Foot Ball Stories Top News

ഗോൾഡൻ ബോയ് അവാർഡ് – പരിചയപ്പെടാം ഭാവി വാഗ്ദാനങ്ങളെ

October 17, 2019

ഗോൾഡൻ ബോയ് അവാർഡ് – പരിചയപ്പെടാം ഭാവി വാഗ്ദാനങ്ങളെ

യൂറോപ്പിലെ മികച്ച യുവ കളിക്കാരെ ആദരിക്കുന്ന ഗോൾഡൻ ബോയ് അവാർഡിനുള്ള അവസാന 20 അംഗ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇറ്റാലിയൻ പ്രസിദ്ധികരണമായ ട്യൂട്ടോസ്‌പോർട് ആണ് ഈ ബഹുമതിക്ക് അർഹരായ താരങ്ങളെ കണ്ടെത്തുന്നത്.

20. റോഡ്രിഗോ

റയൽ മാഡ്രിഡിന്റെ ഭാവി വാഗ്ദാനം എന്ന് കരുതുന്ന ബ്രസീലുകാരനായ റോഡ്രിഗോ. 40 മില്യൺ യൂറോ കൊടുത്താണ് സിദാൻ ഇദ്ദേഹത്തെ സ്വന്തമാക്കിയത്. മാഡ്രിഡിന് വേണ്ടി കളത്തിൽ ഇറങ്ങി 93 സെക്കന്റിനകം ഗോൾ നേടുകയും ചെയ്തു ഈ 18 വയസ്സ് കാരൻ. പക്ഷെ റയലിന് വേണ്ടി സ്ഥിരം സാന്നിധ്യമാകാൻ താരത്തിന് ഇനിയും നന്നായി അധ്വാനിക്കേണ്ടി വരും.

19. വിനിഷ്യ്‌സ് ജൂനിയർ

ഈ പട്ടികയിൽ ഇടം നേടിയ റയൽ മാഡ്രിഡിന്റെ തന്റെ മറ്റൊരു ബ്രസീലുകാരൻ താരമാണ് വിനിഷ്യ്‌സ്. കഴിഞ്ഞ വർഷം മാഡ്രിഡിൽ എത്തിയ താരം റൊണാൾഡോയുടെ ദീർഖകാല പകരക്കാരനായിട്ടാണ് ക്ലബ് കണക്കാക്കുന്നത്. തന്റെ പ്രതിഭയുടെ വിളിച്ചോതുന്ന പല സുന്ദര നിമിഷങ്ങളും ആ കാലിൽ നിന്ന് വന്നെങ്കിലും വർഷം കുറഞ്ഞത് 30 ഗോൾ എങ്കിലും നേടുന്ന താരമായി അദ്ദേഹം മാറേണ്ടതുണ്ട്.

18. ആൻസു ഫാത്തി


മെസ്സിക്ക് ശേഷം ലാ മെസ്സിയ അക്കാദമി പുറത്തു കൊണ്ടുവന്ന അത്ഭുതം എന്നാണ് ഫാത്തി ഇപ്പളെ അറിയപ്പെടുന്നത്. ബാഴ്സക്ക് വേണ്ടി ല ലീഗയിൽ ബൂട്ട് കെട്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി ഫാത്തി മാറിയിരുന്നു. ചാമ്പ്യൻസ് ലീഗിൽ വരെ ബാഴ്സ കളത്തിൽ ഇറക്കിയ താരത്തിന് വെറും 16 വയസ്സാണ് പ്രായം. ഈ സീസണിൽ മാത്രം 6 ഗോളുകൾ നേടാൻ ഇത് വരെ താരത്തിന് സാധിച്ചിട്ടുണ്ട്.

