Cricket Editorial Top News

യുവതാരങ്ങളിൽ വിശ്വസിച്ചു ടീം ഇന്ത്യ

January 26, 2020

author:

യുവതാരങ്ങളിൽ വിശ്വസിച്ചു ടീം ഇന്ത്യ

ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടി ട്വന്റി മത്സരം ആരംഭിക്കാൻ ഇനിയധികം സമയമില്ല. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിട്ടുനില്കുന്നുണ്ടെങ്കിലും മത്സരം ഇപ്പോഴും കഠിനമാണ്. ചെറിയ മൈതാനവും ഇരുവശത്തുമുള്ള മികച്ച ബാറ്സ്മാന്മാരുടെ സാന്നിധ്യവും പരമ്പരയെ ഏറെ ആവേശകരമാക്കുകയാണ്.

ഒന്നാം ടി ട്വൻറി മത്സരം കഴിഞ്ഞപ്പോൾ തന്നെ ബൗളർമാർക്ക് അത്ര മികച്ചതായിരിക്കില്ല ഈ ടി ട്വൻറി സീരീസ് എന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇരുവശത്തും അണിനിരന്ന ലോക നിലവാരത്തിലുള്ള എല്ലാ ബൗളർമാരും കണക്കിന് തല്ലുവാങ്ങി. പക്ഷേ അവിടെയും നിർണായകമായത് ജസ്പ്രീത് ബുംറയായിരുന്നു. ന്യൂസിലാൻഡ് ഇന്നിങ്സിന്റെ തുടക്കത്തിലും ഡെത്ത് ഓവറിലും അയാളെറിഞ്ഞ നാലോവറുകൾ തന്നെയായിരുന്നു മത്സരത്തിൽ നിർണായകമായത്.

നിശ്ചിത ഇരുപതോവറിൽ ഇരുനൂറ്റിമൂന്ന എന്ന് സ്കോർ തീർച്ചയായും മികച്ചതായിരുന്നു. പക്ഷേ ഇത്രയേറെ മികച്ച ബാറ്റിങ് നിരയുള്ള ഇന്ത്യൻ സംഘത്തിനെതിരെ ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം അവർ പ്രതീക്ഷിച്ചതിലും ഇരുപതു റൺസ് എങ്കിലും കുറവായിരുന്നു. അതിനു കാരണം ബുംറയുടെ നാലോവറുകൾ തന്നെയായിരുന്നു. ആ നാലോവറുകളിൽ അയാൾ വഴങ്ങിയത് വെറും രണ്ടു ബൗണ്ടറികൾ മാത്രമായിരുന്നു. ഇന്നത്തെ മത്സരത്തിലും ബൌളിംഗ് ഡിപ്പാർട്മെന്റിൽ ഇന്ത്യ ഉറ്റുനോക്കുക ബുമ്രയുടെ പ്രകടനമായിരിക്കും.

ഏതു സാഹചര്യത്തിലും ഒരു ടി ട്വൻറി മത്സരത്തിൽ ഇരുനൂറിനു മുകളിലുള്ള വിജയലക്ഷ്യം പ്രയാസമേറിയതാണ്. ഒരു കളിക്കാരൻ മാത്രം ശ്രമിച്ചാൽ ഒരു പക്ഷേ ആ ലക്ഷ്യം കൈവരിക്കാൻ സാധിച്ചെന്നു വരില്ല.
മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന നായകൻ വിരാട് കോഹ്ലിയും ലോകേഷ് രാഹുലും കൃത്യമായ ഇടവേളകളിൽ പുറത്തായതോടെ ഇന്ത്യ പരാജയം മണ്തിരുന്നു. പക്ഷേ മധ്യനിരയിൽ മികച്ചൊരു പ്രകടനവുമായി ശ്രേയസ് അയ്യർ ആ ചിന്തകളെ അകറ്റി നിർത്തി. വിക്കറ്റുകൾ വീണപ്പോൾ റൺ നിരക്കിലുണ്ടായ കുറവിൽ ഒട്ടും പരിഭ്രമിക്കാതെ മനീഷ് പാണ്ഡെയോടൊപ്പം അയാൾ ടീമിനെ ലക്ഷ്യത്തോടടുപ്പിച്ചു. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളിലൂടെ ശ്രേയസ് ടീമിന്റെ വിജയം ഉറപ്പാക്കി.

തീർച്ചയായും ഒന്നാം മത്സരത്തിലെ വിജയം ഇന്ത്യയുടെ യുവനിരയ്ക്ക് അവകാശപെട്ടതാണ്. പരമ്പരയിൽ നിർണായക ലീഡ് നേടാനായി ഇന്നിറങ്ങുന്ന ടീം ഇന്ത്യ ഉറ്റുനോക്കുന്നതും ഈ യുവതാരങ്ങളുടെ പ്രകടനങ്ങളിലാകും.

Leave a comment