Cricket Editorial

യശസ്വി ജയ്‌സ്വാൾ; മുള്ളുകളിൽ വിടർന്ന റോസാപ്പൂ

October 16, 2019

author:

യശസ്വി ജയ്‌സ്വാൾ; മുള്ളുകളിൽ വിടർന്ന റോസാപ്പൂ

റോസാപ്പൂ കണ്ടിട്ടില്ലേ ?, “യശസ്വി ജൈസ്വാളും” അതുപോലൊരു റോസാപ്പൂവാണ്. പക്ഷേ ഒരു പ്രത്യേകത, യശസ്വിയുടെ ജീവിതം വിടരുന്നത് മുള്ളുകളുള്ള തണ്ടിന്റെ അഗ്രത്തല്ല, പകരം മുള്ളുകളിൽ ചവിട്ടിയാണ്. കഠിനമായ പ്രതിബന്ധങ്ങളോടു ഈ കൊച്ചു പ്രായത്തിൽ തന്നെ പൊരുതേണ്ടി വന്ന യശസ്വിയുടെ കഥ…

ഉത്തർപ്രദേശിലെ ബഹോദി ഗ്രാമത്തിൽ ഒരു സാധാരണക്കാരന്റെ രണ്ടു മക്കളിൽ ഇളയവനായി ജനിച്ച യശസ്വിയുടെ ബാല്യം അത്ര മധുരമുള്ളതായിരുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപെടുന്ന അച്ഛനു തന്റെ ക്രിക്കറ്റ് പരിശീലനം ഒരു ഭാരമാണെന്നു മനസ്സിലാക്കിയ യശസ്വി പതിനൊന്നാം വയസ്സിൽ അച്ഛന്റെ അനുവാദത്തോടെ മുംബൈക്ക് വണ്ടി കയറി. അവിടെ മുസ്ലിം ക്രിക്കറ്റ് ക്ലബ്ബിൽ മാനേജരായി ജോലി നോക്കുന്ന തന്റെ അമ്മാവൻ ആയിരുന്നു അവന്റെ ലക്ഷ്യം. പക്ഷേ അമ്മാവന്റെ ചെറിയ ഫ്ലാറ്റ് ഒരു അന്തേവാസിയെക്കൂടി ഉൾകൊള്ളാൻ മാത്രം വിശാലമായിരുന്നില്ല. അങ്ങനെ അദ്ദേഹം കൽബാദേവിക്കടുത്തുള്ള ഒരു ഗോശാലയിൽ അവനു താത്ക്കാലിക താമസം ഏർപ്പാടാക്കി.

പ്രൊഫഷണൽ ക്രിക്കറ്റിന്റെ ലോകത്തേക്ക് പിച്ചവച്ചു തുടങ്ങിയ ആ ബാലനെ പക്ഷേ വിധി വീണ്ടും പരീക്ഷിക്കുകയായിരുന്നു. ദിവസം മുഴുവൻ നീണ്ട കഠിനമായ പരിശീലനത്തിനു ശേഷം ക്ഷീണിതനായി ഗോശാലയിലെത്തുന്ന അവൻ വളരെ പെട്ടന്നു തന്നെ ഉറങ്ങിപ്പോകും. അതുകൊണ്ടു തന്നെ അവനു ഗോശാലയിലെ ജീവനക്കാരെ ജോലിയിൽ സഹായിക്കാനും മറ്റും കഴിഞ്ഞിരുന്നില്ല. ഒരുദിവസം പരിശീലനം കഴിഞ്ഞു വന്ന യശസ്വി കണ്ടത് പുറത്തു വലിച്ചെറിഞ്ഞ നിലയിൽ കിടക്കുന്ന തന്റെ ബാഗും സാധനങ്ങളുമാണ്.

സാധനങ്ങളും വാരിക്കൂട്ടി യശസ്വി വീണ്ടും അമ്മാവനരികിലെത്തി. ഗത്യന്തരമില്ലാതെ അദ്ദേഹം അവനെ ക്ലബ്ബിലെ ജോലിക്കാർ താമസിക്കുന്ന ടെന്റിൽ താമസിപ്പിക്കാൻ തീരുമാനിച്ചു. തന്നെക്കാൾ വയസ്സിൽ ഏറെ മുതിർന്ന ജോലിക്കാരോടൊപ്പം അവൻ വൈദ്യുതിസൗകര്യം പോലുമില്ലാത്ത ആ ടെന്റിൽ താമസിച്ചു പരിശീലനം തുടർന്നു.