17. അൽഫോൻസോ ഡേവീസ്

ബയേൺ മ്യൂണിക്കിന്റെ വെറും 18 വയസ്സ് മാത്രം പ്രായമുള്ള താരമാണ് ഡേവിസ്. ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ ഈ കാനഡക്കാരൻ താരത്തിന് പലപ്പോഴും കഴിയാറിലെങ്കിലും മറ്റൊരു ആര്യൻ റോബ്ബനെ നമ്മുക്ക് പ്രതീക്ഷിക്കാം. മറ്റേതൊരു ബയേൺ താരത്തെക്കാളും ഏറ്റവും അധികം ഡ്രിബിൽ ഈ സീസണിൽ ഇത് വരെ പൂർത്തീകരിച്ച കളിക്കാരനാണ് ഡേവീസ്.

16. ഡേവൻ ജോവെലീച്

അപ്രതീക്ഷിതമായി പട്ടികയിൽ ഇടം നേടിയ സാന്നിധ്യമാണ് ജോവെലീച്. സെർബിയൻ താരമായ ഇദ്ദേഹം ജർമനിയിലെ എയ്‌ന്റര്ച ഫ്രാങ്ക്ഫർട്ടിന്റെ കളിക്കാരനാണ്. കഴിഞ്ഞ വർഷം സെർബിയൻ ലീഗിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനായ് 14 ഗോളുകൾ നേടിയ പ്രകടനമാണ് അദ്ദേഹത്തെ ജർമനിയിൽ എത്തിച്ചത്.

15. ലീ കാങ് ഇൻ

ഫിഫയുടെ അണ്ടർ 20 ലോക കപ്പിലെ മിന്നും താരമായിരുന്നു ലീ കാങ്. സ്പാനിഷ് ക്ലബായ വാലെൻസിയയുടെ കളിക്കാരനാണ് അദ്ദേഹം ഇപ്പോൾ. വാൽസിയ നിരയിൽ സ്ഥിരം സാന്നിധ്യമല്ലെങ്കിലും പ്രതീക്ഷക്ക് വക നൽകുന്ന പ്രകടനം തന്നെയാണ് ഈ 18 വയസ്സ് മാത്രം പ്രായമുള്ള കൊറിയക്കാരന്റേത്.

14. ആൻഡ്രി ലൂനിൻ

അണ്ടർ 20 ലോക കപ്പിലുടെ ശ്രദ്ധയാകർഷിച്ച മറ്റൊരു പ്രതിഭയാണ് ലൂനിൻ. ജേതാക്കളായ ഉക്രൈനിന്റെ വല കാത്തതു ലൂനിൻ ആയിരുന്നു. ടൂർണമെന്റിലെ ഗോൾഡൻ ഗ്ലോവ് അവാർഡും താരത്തിനായിരുന്നു. റയൽ സ്വന്തമാക്കിയ താരം ഇപ്പോൾ ലെഗേന്നിസിൽ ലോണിൽ ആണ്.

13. ഫിൽ ഫോഡൻ

പെപ് ഗാർഡിയോളയുടെ പ്രശംസ പിടിച്ചു പറ്റുന്നത് അത്ര ചെറിയ കാര്യമല്ല. ഫോഡനെ മെസ്സിയെക്കാളും പ്രതിഭ ഉള്ള കളിക്കാരൻ എന്നാണ് പക്ഷെ പെപ് വിശേഷിപ്പിച്ചത്. മധ്യനിരയിൽ ഡേവിഡ് സിൽവയുടെ പകരക്കാരനായി പെപ് വളർത്തി കൊണ്ട് വരുന്നുണ്ട് അദ്ദേഹത്തെ. പക്ഷെ സിൽവയുടെ നിലവാരത്തിൽ എത്താൻ ഈ കൗമാരക്കാരന് ഇനിയും ധാരാളം സഞ്ചരിക്കേണ്ടി ഇരിക്കുന്നു.

