Editorial Foot Ball Top News

അറിയുമോ ഈസ്റ്റ് ബംഗാൾ എഫ്സി എങ്ങനെ ഉണ്ടായി എന്ന്.

August 2, 2019

author:

അറിയുമോ ഈസ്റ്റ് ബംഗാൾ എഫ്സി എങ്ങനെ ഉണ്ടായി എന്ന്.

 ഈസ്റ്റ് ബംഗാൾ എഫ് സി എന്നത് കൽക്കത്തയുടെ വ്യക്തിത്വമാണ്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കൂടുതൽ കാണികൾ ഹാജർ രേഖപ്പെടുത്തിയ മത്സരം 1997 ഫെഡറേഷൻ കപ്പ് സെമിഫൈനൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിൽ ഉള്ളതായിരുന്നു എന്ന് എത്രപേർക്കറിയാം. അന്ന് ഹാജരായ ഒന്നരലക്ഷത്തോളം കാണികൾ പറയും കൽക്കത്ത ഫുട്ബോൾ എന്താണെന്ന്. അതിൽതന്നെ ഈസ്റ്റ് ബംഗാൾ എന്താണെന്ന് വിശേഷാൽ പറയേണ്ടതില്ല. റെഡ് ആൻഡ് ഗോൾഡ് ബ്രിഗേഡ് എന്ന് കാണികൾ ആവേശത്തോടെ വിളിക്കുന്ന ടീമിൽ കളിച്ചിട്ടില്ലാത്ത ഇന്ത്യൻ പ്രമുഖർ ഇല്ല. അതിൽ ഐ എം വിജയൻ ജോപോൾ അഞ്ചേരി ബൈച്ചുങ് ബൂട്ടിയ എന്നിവരും സുനിൽ ഛേത്രി വരെയും പെടും. കൽക്കട്ട ഫുട്ബോൾ ലീഗ് 39 പ്രാവശ്യവും ഐഎഫ്എ ഷീൽഡ് 28 പ്രാവശ്യവും നേടിയ ടീമിന് ഇന്ത്യയിലെ ഏറ്റവും ചരിത്രമുള്ള ടീം എന്ന് വിളിച്ചാൽ തെറ്റില്ല.
 എന്നാൽ അധികം ആർക്കും അറിയില്ല ഒരു വംശീയത ആണ് ഈ ക്ലബ്ബിൻറെ പിറവിക്ക് പിന്നിൽ എന്ന്. സംഗതി നടക്കുന്നത് 1970 ജൂലൈ 28ആം തീയതിയാണ്. അന്ന്  കൂച്ച്ബിഹാർ കപ്പിനായി മോഹൻബഗാനും എതിരെ പോരാടാൻ നിന്ന് ജോറഭഗാൻ ടീമിൽനിന്ന് സ്റ്റാർ ഡിഫൻഡർ ശൈലേഷ് ബോസിനെ ഒഴിവാക്കി. അസാധാരണവും ഞെട്ടലുളവാക്കുന്നതുമായ തീരുമാനത്തിന് കാരണം അന്വേഷിച്ചിറങ്ങിയ ജോറഭഗാൻ ക്ലബ് ഭാരവാഹി സുരേഷ് ചന്ദ്ര ചൗധരിക്ക് തൃപ്തികരമായ ഒരു മറുപടി കിട്ടിയില്ല. അതിൻറെ പേരിൽ നടന്ന വാക്കു തർക്കത്തിനിടയിൽ ആരുടെയൊക്കെയോ വായിൽനിന്ന് ആ കാരണം അറിയാതെ പുറന്തള്ളപ്പെട്ടു. ശൈലേഷ് ബോസിൻറെ പൂർവ്വ ബംഗാൾ  അഥവാ ഈസ്റ്റ് ബംഗാൾ  പൈതൃകമാണ് കാരണം. ക്രുദ്ധനായ സുരേഷ് ചന്ദ്ര ചൗധരി ആ കൂട്ടത്തിൽ നിന്ന് ഇറങ്ങിപ്പോയി, പിന്നാലെ ശൈലേഷ് ബോസും. ഈ അനീതിക്കെതിരെ എങ്ങനെ പോരാടാം എന്ന് ചൗധരിയുടെ ചിന്തയിൽനിന്ന് ഉദിച്ചതാണ് പുതിയ ക്ലബ്ബ് എന്ന ആശയം. സുരേഷ് ചന്ദ്ര ചൗധരിയെ സഹായിക്കാൻ സാക്ഷാൽ രാജ മന്മഥ നാഥ് ചൗധരി (അന്നത്തെ സന്തോഷിന്റെ മഹാരാജാവ്, പിൽക്കാലത്ത് ഇദ്ദേഹത്തിൻറെ പേരിലാണ് സന്തോഷ് ട്രോഫി അറിയപ്പെട്ടത്) കൂടെ നിന്നു. മറ്റു അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ വെറും മൂന്നു ദിവസം കൊണ്ട് സുരേഷ് ചന്ദ്ര ചൗധരി പുതിയ ക്ലബ് ഉണ്ടാക്കി. അങ്ങനെ 1920 ഓഗസ്റ്റ് 1ന് കൊൽക്കത്തയുടെ തിലകക്കുറി ആയ ആ ക്ലബ്ബ് പിറവിയെടുത്തു. പൂർവ്വ ബംഗാളികളുടെ അഭിമാനത്തിൽ ഇറങ്ങിയ ക്ലബ്ബിന് മറ്റൊരു പേര് വരുമായിരുന്നോ… !!!
ഈ കൊല്ലം ഈസ്റ്റ് ബംഗാൾ എഫ്സി അവരുടെ നൂറാം വാർഷികം ആഘോഷിക്കുകയാണ്. ISLന്റെ വളർച്ചയും യൂറോപ്യൻ ഫുട്ബോളിനോടുള്ള അഭിനിവേശവും ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത ക്ലബ്ബുകളുടെ നട്ടെല്ലിൽ ക്ഷതം ഏൽപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യയിൽ ഫുട്ബോൾ നിലനിൽക്കുന്നിടത്തോളം ദ ഗ്രേറ്റ് കൽക്കട്ട ഡർബിയുടെ ഓർമ്മകളും അതിലൂടെ ഈസ്റ്റ് ബംഗാൾ ഓർമ്മിക്കപ്പെടും
Leave a comment

Your email address will not be published. Required fields are marked *