Cricket

ഇന്നലത്തെ ദിനം 96 സെമി ഫൈനൽ ഓർമിപ്പിച്ചു – ആദ്യമായി ഒരു സെമി ഫൈനൽ ഉപേക്ഷിച്ച ആ ദിവസം

July 11, 2019

author:

ഇന്നലത്തെ ദിനം 96 സെമി ഫൈനൽ ഓർമിപ്പിച്ചു – ആദ്യമായി ഒരു സെമി ഫൈനൽ ഉപേക്ഷിച്ച ആ ദിവസം

ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും ദുരന്തമായ ഒരു ഓർമയാണ് 96 ലോകകപ്പിലെ ഇന്ത്യ-ലങ്ക സെമിഫൈനൽ..ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഗ്രൗണ്ടിലും,ടി വിയുടെ മുമ്പിലും അത്രയും തേങ്ങിക്കരഞ്ഞ മറ്റൊരു മത്സരം തല്ക്കാലം ഓർമയിൽ വരുന്നില്ല..ആ മത്സരം കഴിഞ്ഞു ഇന്നേക്ക് 22 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നത് വിശ്വസിക്കാൻ ആകുന്നില്ല…പല നിർണായകനിമിഷങ്ങളും ഇന്നലെ കണ്ടത് പോലെ ഓർമയിൽ നിൽക്കുന്നു..അന്നത്തെ കളി കാണലുകൾ പോലും മറക്കാനാവാത്ത ഓർമകളാണ്..ടി വി അത്ര വ്യാപകമല്ലാത്ത ഞങ്ങളുടെ ഗ്രാമത്തിൽ,വായനശാല ആയിരുന്നു കളികൾ കാണാൻ ആശ്രയം..കഷ്ടിച്ച് 25 പേർക്ക് ചമ്രം പടിഞ്ഞിരിക്കാവുന്ന ആ ഹാളിൽ ഇന്ത്യയുടെ കളികളുടെ ദിവസം ടോസ് ആകുമ്പോളേക്കും 35 ഓളം പേർ ഞെങ്ങി ഞെരുങ്ങി ഇരിപ്പുറപ്പിച്ചു കാണും…പിന്നെ വരുന്നവർ ഒക്കെ ജനാലകളിൽ തൂങ്ങിയും,വാതിൽപ്പടിയിൽ നിന്നും കാണണം…ഓവറുകളുടെ ഇടയിൽ കിട്ടുന്ന ഇടവേളകളിൽ ആണ് ഇക്കൂട്ടർ ശരിക്കു ശ്വാസം വിടുന്നത്..എത്ര കുറഞ്ഞാലും 50 ൽ അധികം പേർ അവിടെ കളി കാണുന്നുണ്ടാകും…കളിക്കിടെ അവരുടെ ചർച്ചകൾ,ഓരോ കളിക്കാരെയും കുറിച്ചുള്ള വിശകലനങ്ങൾ,മുൻമത്സരങ്ങളെ കുറിച്ചുള്ള വിശകലനങ്ങൾ അങ്ങനെ സജീവമായ,ഫലപ്രദമായ ചർച്ചയും ഈ കളിയോട് കൂടി തന്നെ നടക്കും…

സച്ചിൻ എന്ന ഒറ്റയാൾ പട്ടാളത്തിന്റെ കരുത്തായിരുന്നു ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനമെങ്കിൽ,ജയസൂര്യ-കലുവിതരണ സഖ്യമായിരുന്നു ലങ്കയുടെ വിജയകേന്ദ്രം..രണ്ടു ടീമിനും ഫൈനൽ സ്വപ്‌നങ്ങൾ സജീവം..ഇന്ത്യക്കു ആണെങ്കിൽ ലീഗിൽ നടന്ന ഒരു മത്സരത്തിന്റെ കടം ബാക്കി നിൽക്കുന്നു..271 എന്ന അക്കാലത്തെ കൂറ്റൻസ്‌കോർ ജയസൂര്യയുടെ സ്‌ഫോടനത്തിന്റെ മികവിൽ അവർ മറികടന്നിട്ടു അധികം നാളായില്ല..മനോജ് പ്രഭാകർ എന്ന മികച്ചൊരു ഇന്ത്യൻ ആൾറൗണ്ടറുടെ അവസാനം കണ്ട മത്സരം ആയിരുന്നു അത്..

ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു..കഴിഞ്ഞ കളിയിൽ പറ്റിയ തെറ്റ് ആവർത്തിക്കരുതല്ലോ? ഏതു സ്കോറും ചേസ് ചെയ്തേക്കാവുന്ന ഒരു ടീമായി ലങ്ക മാറിക്കഴിഞ്ഞു..പക്ഷെ ക്രിക്കറ്റ് എപ്പോളും വിസ്മയിപ്പിക്കുന്നത് അതിന്റെ പ്രവചനാതീതവും,ആകസ്മികവും ആയ സംഭവപരമ്പരകൾ കൊണ്ടാണല്ലോ?? കഴിഞ്ഞ ലീഗ് മത്സരത്തിൽ തകർത്തടിച്ച രണ്ടു പേരെയും ആദ്യ ഓവറിൽ തന്നെ മടക്കി അയച്ചു,ശ്രീനാഥ് ഇരട്ടപ്രഹരം ഏൽപ്പിക്കുമ്പോൾ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ ആകാശത്തോളം ഉയർന്നു..പക്ഷെ ,നാലാമനായി ഒരാൾ ക്രീസിൽ വന്നു.. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ്,അതും കളിയുടെ ഗതി നിയന്ത്രിക്കാൻ കെൽപ്പുള്ള രണ്ടു വിക്കറ്റുകൾ,വീണതിന്റെ യാതൊരു ലാഞ്ചനയും മുഖത്തില്ലാതെ അയാൾ ക്രീസിൽ നിന്നു ..അശാങ്ക ഗുരുസിംഹ എന്ന വൺ ഡൌൺ ബാറ്റ്സ്മാനെ കൂട്ടുപിടിച്ചു രക്ഷാപ്രവർത്തനം തുടങ്ങി..ഇന്ത്യയുടെ ആഘോഷ ചിത്രങ്ങൾ പതിയെ ഗ്രൗണ്ടിൽ നിന്ന് മായാൻ തുടങ്ങി..ക്രിക്കറ്റാകുന്ന മയൂരം അതിന്റെ സപ്തവർണങ്ങൾ നിറഞ്ഞ പീലികൾ വിടർത്തി നിന്ന് ആടുന്ന കാഴ്ചയാണ് പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്… ബൗളർമാരെ തച്ചു തകർക്കുന്ന ലങ്കൻ” മാഡ് മാക്സ് “ക്രീസിൽ സംഹാര താണ്ഡവം ആടുകയായിരുന്നു അപ്പോൾ…സ്‌കോർ 34 ൽ നിൽക്കെ ഗുരുസിംഹ പോയതൊന്നും അയാൾ ശ്രദ്ധിച്ചതേയില്ല..പകരം വന്നതോ ലങ്കയുടെ മറ്റൊരു വിശ്വസ്തനും…സാക്ഷാൽ മഹാനാമ!!!….ഔട്ട് ആകുമെന്ന് ഒരു സൂചന പോലും കൊടുക്കാതെ ഒരു അറ്റം കാക്കുന്നതിൽ വിദഗ്ധൻ..ആക്രമണവും,പ്രതിരോധവും സമം ചേർത്ത ആ കൂട്ടുകെട്ട് ഗ്രൗണ്ടിൽ നിറഞ്ഞാടി…ഡിസിൽവ അന്ന് കളിച്ച ആ കളി !!അത് കണ്ടു തന്നെ അറിയണം..വെറും 44 ബോളുകൾ മാത്രം നീണ്ട ഇന്നിംഗ്സ്..ഒരു സിക്സർ പോലും ഇല്ല ..പക്ഷെ 14 ഫോറുകൾ!!!വിശാലമായ ഈഡൻ ഗ്രൗണ്ടിൽ വെറും 11 പേര് മാത്രം നിരന്നു നിക്കുമ്പോൾ ഉണ്ടാകാവുന്ന വിടവുകൾ ഒക്കെ ഡിസിൽവ എന്ന അതിസാങ്കേതികതയും,അസാധാരണ പ്രതിഭയുമുള്ള ബാറ്റ്സ്മാൻ മുതലാക്കുകയിരുന്നു..കുംബ്ലെയും,പ്രസാദും,ശ്രീനാഥും ഒക്കെ ആ അശ്വമേധം തടുക്കാനാകാതെ നിസ്സഹായരായി നോക്കി നിന്നു..കാടൻ അടികളിലൂടെയും,ആക്രമണത്വരയോടെയും ജയസൂര്യ സൃഷ്ടിക്കുന്ന സർവനാശം ,അതിന്റെ ഇരട്ടി പ്രഹരശേഷിയോടെ ഡിസിൽവ അവിടെ സൃഷ്ടിച്ചു..അതും തികച്ചും ശാന്തനായി…സ്‌കോർ 85 ൽ നിൽക്കെ,അതിൽ 66 റൺസും കൂട്ടിച്ചേർത്ത ഡിസിൽവ കാവ്യനീതിപോലെ കുംബ്ലെയുടെ ബോളിൽ തന്നെ ക്‌ളീൻ ബൗൾഡ് ആയി കൂടാരം കേറുമ്പോൾ ഇന്ത്യ ശരിക്കൊന്നു ശ്വാസം വിട്ടു…പക്ഷെ അത് മതിയാരുന്നു,ആ അടിത്തറ മതിയാരുന്നു ലങ്കയ്ക്ക്…മഹാനാമയും,രണതുംഗയും,തിലകരത്നയും ഒക്കെ ആ അടിത്തറയിൽ കുറേശ്ശേ റൺസുകൾ പെറുക്കി വെച്ച് 251 റൺസിന്റെ ഒരു സുരക്ഷിതമായ കൊട്ടാരം പണിതു…

251 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യക്കു ബാലികേറാമല ഒന്നുമല്ല..സച്ചിൻ,സിദ്ദു,അസർ,മഞ്ചരേക്കർ,ജഡേജ,കാംബ്ലി ഒക്കെ ഉൾപെട്ട ബാറ്റിംഗ് നിരക്ക് സാധ്യമാണെന്ന് തന്നെ എല്ലാവരും വിശ്വസിച്ചു…സ്‌കോർ 8 ൽ നിൽക്കുമ്പോൾ ചാമിന്ദ വാസിന്റെ പന്തിൽ ജയസൂര്യ പിടിച്ചു സിദ്ദു കൂടാരം കേറി…നിരാശയുടെ ഒരു ശബ്ദം അപ്പോൾ ആ വായനശാലയിൽ ഉയർന്നു കേട്ടത് ഞാൻ ഇപ്പോളും ഓർക്കുന്നു..പക്ഷെ സച്ചിൻ എന്ന സുരക്ഷാ കവചം ക്രീസിൽ ഉള്ളിടത്തോളം പരാജയഭീതി ഞങ്ങളെ അലട്ടിയതേയില്ല…കൂട്ടിനു മഞ്ചരേക്കറും ചേർന്നതോടെ റൺസ് ഒഴുകിത്തുടങ്ങി..ലോകകപ്പിലുടനീളം അസാമാന്യമായ ഫോം തുടരുന്ന സച്ചിന്റെ മികവിൽ ഇന്ത്യ തിരിച്ചടിച്ചു തുടങ്ങി…ഇന്ത്യൻ പ്രതീക്ഷകൾ എപ്പോളും ഒറ്റയ്ക്ക് താങ്ങിയിട്ടുള്ള ആ കുറിയ മനുഷ്യനിൽ ഒരു ജനത മുഴുവൻ പ്രതീക്ഷകൾ വെച്ചു …ജയസൂര്യ ബോൾ ചെയ്യാനെത്തുന്നു…അത്ര അപകടകാരി അല്ലാത്ത ജയസൂര്യയുടെ ബോൾ കയറി അടിക്കാനുള്ള ശ്രമത്തിൽ സച്ചിൻ വീഴുന്നു…ടീം സ്‌കോർ 98 …”മതീടാ കളി കണ്ടത് ..പൂവാം…ഇതിനി നോക്കണ്ട…”
50 ൽ പരം പേരുണ്ടായിരുന്ന ആ വായനശാലയിൽ ആ വിക്കറ്റ് വീണതോടെ 20 പേര് തികച്ചില്ല…സച്ചിൻ ഒരു തലമുറയ്ക്ക് എന്തായിരുന്നു എന്നതിന് ഇതിൽ പരം ഒരു ഉദാഹരണം വേണ്ട….ഗ്രൗണ്ടിൽ നിന്ന് ആളുകൾ കൂട്ടം കൂട്ടമായി ഒഴിഞ്ഞു പോകാൻ തുടങ്ങി….98 നു രണ്ടാമത്തെ മാത്രം വിക്കറ്റാണ് വീണിട്ടുള്ളത്…ഒരു നിലയിലും കളി ലങ്കയുടെ കയ്യിൽ അല്ല..പക്ഷെ വീണത് സച്ചിൻ ആണ്…കളി തങ്ങളുടെ കയ്യിൽ ആയെന്നു ലങ്കയ്ക്ക് മനസ്സിലായി കഴിഞ്ഞു…പിന്നീട് അവിടെ കണ്ടത് കൂട്ടത്തകർച്ചയാണ്…അതിനു മുമ്പോ,പിമ്പോ കാണാൻ കഴിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ തകർച്ച..20 ഓവറിൽ 98 നു 2 എന്ന നിലയിൽ നിന്ന് 34 ഓവറിൽ 120 നു 8 …ജയം ഉറപ്പിച്ച ഒരു കളിയിൽ നിന്ന് പരാജയം എന്നത് പോകട്ടെ..ദുരന്തം എന്നതിലേക്ക് കൂപ്പ് കുത്തുന്ന കാഴ്ച…ജനം ഗാലറികൾ തീയിട്ടു..ഗ്രൗണ്ടിലേക്ക് കുപ്പിയും,ഭക്ഷണ സാധനങ്ങളും വലിച്ചെറിഞ്ഞു…നിസഹായനായി കാംബ്ലി ഗ്രൗണ്ടിൽ പൊട്ടിക്കരഞ്ഞു…ഇനി മത്സരം നടത്താനാവാത്ത വിധം കാണികൾ അക്രമാസക്തരായി….ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിഫൈനൽ മുഴുവനാക്കാൻ കഴിയാതെ ഉപേക്ഷിക്കപ്പെട്ടു…

ഇന്നലത്തെ കളി കണ്ടപ്പോൾ ഓർമ വന്നത്…

Leave a comment

Your email address will not be published. Required fields are marked *