ആഫ്രിക്കൻ നേഷൻസ് കപ്പ്: തകർപ്പൻ പ്രകടനവുമായി ടുണീഷ്യ സെമിഫൈനലിൽ
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്നലെ നടന്ന നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മഡഗാസ്കറിനെ തകർത്ത് ടുണീഷ്യ സെമിഫൈനലിൽ പ്രവേശിച്ചു. തകർപ്പൻ പ്രകടനമാണ് ടുണീഷ്യ ഇന്നലെ നടത്തിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടുണീഷ്യ മഡഗാസ്കറിനെ പരാജയപ്പെടുത്തിയത്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഡഗാസ്കറിനെ നോക്കുകുത്തികളാക്കി മികച്ച പ്രകടനമാണ് ടുണീഷ്യ നടത്തിയത്.
ഒന്നാംപകുതി ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ടുണീഷ്യ അമ്പത്തി രണ്ടാം മിനിറ്റിൽ സാസി വഴി ആദ്യ ഗോൾ നേടി. അറുപതാം മിനിറ്റിലും, തൊണ്ണൂറ്റി മൂന്നാം മിനിറ്റിലും ടുണീഷ്യ ബാക്കി ഗോളുകൾ കൂടി നേടി. യൂസഫും, സ്ലിറ്റിയും ആണ് ട്യുണീഷ്യക്ക് വേണ്ടി ഗോളുകൾ നേടിയത്. മഡഗാസ്കറിന്റെ ആദ്യ ആഫ്രിക്കൻ നേഷൻസ് കപ്പായിരുന്നു ഇത്. അവരുടെ ആദ്യ തോൽവിയും ഇന്നലെ ആയിരുന്നു. ജൂലൈ പതിനാലിന് നടക്കുന്ന സെമിഫൈനലിൽ സെനഗലിനെ ആണ് ടുണീഷ്യ നേരിടുന്നത്.