Cricket legends Top News

ഇന്ത്യയുടെ ഒരേയൊരു ഓൾറൗണ്ടർ; ഇന്ത്യ ലോകകപ്പ് സ്വപ്നം കാണുന്നതിന് മുൻപേ അതു നേടിത്തന്ന ക്യാപ്റ്റൻ….

August 10, 2019

ഇന്ത്യയുടെ ഒരേയൊരു ഓൾറൗണ്ടർ; ഇന്ത്യ ലോകകപ്പ് സ്വപ്നം കാണുന്നതിന് മുൻപേ അതു നേടിത്തന്ന ക്യാപ്റ്റൻ….

ഒരു കാലത്ത് കപിൽ ദേവിനെ ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓൾ‌റൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു, ഇന്ത്യക്കു വേണ്ടി ഏകദിനത്തിൽ ആദ്യ സെഞ്ചുറിയും ആദ്യ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിച്ചതും ഏകദിനക്രിക്കറ്റിൽ ആദ്യമായി ഇരുനൂറ് വിക്കറ്റ് നേടിയതും കപിൽ തന്നെയായിരുന്നു.

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.

1978-79ൽ ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിലൂടെയാണ് കപിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തന്റെ ആദ്യ അർധശതകം തികച്ച കപിൽ പറത്തിയ മൂന്നു പടുകൂറ്റൻ സിക്സറുകൾ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ തകർപ്പനടികളുടെ തുടക്കമായിരുന്നു. ലോകോത്തര സ്പിന്നർമാരായ ബേദിയും പ്രസന്നയും വെങ്കിട്ടരാമനും പന്തെറിയുന്നതിനു മുൻപ് ആ പന്തിന്റെ തിളക്കം നഷ്ടപ്പെടുത്താൻ മീഡിയം പേസ് പന്തേറുകാരെ ഉപയോഗിക്കുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന് . അത് മറികടന്ന് പേസ് ബൗളിംഗിന്റെ സൗന്ദര്യവും കണിശതയും ആക്രമണാത്മകതയും സമന്വയിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ മാനങ്ങൾ നൽകിയത് കപിൽ ആയിരുന്നു. ഫീൽഡിൽ തങ്ങളുടെ അടുത്തേക്ക് മാത്രം വരുന്ന ബൗളുകൾ ഫീൽഡ് ചെയ്തിരുന്നവരെ ക്രിക്കറ്റിന്റെ ചാരുതയാർന്ന ഫീൽഡിങ് ലേക്ക് ഉയർത്തിയത് കപിൽ ആയിരുന്നു. ഇത്തരത്തിൽ ഉള്ള കഴിവുകൾ ആയിരിക്കാം ക്യാപ്റ്റനും ലോകകപ്പ് നേടിയ ക്യാപ്റ്റനും അകാൻ കപിലിലെ സഹായിച്ചത്.

ഇംഗ്ലണ്ടിൽ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോൾ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാൽ ആദ്യ മത്സരത്തിൽ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇൻ‌ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കപിലിന്റെ ചെകുത്താന്മാർ എന്നായിരുന്നു ഇംഗ്ലീ‍ഷ് മാധ്യമങ്ങൾ ഇന്ത്യൻ ടീമിനു നൽകിയ വിശേഷണം.