12. മോയ്സെ കീൻ

യുവന്റസിൽ കഴിഞ്ഞ സീസൺ അവസാനത്തോട് കൂടി കീൻ കാഴ്ച വെച്ച വിസ്മയം അധികമാരും മറക്കാൻ സാധ്യത ഇല്ല. മാർച്ച് തൊട്ട് ഏപ്രിൽ വരെ നടന്ന 6 കളികളിൽ 6 ഗോളുകൾ അടിച്ചാണ് കീൻ തന്റെ വരവറിയിച്ചത്. ഇതേ കാലയളവിൽ ഇറ്റലിക്ക് വേണ്ടി മൂന്ന് ഗോളുകളും ഈ 18 വയസ്സ് കാരൻ സ്വന്തമാക്കിയിരുന്നു. കൂടുതൽ അവസരങ്ങൾക്കായി ഈ സീസണിൽ ഇംഗ്ലീഷ് ക്ലബായ എവെർട്ടണിൽ കളിയ്ക്കാൻ അദ്ദേഹം തീരുമാനിക്കുക ആയിരുന്നു. പ്രീമിയർ ലീഗിൽ പക്ഷെ ഇത് വരെ തന്റെ സാന്നിധ്യം അറിയിക്കാൻ ഈ ഇറ്റലിക്കാരന് സാധിച്ചിട്ടില്ല.

11. ഫെറാൻ ടോറസ്.

വേഗത ഏറിയ ഒരു തികഞ്ഞ റൈറ്റ് വിങ് കളിക്കാരനാണ് ടോറസ്. വാലെൻസിയയുടെ താരമായ ഇദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരിക്കുന്നു. ഈ വർഷം നടന്ന അണ്ടർ 19 യൂറോപ്യൻ ചാംപ്യൻഷിപ് ഫൈനലിൽ സ്പെയിനിനു വേണ്ടി രണ്ടു ഗോളുകൾ ഫൈനലിൽ അടിച്ചു അവർക്ക് കിരീടം നേടി കൊടുത്ത താരമാണ് ടോറസ്. വാലെൻസിയയുടെ ആദ്യ പതിനൊന്നിലെ സ്ഥിരം സാന്നിധ്യമാകാൻ വെറും 19 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് സാധിച്ചിരിക്കുന്നു.

10. നിക്കോളോ സനിയോളോ

എ.സ്.റോമാ വളരെ അധികം വർഷങ്ങൾക്ക് ശേഷം പുറത്തു എടുത്ത ഒരു മാണിക്യമാണ് സനിയോളോ. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച യുവ കളിക്കാരൻ എന്ന പദവി സനിയോളോയെ തേടി വന്നിരുന്നു. നൈൻഗോളാൻ 2018 -19 സീസണിൽ പാതി വഴിയിൽ വെച്ച് ക്ലബ് വിട്ട് പോയപ്പോൾ, ആ കുറവ് അറിയിക്കാതെ മധ്യനിരയിൽ ഒഴുകി നടന്ന സാന്നിധ്യമാണ് സനിയോളോ. ഈ പ്രകടനം അദ്ദേഹത്തിന് ഇറ്റാലിയൻ അന്താരാഷ്ട്ര ടീമിലേക്കുള്ള വാതിലും തുറന്ന് കൊടുത്തിരുന്നു.

9. മേസൺ മൌണ്ട്


അടുത്ത ലാംപാഡ്‌ എന്ന് ചെൽസി ആരധകർ വാഴ്ത്തുന്ന പ്രതിഭയാണ് മൌണ്ട്. വൻ തുകക്ക് ക്ലബ് വാങ്ങിയ ക്രിസ്റ്റ്യൻ പുലിസിച്ചിനെ ബെഞ്ചിൽ ഇരുത്തുന്ന പ്രകടനമാണ് ഈ 20കാരന്റേത്. ഇംഗ്ലണ്ടിന്റെ തന്നെ ടാമി അബ്രഹാമുമായി സ്വപ്ന കൂട്ടുകെട്ടാണ് ഇദ്ദേഹം ക്ലബ് തലത്തിൽ ഒരുക്കുന്നത്. ഈ സീസണിൽ ഇത് വരെ നാല് ഗോളുകൾ നേടിയ മൌണ്ട്, 17 ചാന്സുകളും 11 അസിസ്റ്റുകളും തന്റെ പേരിൽ ചേർത്തിരിക്കുന്നു.

