Editorial Foot Ball Top News

ആക്രമിച്ചു കളിയ്ക്കാൻ മറന്ന് പോയ മാഞ്ചസ്റ്റർ യുണൈറ്റഡ്

October 4, 2019

ആക്രമിച്ചു കളിയ്ക്കാൻ മറന്ന് പോയ മാഞ്ചസ്റ്റർ യുണൈറ്റഡ്

യൂറോപ്പ ലീഗ് ഗ്രൂപ്പ് തല മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കി ഡച്ച് ക്ലബായ എ.സ്.അൽകാമാർ. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ സാധിച്ചില്ല എന്ന നാണക്കേടിലാണ് ചുവന്ന ചെകുത്താന്മാർ നെതർലൻഡ്‌സ്‌ വിട്ടത്. തന്നെയുമല്ല തങ്ങളുടെ യുവ താരമായാ ജെസ്സെ ലിംഗാഡിന് പരിക്ക് സമ്മാനിച്ച മത്സരം കൂടിയായി യുണൈറ്റഡിന് ഇത്.

ഫെർഗുസണിന്റെ സിദ്ധാന്തവും ശൈലിയും ഊട്ടി ഉറപ്പിക്കാൻ കൊണ്ടുവന്ന ഒലെ ഗുണ്ണാർ സോൾഷെയർ ഈ സീസണിൽ ഇത് വരെ തികഞ്ഞ പരാജയമാണെന്ന് പറയേണ്ടി വരും. പ്രീമിയർ ലീഗിൽ 7 മത്സരങ്ങൾ പിന്നിട്ടപ്പോൾ വെറും 9 പോയിന്റുമായി അവർ പത്താം സ്ഥാനത്താണ്. ഇതിൽ എടുത്ത് പറയേണ്ടത് അവർക്ക് അകെ സ്കോർ ചെയ്യാൻ സാധിച്ചത് 9 ഗോളുകൾ മാത്രമാണെന്നാണ്.ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ 18 ഉം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി 27 ഉം ഗോളുകൾ വാരിക്കൂട്ടി എന്ന് മനസ്സിലാക്കുമ്പോൾ അതിന്റെ അന്തരംഗം മനസിലാകുന്നു.

റെക്കോർഡ് തുകക്ക് കളിക്കാരെ വാങ്ങി കൂട്ടി ട്രോഫികൾ ഉയർത്തിയ പാരമ്പര്യം ഉള്ള ഒരു ക്ലബ് അല്ല യുണൈറ്റഡ്. ആക്രമണ ഫുട്ബോൾ കൊണ്ട് എതിരാളികളുടെ പദ്ധതികളും മനോനിലയും തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച അവർക്ക് ചേരുന്ന പട്ടം തന്നെയായിരുന്നു “ചുവന്ന ചെകുത്താന്മാർ” എന്നുള്ളത്. ഫെർഗുസണിന്റെ വിടവ് നികത്താൻ കോടികൾ മുടക്കിയിട്ടും ഒഴുക്കുള്ള ആക്രമണ ഫുട്ബോൾ മാത്രം ഓൾഡ് ട്രാഫൊർഡിൽ അന്യം നിൽക്കുന്നു. ഭയമില്ലാതെ ആക്രമിക്കാൻ അവർ എപ്പളോ മറന്ന് പോയിരിക്കുന്നു. മൈതാനത്തിന്റെ ഇരു വശങ്ങളിലേക്കും വേഗതയോടെ എന്നാൽ അനായാസത്തോടെ പന്തിനെ തലങ്ങും വിലങ്ങും പായിച്ചിരുന്ന ആ പഴയ ശൈലി സോൾഷെയർക്ക് തിരിച്ചു കൊണ്ടുവരാൻ ആകുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു.

മികച്ച ഒരു സ്‌ട്രൈക്കറുടെ അഭാവം അവരെ വല്ലാതെ അലട്ടുന്നു. മാർഷിയലിന്റെ പരിക്കും റാഷ്‌ഫോർഡ് മികവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതും അവരുടെ തിരിച്ചു വരവിനു വിലങ്ങു തടിയാകുന്നു. ഗ്രീൻവുഡ്‌ ഭാവിയുള്ള സ്‌ട്രൈക്കർ ആണെങ്കിലും ഈ സീസണിൽ അത്ഭുതങ്ങൾ ചെയ്യാനുള്ള സാധ്യത കുറവാണ്. മിഡ്‌ഫീൽഡിൽ ലിംഗാഡും പോഗ്ബയും അവസരത്തിന് ഒത്തു ഉയരുന്നില്ല. ഡി ഗെയെ തുടരെ തുടരെ തെറ്റുകൾ വരുത്തുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ തന്നെ തകർക്കുന്നു. ആകെ പ്രതീക്ഷ നൽകുന്നത് ഡാനിയേൽ ജെയിംസ് മാത്രമാണ്.

സോൾഷെറിനെ മാറ്റാതെ കുറച്ചു കൂടി സമയം അനുവദിക്കുന്നതാകും ബുദ്ധി. തുടരെ തുടരെയുള്ള മാറ്റങ്ങൾ ടീമിനെ വല്ലാണ്ടങ്ങു അലട്ടിയിരിക്കുന്നു. പ്രതിരോധം ശക്തമാണ്. പക്ഷെ മധ്യനിരക്കും മുന്നേറ്റ നിരക്കുമായി ചുരുങ്ങിയത് മൂന്ന് കളിക്കാരെ കളിക്കാരെ എങ്കിലും കണ്ടെത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യത ഉണ്ട്. ഈ നിലയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ഒരു നാല് വർഷം മുമ്പത്തെ ലിവർപൂളിന്റെ ഗതി വന്നാൽ അതിശയിക്കാനില്ല. ലീഗ് ഉയർത്തുന്ന ടീമിൽ സ്ഥിരം സാന്നിധ്യമാകുന്നുള്ള മികവൊന്നും റാഷ്‌ഫോഡിന് ഇല്ല. ഒബാമയങ്ങിനെ പോലത്തെ ഒരു സ്‌ട്രൈക്കർ, ലെസ്റ്ററിന്റെ ജെയിംസ് മാഡിസനെ പോലത്തെ ഒരു മിഡ്‌ഫീൽഡർ, സ്റ്റെർലിങ്ങിനെ പോലത്തെ ഒരു വിങ്ങർ – ഇത്രയെങ്കിലും മാറ്റങ്ങൾ കൊണ്ട് വന്നില്ലെങ്കിൽ പഴയ പ്രതാപത്തിലേക്ക് ഉയരുന്ന കാര്യം ചിന്തിക്കാണ്ടിരിക്കുന്നതാകും ഔചിത്യം.

Leave a comment

Your email address will not be published. Required fields are marked *