പ്രീസീസൺ : മഞ്ചസ്റ്റർ യുണൈറ്റഡിന് ഇൻറർ മിലാന് എതിരെ വിജയം. (1-0)
മഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ പ്രതാപം തുടരുന്നു. തുടർച്ചയായി മൂന്നാം മത്സരത്തിലും അവർക്ക് വിജയം. സിംഗപ്പൂരിൽ നടന്ന മത്സരത്തിൽ എതിരാളികൾ ഇറ്റാലിയൻ വമ്പന്മാർ ഇന്റർ മിലാൻ ആയിരുന്നു. Score (1-0). കൗമാര അത്ഭുതമായ മേസൺ ഗ്രീൻവുഡ് തുടർച്ചയായി രണ്ടാം മത്സരത്തിൽ ഫോമിലേക്ക് ഉയർന്നപ്പോൾ ഇൻററിന് എതിരെ യുണൈറ്റഡ് ഒരു ഗോളിന് വിജയിച്ചു.
ഈ സീസണിൽ തൻറെ ടീം ഏത് എന്ന് തീരുമാനിക്കാൻ തൻറെ കീഴിലുള്ള എല്ലാ താരങ്ങൾക്കും അവസരം കൊടുത്തു പരീക്ഷിക്കുന്ന ഒലെ ഗുണ്ണർ സോൾസ്ജർക്ക് ഇരട്ടി പണിയാക്കുന്ന വിധത്തിലാണ് യുണൈറ്റഡ് താരങ്ങളുടെ മികവ്. വെറ്ററൻ താരങ്ങൾ മാത്രമല്ല അക്കാദമിയിൽ നിന്ന് വന്ന കൗമാര താരങ്ങളും തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ തിമിർത്തു ഉപയോഗിക്കുന്നു. രണ്ടാംപകുതിയിൽ ആൻറണി മാർഷിയാലിന് പകരക്കാരനായി ഇറങ്ങിയ മേസൺ ഗ്രീൻവുഡ് എഴുപത്തിയാറാം മിനിറ്റിൽ ആണ് ഗോൾ നേടിയത്.
സ്റ്റാറ്റിസ്റ്റിക്സിൽ യുണൈറ്റഡ് ഇൻററിനെ ഇന്ന് ബഹുദൂരം പിന്നിലാക്കുന്നു. 21 ടോട്ടൽ ഷോർട്ട്സിൽ നിന്ന് എട്ടു ഷോട്ട് ഓൺ ടാർഗറ്റ് യുണൈറ്റഡ് കുറിച്ചപ്പോൾ വെറും എട്ട് ടോട്ടൽ ഷോർട്ട്സിൽ നിന്ന് ഒന്നുമാത്രമാണ് ഇൻറർ യുണൈറ്റഡ് പോസ്റ്റിലേക്ക് തൊടുത്തത്. യുണൈറ്റഡിന്റെ 2 ഷോട്ടുകൾ ബാറിൽ തട്ടി മടങ്ങുകയും ചെയ്തു. ഭാഗ്യം തുണച്ചിരുന്നെങ്കിൽ യുണൈറ്റഡ് ആധികാരികമായി വിജയിച്ചേനെ.
ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് ഒരു പരിധിവരെ മറുപടി കൊടുത്തുകൊണ്ട് ഡേവിഡ് ഡി ഗെ യുണൈറ്റഡിനായി വല കാക്കാൻ ഇറങ്ങി. പരിക്ക് മാറി ലൂക്ക് ഷോയും ആദ്യ ഇലവനിൽ ഇടം പിടിച്ചു. ഡാനിയൽ ജെയിംസ്, അന്തോണി മാർഷ്യൽ, മാർക്കസ് റാഷ്ഫോർഡ് എന്നിവർ അവരുടെ മികവ് കാട്ടിയപ്പോൾ പോൾ പോഗ്ബയും നെമഞ്ജെ മാറ്റിച്ചും പ്ലേ മേക്കിംഗ് നന്നായി ആസ്വദിച്ചു. ആൻഡ്രസ് പെരേര, തഹീത് ചോങ് എന്നിവർ യുണൈറ്റഡിനായി പെനാൽറ്റി സമ്പാദിക്കേണ്ടതായിരുന്നു, ജെസ്സി ലിൻഗാർഡ് ഒരു ഓപ്പൺ ഗോളും. ആകെമൊത്തം യുണൈറ്റഡ് പ്ലെയേഴ്സ് ഗ്രൗണ്ടിൽ ആർമാദിക്കുക തന്നെ ആയിരുന്നു.
ഇൻറർ പരിശീലകനായി അരങ്ങേറിയ സൂപ്പർ കോച്ച് ആൻറണിയോ കോണ്ടേക്ക് അത്ര ദഹിക്കുന്നതല്ല ഈ പരാജയം. ഏറ്റവും രസകരമായ വസ്തുത എന്തെന്നാൽ ഇൻറർ നോട്ടമിട്ടിരുന്ന റൊമേലു ലുക്കാക്കുവിന് പകരക്കാരനായി യുണൈറ്റഡിൽ വളർന്നുവരുന്ന താരമാണ് മേസൺ ഗ്രീൻവുഡ്. 76 മില്യൺ പൗണ്ടിന് യുണൈറ്റഡ് സ്വന്തമാക്കിയ ലുക്കാക്കുവിനായി ഇൻറർ 54 മില്യൺ പൗണ്ടിന്റെ അപ്രായോഗികമായ ഒരു ബിഡ് നടത്തി കഴിഞ്ഞതേയുള്ളൂ. ഗ്രീൻവുഡിന്റെ ഫോം ഈ നിലയ്ക്കാണ് പോകുന്നതെങ്കിൽ നഷ്ടം സഹിച്ചും യുണൈറ്റഡ് ലുക്കാക്കുവിനെ വിൽക്കാൻ സാധ്യതയുണ്ട്.