8. ജിയാൻലൂഗി ഡോണറുമ്മാ

2017 മുതൽ എ.സി മിലാന്റെ വല കാക്കുന്നത് വെറും 20 വയസ്സ് മാത്രം പ്രായമുള്ള ഡോണറുമ്മാ ആണ്. ക്ലബ്ബിനും രാജ്യത്തിനുമായി 200 മത്സരങ്ങൾ അദ്ദേഹം കളിച്ചു കഴിഞ്ഞിരിക്കുന്നു. 2019 സീസണിൽ ഇത് വരെ ഉള്ള പ്രകടനം നോക്കിയാൽ, ഡോണറുമ്മാ ഒരു പടി മുന്നിൽ നിൽക്കും. 77.91 % ആണ് അദ്ദേഹത്തിന്റെ സേവ് പെർസെന്റജ്.

7. മത്തേയാസ് ഡി ലിറ്റ്

19 വയസ്സ് മാത്രം പ്രാമിന്നിത്തിളങ്ങിയ യമുള്ളപ്പോൾ അയാക്സ് ടീമിന്റെ നായകനാവുകയും അവരെ ഡച്ച് ചാമ്പ്യന്മാരാക്കുകയും ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ വരെ എത്തിക്കുകയും ചെയ്ത പ്രതിഭയാണ് ഡി ലിറ്റ്. അന്താരാഷ്ട്ര മേഖലയിലും നെതെർലാൻഡ്‌ ടീമിന്റെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഇപ്പോൾ ഇറ്റാലിയൻ ക്ലബായ യുവന്റസിൽ കളിക്കുന്നു. 2019 സീസണിൽ തുടരെ തുടരെ തെറ്റുകൾ സംഭവിക്കുന്നത് താരത്തിന്റെ ആൽമവിശ്വാസത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.

6. ഡോണിൽ മലെൻ


സെർജിയോ ഗാനാർബിയെ പോലെ ആഴ്‌സണൽ ഒഴിവാക്കിയതിന് ശേഷം പ്രതിഭയാണ് മലെൻ. ഡച്ച് ക്ലബായ പി.സ്.വി. ഐന്തോവന്റെ താരമായ അദ്ദേഹം ഈ സീസണിൽ മാത്രം 16 ഗോളുകളാണ് സ്വന്തം പേരിൽ ചേർത്ത്. നെതെർലാൻഡ്സിനു വേണ്ടി അരങ്ങേറ്റ മത്സരത്തിലും ഈ താരം ഗോൾ നേടി ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

5. കൈ ഹാവേർട്സ്.

മറ്റൊരു ടോണി ക്രൂസായി ജർമനിയിൽ നിന്ന് വളർന്ന വരുന്ന പ്രതിഭയാണ് ഹാവേർട്സ്. ബയേർ ലെവർക്കുസണിന്റെ സ്ഥിരം സാന്നിധ്യമാണ് വെറും 20 വയസ്സ് മാത്രം പ്രായമുള്ള ഇദ്ദേഹം. ജർമനിക്ക് വേണ്ടിയും ഇതിനോടകം അദ്ദേഹം ബൂട്ട് കെട്ടി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സീസണിൽ 20 ഗോളുകൾ നേടിയ ഈ മധ്യനിരക്കാരൻ ഈ സീസണിൽ ഇത് വരെ നാല് തവണയും വല ചലിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

