ആർസെനൽ ട്രാൻസ്ഫർ ന്യൂസ് : 3 ശുഭസൂചനകൾ
സമ്മർ ട്രാൻസ്ഫർ 2019 അവസാനിക്കാൻ വെറും 22ദിവസം മാത്രം ബാക്കി നിൽക്കേ ഗണ്ണേഴ്സ് ആരാധകർ കടുത്ത അമർഷത്തിലാണ്. ബ്രസീലിയൻ ടീനേജ് താരം മാർട്ടിനെല്ലിയുടെ സൈനിങ് മാത്രമാണ് ടീം ഇതുവരെ നടത്തിയത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം നടത്തിയ ടീമിൽ കാര്യമായ അഴിച്ചുപണികൾ ഇല്ലാതെ ട്രാൻസ്ഫർ മാർക്കറ്റിൽ മെല്ലെപ്പോക്ക് നയം തുടരുന്ന ടീം മാനേജ്മെന്റിനെതിരെ പോയ ദിനങ്ങളിൽ #WecareDoyou എന്ന ഹാഷ്ടാഗിൽ വൻ പ്രതിഷേധമാണുയർന്നത്. ഏതായാലും കഴിഞ്ഞ ദിവസത്തെ 3 സംഭവവികാസങ്ങൾ ആർസെനൽ ആരാധകർക്ക് ശുഭസൂചന നൽകുന്നവയാണ്.
1.ജോഷ് ക്രൊയേങ്കയുടെ തുറന്ന കത്ത്
വ്യാപകമായ ആരാധക രോഷത്തിനൊടുവിൽ ടീം ഓണർ സ്റ്റാൻ ക്രൊയേങ്കയുടെ മകൻ ജോഷ് ആര്സെനലിനോടുള്ള തങ്ങളുടെ ആരാധനയും ഉത്തരവാദിത്തവും ഏറ്റുപറഞ്ഞുകൊണ്ടുള്ള ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. ട്രാൻസ്ഫർ മാർക്കറ്റ് അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കവേ വലിയ അത്ഭുതങ്ങൾ ഒന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ലെങ്കിലും ആരാധകരോഷം തണുപ്പിക്കാൻ ഒരു മികച്ച സൈനിങ് എങ്കിലും ഉറപ്പിക്കാൻ വേണ്ട ഇടപെടലുകൾ മാനേജ്മെന്റ് നടത്തും എന്ന് പ്രതീക്ഷിക്കാം.
2. എവെർട്ടനു വേണ്ടി ഒരു മുഴം മുന്നേ

കോപ്പ അമേരിക്ക ഫൈനലിലെ വിജയശില്പിയായ ബ്രസീലിന്റെ പുതിയ താരോദയം എവെർട്ടനു വേണ്ടി ആർസെനൽ താരത്തിന്റെ ക്ലബ്ബായ ഗ്രീമിയോയുമായ് ചർച്ചകളിൽ ആണെന്നുള്ളതാണ് പുതിയ വിവരം. ഏകദേശം 36മില്യൺ പൗണ്ട് റിലീസ് ക്ലാസ്സ് ഉള്ള എവെർട്ടനു വേണ്ടി മികച്ച ഓഫറുമായി നിലവിൽ വേറെ ടീമുകൾ എത്തിയിട്ടില്ല എന്നത് ആർസെനലിനു മുൻതൂക്കം നൽകുന്നു. ബ്രസീൽ ടീമിനൊപ്പമുണ്ടയിരുന്ന എഡു ഇപ്പോ ആർസെനൽ ടെക്നിക്കൽ ഡയറക്ടർ ആണെന്നുള്ളതും അനുകൂല ഘടകമാണ്. ഏറെ പ്രതീക്ഷിച്ചിരുന്ന വിൽഫ്രഡ് സാഹ ട്രാൻസ്ഫർ മുന്നോട്ട് പോകാത്തതിനാൽ 23കാരനായ ബ്രസീലിയൻ വിങ്ങർ എവെർട്ടൻ ആര്സെനലിലേക്കെത്തുന്നത് ട്രാൻസ്ഫർ ബഡ്ജറ്റ് പ്രശ്നങ്ങളാൽ വലയുന്ന മാനേജ്മെന്റിന് വലിയ നേട്ടമാകും.
3.ഡാനി സെബാലോസ് ലോൺ

പോയ വാരം വരെ എതിരാളികളായ ടോട്ടൻഹത്തിലേക്ക് പോകും എന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഒടുവിൽ വരുന്ന റിപ്പോർട്ടുകളനുസരിച്ചു നിലവിൽ റിയൽ മാഡ്രിഡിന് വേണ്ടി കളിക്കുന്ന സ്പാനിഷ് u-21 താരം ഡാനി സെബാലോസ് ആര്സെനലിലേക്ക് സീസൺ ലോംഗ് ലോണിൽ പോകുമെന്നാണറിയുന്നത്. ആർസെനൽ കോച്ച് എമേറിയുടെ ഇടപെടലും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്. ആരോൺ റാംസെ പോയ ശേഷം ശിഥിലമായ മധ്യനിരയിൽ ഒരു സീസൺ വൻ തുക മുടക്കാതെ 42മില്യൺ പൗണ്ട് മാർക്കറ്റ് വാല്യൂ ഉള്ള സെബാലോസിനെ ലഭിക്കുന്നത് ആർസെനലിനു എന്തുകൊണ്ടും ലാഭമാണ്