ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടി സോഫിയ കെനിൻ
റഷ്യയിൽ പിറന്ന അമേരിക്കൻ പെൺകുട്ടി സോഫിയ കെനിൻ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീട ജേതാവായി. രണ്ടുമണിക്കൂർ നീണ്ട ഫെെനലിൽ സ്പാനിഷ് താരം ഗാർബീൻ മുഗുരുസയെയാണ് സോഫിയ കീഴടക്കിയത്.
സോഫിയ കെനിന്റെ കന്നി ഗ്രാന്റ്സ്ലാം നേട്ടമാണിത്. ആദ്യസെറ്റ് നഷ്ടമായിട്ടും പൊരുതിക്കയറിയ ഈ ഇരുപത്തൊന്നുകാരി 4–6, 6–2, 6–3 എന്ന നിലയിലാണ് വിജയിച്ചത്.
12 വർഷത്തിനിടെ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സോഫിയ.
ആദ്യസെറ്റിൽ പരിചയസമ്പത്ത് പുറത്തെടുത്ത മുഗുരുസ ക്ഷീണിക്കാതെ സെറ്റ് നേടി. എന്നാൽ, രണ്ടാംസെറ്റിൽ ശക്തമായ റിട്ടേണുകളും ഷോട്ടുകളും പായിച്ച് കെനിൻ കളം നിറഞ്ഞു.

അമേരിക്കയുടെ കൗമാര വിസ്മയം പതിനഞ്ചുകാരി കോകോ ഗൗഫിനെ നാലാം റൗണ്ടിൽ കീഴടക്കിയ കെനിൻ സെമിയിൽ ഒന്നാം റാങ്കുകാരി ആഷ്‌ലി ബാർടിയെ അട്ടിമറിക്കുകയായിരുന്നു. ആറാം വയസ്സു മുതൽ ടെന്നീസ് കളിച്ചു തുടങ്ങിയ കെനിൻ പന്ത്രണ്ടാം വയസ്സിൽ ടൂർണമെന്റുകളിൽ സാന്നിധ്യമറിയിച്ചു. പതിനാലാം വയസ്സിലാണ് പ്രഫഷണൽ ടെന്നീസ് അരങ്ങേറ്റം.






