4. മാറ്റിയോ ഗൻഡൂസി

ഗൻഡൂസിയെ ആഴ്‌സണൽ ക്യാപ്റ്റൻ ആകണമെന്നുള്ള മുറ വിളി ഇപ്പളെ ആരാധകരുടെ ഇടയിൽ ഉണ്ട്. അത്ര മനോഹരമായ ഒരു മധ്യനിരക്കാരനായി ഈ 20 വയസ്സ് മാത്രം പ്രായമുള്ള ഫ്രഞ്ച്കാരൻ മാറി കഴിഞ്ഞിരിക്കുന്നു. ആഴ്‌സണൽ ടീമിലെ ഏക സ്ഥിരം സാന്നിധ്യം എന്ന് വേണമെങ്കിലും ഗൻഡൂസിയെ വിശേഷിപ്പിക്കാം. ഫ്രാൻസ് ടീമിലും അദ്ദേഹം സ്ഥിരം സാന്നിധ്യമായി സാക്ഷാൽ പോൾ പോഗ്ബയെ ബെഞ്ചിൽ ഇരുത്തിയാൽ അത്ഭുതപെടാനില്ല.

3 ഏർലിങ് ഹാലാൻഡ്


ഗോളടി മികവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വെല്ലാൻ പ്രാപ്തിയുള്ള പ്രതിഭയാണ് ഹാലാൻഡ്. നോർവെയുടെ താരമായ ഇദ്ദേഹം ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിന് വേണ്ടിയാണ് ക്ലബ് തലത്തിൽ ബൂട്ട് കെട്ടുന്നത്. ക്ലബ്ബിനായി ഈ വർഷം മാത്രം ഹാലാൻഡ് അടിച്ചു കൂട്ടിയത് 10 ഗോളുകളാണ്. അണ്ടർ 20 ലോക കപ്പിൽ 11 കളികളിൽ നിന്നായി അദ്ദേഹം 18 ഗോളുകൾ നേടി റെക്കോർഡ് ഇട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഇംഗ്ലണ്ടിൽ കൊണ്ട് വരൻ സാധ്യത ഉണ്ട്.

2. ജാവോ ഫെലിക്സ്

ഏറ്റവും സുന്ദരമായ ഫുട്ബോൾ കാഴ്ച വെക്കുന്ന യുവ പ്രതിഭ എന്ന പട്ടം ഫെലിക്സിന് തന്നെ കൊടുക്കേണ്ടി വരും. അത്ര അനായാസമാണ് അദ്ദേഹം ഗ്രൗണ്ടിൽ കളിച്ചു നടക്കുന്നത്. ഗ്രീസ്മാൻ പോയ വിടവ് അദ്ദേഹം അത്ലറ്റികോ മാഡ്രിഡിൽ നികത്തി കഴിഞ്ഞിരിക്കുന്നു. ഡിയാഗോ കോസ്റ്റയുമായി കൂർമതയേറിയ ഒരു കൂട്ട് കെട്ടാണ് ഈ 19 വയസ്സ്കാരൻ ഒരുക്കുന്നത്. നേഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിലെ നിർണായക സാന്നിധ്യവുമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

1. ജേഡൻ സാഞ്ചോ


ഇവരിൽ ഏറ്റവും പ്രൊഡക്ടിവ് ആയ യുവ താരം സാഞ്ചോ തന്നെയാണ്. ഒരു പക്ഷെ എംബപ്പേ കഴിഞ്ഞാൽ ഇത്രയധികം കഴിവ് തെളിയിച്ച യുവ താരം വേറെ കാണില്ല. ബൊറൂസിയ ഡോട്മണ്ടിനായ് ബൂട്ട് കെട്ടുന്ന ഈ ഇംഗ്ലീഷ് താരം കഴിഞ്ഞ സീസണിൽ 13 ഗോളുകളും 19 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഇത് വരെ നേടിയതും [5] സാഞ്ചോ തന്നെ. ഭാവിയിൽ റയൽ മാഡ്രിഡിലോ ബാഴ്സയിലോ താരത്തെ കണ്ടാൽ അത്ഭുതപ്പെടാനില്ല.

Leave a comment