Cricket legends Top News

സയീദ് അൻവർ – ചെറുപ്പ നാളിലെ പേടിസ്വപ്നം

August 5, 2019

author:

സയീദ് അൻവർ – ചെറുപ്പ നാളിലെ പേടിസ്വപ്നം

ആധുനിക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായാണ് അൻവർ വിലയിരുത്തപ്പെടുന്നത്. പാകിസ്ഥാൻ ലെജൻഡറി ബാറ്റ്‌സ്മാന്മാരായ ഇൻസമാമിനും,മിയാൻദാദിനും മുകളിൽ അൻവറിനെ പ്രതിഷ്ഠിക്കുന്നവരുണ്ട് . 90 കളിൽ ബാറ്റിങ്ങിന്റെ താളവും,അനായാസതയും ഇത്രമേൽ അനുഭവപ്പെടുത്തുന്ന വേറൊരാൾ ഉണ്ടോയെന്നത് സംശയമാണ്. ആക്രമണവും,പ്രതിരോധവും ഒരു പോലെ വഴങ്ങുന്ന ബാറ്റിംഗ് ശൈലി ആയിരുന്നു അൻവറിന്റേത് . ടെസ്റ്റിലും,ഏകദിനത്തിലും പാകിസ്താന് വേണ്ടി ഓപ്പൺ ചെയ്ത അൻവർ അനായാസം റൺസ് അടിച്ചു കൂട്ടി.

ആദ്യ ടെസ്റ്റിലെ 2 ഇന്നിങ്സിലും സംപൂജ്യനായിട്ടായിരുന്നു തുടക്കം. പക്ഷെ 3 ആം ടെസ്റ്റിൽ ന്യൂസിലന്ഡിനെതിരെ നേടിയ മനോഹരമായ സെഞ്ചുറിയോടെ അൻവർ തന്റെ വരവറിയിച്ചു. കേവലം 55 ടെസ്റ്റുകൾ മാത്രം നീണ്ട കരിയർ അവസാനിക്കുമ്പോളേക്കും പാകിസ്താന്റെ റൺ വേട്ടക്കാരിൽ ഏഴാമനായി മാറി അൻവർ . 11 സെഞ്ചുറികൾ അടിച്ച അൻവർ ,വിദേശ ഗ്രൗണ്ടുകളിലും വിജയമായിരുന്നു, പ്രത്യേകിച്ച് ഓസ്സീസിനെതിരെ. കരിയർ ശരാശരി 45 ആണെങ്കിൽ ഓസ്സീസിനെതിരെ അത് 59 ആണ്. സ്പിന്നിനെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന അൻവറിന്റേത് അസാധാരണമായ ക്ലാസിക് ശൈലി ആയിരുന്നു. 15 കൊല്ലത്തോളം നീണ്ട ക്രിക്കറ്റ് കരിയറിൽ കേവലം 55 ടെസ്റ്റ് മാത്രമേ കളിച്ചുള്ളൂ എന്നത് അത്ഭുതാവഹമാണ് .

ഏകദിനത്തിൽ കുറേക്കൂടി മിന്നുന്ന കരിയറിന് അൻവറിന്റേത് . 1997 ൽ ഇന്ത്യക്കെതിരെ നേടിയ സെഞ്ച്വറി ആണല്ലോ അദ്ദേഹത്തെക്കുറിച്ചു പറയുമ്പോ ആദ്യം ഓർമ്മ വരിക. 22 ഫോറുകളും,5 സിക്സറുകളും അടങ്ങുന്ന ഗംഭീര ഇന്നിംഗ്സ് . ദുർബലമായ ഇന്ത്യൻ നിരയെ അക്ഷരാർത്ഥത്തിൽ കശാപ്പ് ചെയ്യുകയായിരുന്നു അൻവർ. കിവീസിനെതിരെ മാഞ്ചസ്റ്ററിൽ നേടിയ 113 * റൺസിന്റെ ഇന്നിംഗ്‌സും ഓർമയിൽ നിക്കുന്നതാണ് .ഇന്ത്യ,ശ്രീലങ്ക ടീമുകൾക്കെതിരെ തുടർച്ചയായി സെഞ്ചുറികൾ അടിച്ചു കൂട്ടിയിരുന്നു അൻവർ.

ഫീൽഡിങ്ങിൽ,ഏതൊരു പാകിസ്ഥാൻ താരത്തെയും പോലെ,വലുതായൊന്നും ശോഭിക്കാൻ അൻവറിനു കഴിഞ്ഞിട്ടില്ല. 300 ഓളം രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടും,കേവലം 60 കാച്ചുകളാണ് അൻവറിന്റെ പേരിലുള്ളത്. വിട്ടു കളഞ്ഞ കാച്ചുകൾ ഒരു പക്ഷെ ഇതിന്റെ ഇരട്ടി കാണുമായിരിക്കും. 2003 ൽ ക്രിക്കറ്റിനോട് വിട പറഞ്ഞ അൻവർ പിന്നീട് ക്രിക്കറ്റ് രംഗത്തു അധികം പ്രത്യക്ഷപ്പെട്ട് കണ്ടിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *