി.

✍️ ഷാനവാസ് ബാലുശ്ശേരി
Leave a comment