സുനിൽ ഗവാസ്കറും സന്ദീപ് പാട്ടീലുമടങ്ങുന്ന പേരുകേട്ട ബാറ്റിംഗ് നിര സിംബാബ് വേയുടെ ബൗളിംഗിനു മുന്നിൽ അടിയറവു പറഞ്ഞപ്പോൾ കപിൽ നേടിയ 175 റൺസ് ഇത്രയും വർഷങ്ങൾക്കു ശേഷവും ഇന്നും ലോകോത്തര ഇന്നിംഗ്സായി കണക്കാക്കപ്പെടുന്നു .ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 17 എന്ന അവസ്‌ഥയിൽ നിന്നും വാലറ്റക്കാരെ കൂട്ടുപിടിച്ചു ഓവർ അവസാനിക്കുബോൾ 16 ബൗണ്ടറികളും 6 സിക്സറുകളുമായി കപിൽ 175 നോട്ടൗട്ട്. ഇൻഡ്യ 8 വിക്കറ്റിന് 266 റൺസ് എന്ന ശക്തമായ നിലയിലും. ഫേസ് ചെയ്യുന്ന ആദ്യ ബോളുതന്നെ ക്രോസ് ബാറ്റ് വീശി ലോംഗ് ഓണിനു മുകളിലൂടെ പന്തിനെ പറപ്പിക്കുന്ന ആ മനഃസാന്നിത്യം ആകാം ഇത്തരത്തിലുള്ള ഇന്നിങ്‌സ് കളിക്കാനുള്ള അടിത്തറ.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോർഡ്സിൽ നടന്ന കലാശക്കളിയിൽ ഹാട്രിക്ക് ജേതാക്കളാകാൻ വേണ്ടി ഇറങ്ങുന്ന വെസ്റ്റിൻഡീസായിരുന്നു ഇന്ത്യയുടെ എതിരാളികൾ .ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 183 റൺസിൽ ഒതുക്കിയ വിൻഡീസ് വിജയം ഉറപ്പിച്ചായിരുന്നു ബാറ്റിങ്ങിനു ഇറങ്ങിയത് എന്നാൽ ഇന്ത്യൻ ബൗളേഴ്‌സിന്റെ മികവിൽ ആദ്യ വിക്കറ്റുകൾ വീണിട്ടും വിവിയൻ റിച്ചാർഡ്സ് തകർത്തു ബാറ്റ് ചെയ്യുംവരെ അവർ ആ വിശ്വാസം നിലനിർത്തി. പക്ഷെ മദൻ‌ലാലിന്റെ പന്തിൽ മുപ്പതു വാര പുറകിലേക്കോടി കപിൽ റിച്ചാർഡ്സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ക്രിക്കറ്റ് ലോകത്തെ മുടിചൂടാമന്നമാർ കപിലിന്റെ ചെകുത്താന്മാരുടെ മുൻപിൽ പകച്ചുപോയ ദിനം, മൊഹിന്ദർ അമർനാഥ്ൻറെ ബോളിൽ ഹോൾഡിങ് ഔട്ട് ആകുന്നതുവരെ ഇന്ത്യൻ ആരാധകർ അങ്ങനെ നിമിഷം സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല. #vimalT

ഒരു സമയത്ത് ഏകദിനത്തിലും ടെസ്റ്റിലും എറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കോർഡും കപിലിന്റെ പേരിലായിരുന്നു . ഏകദിന കരിയറിൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് 95.07 സ്ട്രൈക്ക് റേറ്റ് നിലനിർത്താൻ കഴിഞ്ഞ മറ്റൊരു ബാറ്റ്സ്മാനുണ്ടോ എന്ന് സംശയമാണ് .

സച്ചിൻ ടെണ്ടുൽക്കറും ഗാംഗൂലിയും സേവാഗുമൊക്കെ വരുന്നതിനു മുൻപുള്ള കാലത്ത് വിരസമായ ടെസ്റ്റ് മത്സരങ്ങളേയും ഒട്ടൊക്കെ ആവേശം തന്നിരുന്ന ഏകദിന മത്സരങ്ങളേയും കൂടുതൽ ആവേശമുള്ളതാക്കി മാറ്റിയതിൽ ഈ ഹരിയാനക്കാരന് വലിയ പങ്കുണ്ട് .

ഇന്ത്യക്കു കപിലിനു മുൻപോ കപിലിനു ശേഷമോ ഇതുപോലെ ഒരു കളിക്കാരനെ കിട്ടിയിട്ടില്ല. പലപ്പോഴും കപിലിനോട് ഉപമിച്ചു വരുന്നവർ ആരും തന്നെ ആ പ്രതിഭയുടെ പകുതിപോലും ആകുന്നുമില്ല ..

ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിൽ ആ റോൾ ചെയ്യാൻ ആളെ കിട്ടിയിട്ടില്ല …

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ

Leave a comment

Your email address will not be published. Required fields are marked *