Editorial Foot Ball Top News

മാഞ്ചസ്റ്റർ യുണൈറ്റഡ് vs ആഴ്സണൽ ; ഒരിക്കലും മായാത്ത റൈവൽറി.

September 29, 2019

author:

മാഞ്ചസ്റ്റർ യുണൈറ്റഡ് vs ആഴ്സണൽ ; ഒരിക്കലും മായാത്ത റൈവൽറി.

ഒരു കാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാറി മാറി കൈവശം വെച്ചിരുന്നവർ, പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ, അവരിന്ന ഒരിക്കൽക്കൂടി മുഖാമുഖം വരികയാണ്. ചൊവ്വാഴ്ച പരസ്പരം ഏറ്റുമുട്ടുന്ന ആഴ്സണലിനും മാഞ്ചസ്റ്റർ യൂണൈറ്റഡിനും സമാനതകൾ ഏറെയാണ്.

ഇരു ടീമുകളുടെയും ചരിത്രത്തിൽ നിന്നു തന്നെ സമാനതകൾക്കും തുടക്കമാകുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ രൂപീകരിക്കപ്പെട്ട ഇരു ടീമുകളും അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലെത്തിയത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ഫെർഗുസൻറെ യുണൈറ്റഡും വെങ്ങറുടെ ആഴ്സണലും കിരീടപ്പോരാട്ടത്തിൽ പലപ്പോഴും മുഖാമുഖം വന്നു.

പക്ഷേ ഇന്നു കഥ മാറിയിരിക്കുന്നു. ഫെർഗുസനു ശേഷം ടോപ് ഫോറിൽ ഫിനിഷ് ചെയ്യാൻ ബുദ്ധിമുട്ടുന്ന യൂണൈറ്റഡിനെയാണ് നാം കണ്ടത്. ഒരു കളി പോലും തോൽക്കാതെ ലീഗ് കിരീടം നേടിയ ചരിത്രമുള്ള ആഴ്സണലിന്റെയും സ്ഥിതി വ്യത്യസ്തമല്ല. മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ മുതലായ ടീമുകളുടെ തേരോട്ടത്തിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് ഇംഗ്ലീഷ് ഫുട്ബോളിലെ ഈ വമ്പന്മാർ.

മറ്റൊരു സുപ്രധാന സാമ്യവും ഇരു ടീമുകൾക്കുമിടയിലുണ്ട്. ഇരു ടീമുകളുടെയും പരിശീലകർക്കിത് ജീവൻമരണ പോരാട്ടമാണ്. തുടർച്ചയായ മോശം പ്രകടനങ്ങൾ ഒലെയെയും എംറിയെയും ഒരുപോലെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ആദ്യ നാലിൽ നിന്നും പുറത്തായ ഇരു ടീമുകൾക്കും ചാംപ്യൻസ് ലീഗ് യോഗ്യത നേടാനായിരുന്നില്ല. ഈ സീസണിലാകട്ടെ ഇതുവരെയും ലീഗിൽ തുടർച്ചയായ വിജയങ്ങൾ നേടാനും ഇവർക്കു കഴിഞ്ഞിട്ടില്ല. ഇരു പരിശീലകരുടെയും ഭാവി തന്നെ തുലാസിലായ സ്ഥിതിയിലാണ് ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ഓൾഡ് ട്രാഫോഡിൽ ഏറ്റുമുട്ടുന്നത്.

ആക്രമണമാണ് മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ തലവേദനയെങ്കിൽ പ്രതിരോധത്തിലെ പാകപ്പിഴകളാണ് എംറിയെ കുഴയ്ക്കുന്നത്. കഴിഞ്ഞ വർഷം ലീഗിൽ ടോപ് സ്കോററായ ഔബമേയാങ് നേതൃത്വം നൽകുന്ന ആക്രമണനിര ശക്തമാണെങ്കിലും ആഴ്‌സണൽ പ്രതിരോധനിര ഗോൾ വാങ്ങുന്നതിൽ പിശുക്കു കാട്ടാറില്ല. സീസണിൽ ഇതുവരെ പത്തു ഗോളുകൾ വഴങ്ങിക്കഴിഞ്ഞ ആഴ്‌സണൽ പ്രതിരോധം ഒട്ടും തന്നെ വിശ്വസനീയമല്ല. ഔബയെ കൂടാതെ മിഡ് ഫീൽഡർ ഗ്രാനിറ്റ് സാക്കയിലും മുന്നേറ്റനിരയിലെ പുതിയ സൈനിങ് നിക്കൊളാസ് പെപെയിലുമാകും എംറിയുടെ പ്രതീക്ഷകൾ.

കഴിഞ്ഞ സീസണിൽ സംഭവിച്ച പ്രതിരോധത്തിലെ പാളിച്ചകൾ പുതിയ സൈനിംഗുകളിലൂടെ പരിഹരിക്കാൻ സാധിച്ചെങ്കിലും മുന്നേറ്റനിര ഗോളുകൾ നേടുന്നതിൽ പരാജയപ്പെടുന്നതാണ് യുണൈറ്റഡിന്റെ പ്രധാന പോരായ്മ. വാൻ ബിസ്സാക്കയും മക്ഗ്വയറുമടങ്ങുന്ന പ്രതിരോധം ശക്തമാണെങ്കിലും നിർണായക ഗോൾ നേടുന്നതിൽ ടീം പരാജയപ്പെടുന്നു. പോഗ്ബയും രാഷ്‌ഫോർഡും മാർഷ്യലും പരിക്കിന്റെ പിടിയിലായതിനാൽ യുവതാരങ്ങളായ ഡാനിയൽ ജെയിംസിലും മേസൺ ഗ്രീൻവുഡിലുമാണ് ഒലെയുടെ പ്രതീക്ഷകൾ.

2006നു ശേഷം ഓൾഡ് ട്രാഫോഡിൽ വിജയിക്കാൻ ആഴ്സനലിനു സാധിച്ചിട്ടില്ല. ചരിത്രം തിരുത്തിക്കുറിക്കാൻ എംറിക്കും സംഘത്തിനും സാധിക്കുമോ?.

Leave a comment

Your email address will not be published. Required fields are marked *