പരീക്ഷണങ്ങൾ യശസ്വിയുടെ ജീവിതത്തിൽ തുടരുകയായിരുന്നു. പരിശീലനം ഏറെക്കുറെ സൗജന്യമായിരുന്നെങ്കിലും ഭക്ഷണത്തിനും മറ്റുമുള്ള തുക വേറെ കണ്ടെത്തേണ്ടിയിരിക്കുന്നു. അച്ഛൻ നാട്ടിൽ നിന്നും വല്ലപ്പോഴും അയച്ചു തരുന്ന തുച്ഛമായ തുക ഒന്നിനും തികയുമായിരുന്നില്ല. വഴിയരികിലെ ടാപ്പിൽ നിന്നും കുടിക്കുന്ന വെള്ളമായിരുന്നു കളിക്കുമ്പോൾ അവന്റെ എനർജി ഡ്രിങ്ക്. കഠിനമായ പരിശീലനത്തിനു ശേഷം മിക്കവാറും ദിവസങ്ങളിൽ അവനു വെറും വയറോടെ ഉറങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഭക്ഷണത്തിനായി അവനു മറ്റു കുട്ടികളോടു യാചിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഇതിനൊന്നും അവനിലെ പോരാളിയെ തളർത്തുവാനാകുമായിരുന്നില്ല, പാനി പൂരിയുമായി അവൻ വൈകുന്നേരങ്ങളിൽ മുംബൈ തെരുവിലേക്കിറങ്ങി. പാനി പൂരി വിറ്റുകിട്ടുന്ന തുച്ഛമായ തുക അവൻ വളരെ സൂക്ഷിച്ചു ഉപയോഗിച്ചു. മാതാപിതാക്കൾക്കൊപ്പം സായാഹ്നസവാരിക്കായി വരുന്ന അവന്റെ സഹപാഠികൾക്കു മുന്നിൽ പലപ്പോഴും അവനൊരു പരിഹാസപാത്രമായി. തന്നെക്കാൾ മുതിർന്ന കുട്ടികളോടൊപ്പം അവൻ പ്രതിഫലം വാങ്ങി സോഫ്ട്‍ബോൾ ടൂർണമെന്റുകൾ കളിക്കാൻ തുടങ്ങി. മികച്ചൊരു മധ്യനിര ബാറ്സ്മാനായി അവൻ മാറി.

ക്രിക്കറ്റിനെ സ്നേഹിക്കുന്ന മുംബൈക്കാർക്കിടയിൽ യശസ്വി ഒരു സംസാരവിഷയമായി. മുസ്ലിം ക്രിക്കറ്റ് ക്ലബ്ബിലെ ടെന്റിൽ താമസിച്ചു മൂന്നു വർഷം കൊണ്ടു 49 സെഞ്ചുറികൾ അടിച്ചുകൂട്ടിയ യശസ്വിയെ കുറിച്ച് കേട്ടറിഞ്ഞ ക്രിക്കറ്റ് കോച്ച് ജ്വാല സിംഗ് അവനെ തന്റെ ശിഷ്യഗണത്തിൽ ചേർത്തു.

ഉത്തർപ്രദേശിൽ നിന്നു തന്നെ വന്നു യാതനകൾ സഹിച്ചു ക്രിക്കറ്റ് ലോകത്തു ഉയർന്നുവന്ന ജ്വാലയുടെ ശിക്ഷണത്തിൽ അവൻ ബാറ്റിങ്ങിൽ പുതിയ പാഠങ്ങൾ പഠിച്ചു. മുംബൈ ക്രിക്കറ്റ് ലോകത്തെ “next big thing” എന്നവനെ കളിയെഴുത്തുകാർ വാഴ്ത്തി. വളരെ പെട്ടന്നുതന്നെ അവൻ മുംബൈ അണ്ടർ 19 ടീമിലെ സ്ഥിരാംഗമായി.

2018 ൽ നടന്ന ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ശ്രീലങ്ക പര്യടനത്തിൽ അർജുൻ ടെൻഡുൽകർക്കൊപ്പം യശസ്വിയും അരങ്ങേറ്റം കുറിച്ചു. സീരീസ് 2-2 നു സമനിലയിൽ നിൽക്കെ നിർണായകമായ അഞ്ചാം മത്സരത്തിൽ സെഞ്ചുറി നേടി അന്താരാഷ്ട്ര ക്രിക്കറ്റിലും യശസ്വി തന്റെ വരവറിയിച്ചു. യശസ്വിയുടെ ബാറ്റിംഗ് മികവിൽ മത്സരവും പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

കോച്ചുമാരുടെ അഭിപ്രായത്തിൽ മികച്ചൊരു ബാറ്സ്മാനുണ്ടാകേണ്ട എല്ലാ ഗുണങ്ങളും യശസ്വിക്കുണ്ട്. ആദ്യം മുതൽക്കേ അടിച്ചു കളിക്കാതെ ക്രീസിൽ നിലയുറപ്പിച്ച ശേഷം കൂറ്റൻ സ്‌കോറുകൾ നേടുന്ന യശസ്വി മറ്റൊരു ഇന്ത്യൻ വൻമതിലാകുമെന്നു പറയുവാൻ പോലും അവരിൽ ചിലർ ധൈര്യപ്പെടുന്നു.

ഇവന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മർദ്ദം താങ്ങാനാകുമോയെന്നു സംശയിക്കുന്നവരോട് യശസ്വി പറയും, “സർ, മുംബൈ നഗരത്തിലെ ചൂടിൽ കൊടും വിശപ്പു സഹിച്ചു താങ്കൾ ഒരു പ്ലാസ്റ്റിക് ടെന്റിൽ അന്തിയുറങ്ങിയിട്ടുണ്ടോ ?. അതിലേറെ സമ്മർദ്ദം അന്താരാഷ്ട്ര ക്രിക്കറ്റിനുണ്ടെന്നു ഞാൻ കരുതുന്നില്ല”. ജീവിതത്തോടുള്ള സഹന സമരത്തിന്റെ കൊടുംചൂടിൽ വിരിഞ്ഞതാണീ റോസാപ്പൂ. യാതൊരു സമ്മർദ്ദത്തിന്റെ വെയിലിലും ഇവനിലെ പ്രതിഭ വാടിക്കൊഴിയില്ല. അതിന്റെ ആദ്യ തെളിവുകൾ വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയിലൂടെ ഇന്നവൻ നൽകിക്കഴിഞ്ഞു.വരും കാലങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വസന്തം തീർക്കുവാൻ ഈ പൂവിനാകട്ടെയെന്നു പ്രാർത്ഥിക്കാം.

Leave a comment

Your email address will not be published. Required fields are marked *