Editorial Foot Ball

അരയും തലയും മുറുക്കി യുവന്റസ്

July 20, 2019

author:

അരയും തലയും മുറുക്കി യുവന്റസ്

യുവന്റസിന്റെ എതിരാളികളില്ലാതെയുള്ള കുതിപ്പിനാണ് കുറച്ചുകാലമായി ഇറ്റാലിയൻ ലീഗ് സാക്ഷ്യം വഹിക്കുന്നത്. ലീഗിലെ തങ്ങളുടെ തുടർച്ചയായ എട്ടാം കിരീടമാണ് 2018-19 സീസണിൽ അവർ സ്വന്തമാക്കിയത്. പക്ഷേ യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ അതല്ല സ്ഥിതി. 1995- 96 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അയാക്സിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞശേഷം പിന്നീടിതുവരെ യൂറോപ്പിന്റെ ചാംപ്യന്മാരാകാൻ ഈ ഇറ്റാലിയൻ ശക്തികൾക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറച്ചു കാലമായി യുവെ മാനേജ്മെന്റ് ലക്ഷ്യമിടുന്നതും അതു തന്നെയാണ്. 2011ൽ നാട്ടുകാരനായ അന്റോണിയോ കൊണ്ടേയെ മാനേജരാക്കി തുടങ്ങിയ ആ ശ്രമം ഇന്നെത്തി നില്കുന്നത് മറ്റൊരു ഇറ്റാലിയൻ പരിശീലകനായ മൗറിസിയോ സരിയിലാണ്.

യൂറോപ്പിന്റെ ചാംപ്യൻ പട്ടം സ്വന്തമാക്കാനുള്ള യുവന്റസിന്റെ ശ്രമങ്ങൾ ഏറ്റവും ശക്തി പ്രാപിച്ചത് കഴിഞ്ഞ സീസണിലായിരുന്നെന്നു നിസംശയം പറയാൻ സാധിക്കും. സീസൺ തുടക്കത്തിൽ ലോകഫുട്ബോളിനെ തന്നെ ഞെട്ടിച്ച ട്രാൻസ്ഫറിലൂടെ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചപ്പോൾത്തന്നെ ലീഗ് കിരീടം ടൂറിനിലേക്കെത്തുമെന്നു പലരും പ്രവചിച്ചിരുന്നു. പക്ഷേ ക്വാർട്ടറിൽ അയാക്സിനോടു തോറ്റു പുറത്താവാനായിരുന്നു റോണോയുടെയും സംഘത്തിന്റെയും വിധി.

ഇത്തവണ പക്ഷേ യുവന്റസ് തീരുമാനിച്ചുറപ്പിച്ച മട്ടാണ് !!,
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ നേരിട്ട പരാജയത്തിനുശേഷം കോച്ച് അല്ലെഗ്രിയോടു വിട പറഞ്ഞ യുവന്റസ് പകരമെത്തിച്ചത് കഴിഞ്ഞ സീസണിൽ ചെൽസിയെ യൂറോപ്പ ചാംപ്യൻമാരാക്കിയ മൗറിസിയോ സരിയെയാണ്. ലോകഫുട്ബോളിൽ നിലവിലെ മികച്ച ടാക്ടീഷ്യൻമാരിൽ ഒരാളായ സരിയുടെ കീഴിൽ ടീം ഒരുങ്ങിക്കഴിഞ്ഞു.

പരിചയസമ്പന്നനായ നായകൻ ചെല്ലിനിക്കൊപ്പം മുൻ അയാക്സ് നായകൻ മത്തിയാസ് ഡി ലിറ്റും ചേരുന്നതോടെ യുവെ പ്രതിരോധം കാരിരുമ്പോളം ദൃഡമായിരിക്കുന്നു. സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുടെ പ്രതീക്ഷകൾ തകിടം മറിച്ചാണ് യുവന്റസ് ഡി ലിറ്റിനെ സ്വന്തമാക്കിയത്. കൂടെ ബൊനുച്ചിയും പെല്ലെഗ്രീനിയും ചേരുന്നതോടെ യുവെ പ്രതിരോധം ഭേദിക്കുവാൻ എതിരാളികൾ നന്നേ വിഷമിക്കുമെന്നുറപ്പ്.

ക്രിസ്ത്യാനോ റൊണാൾഡോയും പൗളോ ദിബാലയും നേതൃത്വം നൽകുന്ന മുന്നേറ്റനിരയെപ്പറ്റി വിമർശകർക്കുപോലും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. ലോണിൽ ചെൽസിയിൽ കളിച്ചിരുന്ന ഹിഗ്വയിനും ഈ സീസണിൽ യുവന്റസ് നിരയിൽ മടങ്ങിയെത്തിയിരിക്കുന്നു !!. സരിയോടൊപ്പം ചേരുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹിഗ്വയിന്റെ സാന്നിധ്യം യുവെ ആക്രമണനിരയെ കൂടുതൽ ശക്തമാക്കുന്നു. ഇറ്റാലിയൻ ദേശീയ ടീമിനു വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായ മൊയീസ് കീനിന്റെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്.

ജർമനിയുടെ ലോകകപ്പ് ജേതാവ് സമി ഖദീരയും പുതുതായി ചേർന്ന ആരോൺ രാംസെയും റാബിയോടും ഫ്രാൻസിന്റെ മറ്റുദിയും ചേരുന്ന മിഡ് ഫീൽഡ് ഏറ്റവും മികച്ചതല്ലെങ്കിലും സുസജ്ജ്മാണ്. സരിയുടെ തന്ത്രങ്ങളിൽ മിഡ് ഫീൽഡിനെ സഹായിക്കാൻ റൊണാൾഡോയെ ഫാൾസ് നയൻ ആയി ഇറക്കിയാലും അദ്‌ഭുതപെടേണ്ടതില്ല.

യുവത്വവും പരിചയസമ്പത്തും ഇഴചേർന്നൊരു യുവന്റസ് ടീമിനെയാണ് ഇത്തവണ സരി അവതരിപ്പിക്കുന്നത്. ഒന്നാം നമ്പർ ഗോൾ കീപ്പർ ഷെസീനിക്കൊപ്പം കഴിഞ്ഞ സീസണിൽ പാരീസ് സെന്റ് ജർമനിലേക്കുപോയ തങ്ങളുടെ പ്രിയ താരം ബഫനെ തിരികെയെത്തിച്ചതിലൂടെ യുവന്റസ് ലക്ഷ്യം വയ്ക്കുന്നതും ആ പരിചയസമ്പത്തുതന്നെ. ഏറെക്കാലമായി ടൂറിൻ നഗരം കാത്തിരിക്കുന്ന ആ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തോടെ അലയൻസ് അരീനയിൽ തങ്ങളുടെ ഏറ്റവും വിശ്വസ്ഥനായ കാവൽകാരന് യാത്രാമൊഴിയേകാൻ ഓരോ യുവന്റസ് ആരാധകനും ആഗ്രഹിക്കുന്നുണ്ടാകാം. ആ ആഗ്രഹം സാധിക്കുവാൻ സരിക്കും സംഘത്തിനുമാകുമോ?, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഒരിക്കൽക്കൂടി റൊണാൾഡോയെ തേടിയെത്തുമോ?. ഫുട്ബോൾ ലോകം ഉറ്റുനോക്കുകയാണ്.

Leave a comment