ആഫ്രിക്കൻ നേഷൻസ് കപ്പ്: ഐവറി കോസ്റ്റിനെ തോൽപ്പിച്ച് അൾജീരിയ സെമിഫൈനലിൽ പ്രവേശിച്ചു
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്നലെ നടന്ന മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഐവറി കോസ്റ്റിനെ തോൽപ്പിച്ച് അൾജീരിയ സെമിഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അൾജീരിയ ജയിച്ചത്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് അൾജീരിയ ഐവറി കോസ്റ്റിനെ തോൽപ്പിച്ചത്. നിരവധി അവസരങ്ങൾ ആണ് അൾജീരിയ മത്സരത്തിൽ നഷ്ട്ടപ്പെടുത്തിയത്.
മത്സരം തുടങ്ങി ഇരുപതാം മിനിറ്റിൽ അൾജീരിയൻ താരം ഫെഗോളിയിലൂടെ അവർ ആദ്യ ഗോൾ നേടി. മികച്ച മുന്നേറ്റമാണ് ഒന്നാം പകുതിയിൽ അൾജീരിയ നടത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ഐവറി കോസ്റ് അറുപത്തിരണ്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു. പിന്നീട് രണ്ട് ടീമുകളും ഗോളിനായി പരിശ്രമിച്ചെങ്കിലും ഗോളുകൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ അവസാന നിമിഷം അൾജീരിയക്ക് ഒരു പെനാൽറ്റി ലഭിച്ചിരുന്നു. എന്നാൽ അത് ഗോളാക്കി മാറ്റാൻ അവർക്ക് സാധിച്ചില്ല. പിന്നീട് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ ഇരു ടീമിനും ഗോളുകൾ നേടാൻ സാധിച്ചില്ല. പിന്നീടാണ് ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഷൂട്ടൗട്ടിൽ അൾജീരിയ വിജയിച്ചത്. വിൽഫ്രഡും, ഡൈയും ആണ് ഐവറി കോസ്റ്റിന്റെ പെനാൽറ്റി നഷ്ട്ടപ്പെടുത്തിയത്. അൾജീരിയൻ താരം മുഹമ്മദും പെനാൽറ്റി നഷ്ടപ്പെടുത്തി. നൈജീരിയ ആണ് സെമിഫൈനലിൽ അൾജീരിയയുടെ എതിരാളി.