കോപ്പ അമേരിക്ക: മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ അർജന്റീനക്ക് ജയം
ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാളിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി നടന്ന മത്സരത്തിൽ അർജന്റീന ചിലിയെ തോൽപ്പിച്ചു. സെമി ഫൈനൽ മത്സരങ്ങളിൽ തോറ്റ രണ്ട് ടീമുകൾ ആണ് മൂന്നാം സ്ഥാനത്തിനായി മത്സരിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചിലിയെ അർജന്റീന പരാജയപ്പെടുത്തിയത്.
അർജന്റീനയുടെ സൂപ്പർ താരം മെസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന ചിലിയെ തോൽപ്പിക്കുകയായിരുന്നു.മെസ്സിയുടെ അസിസ്റ്റൻസിൽ പന്ത്രണ്ടാം മിനിറ്റിൽ സെര്‍ജിയോ അഗ്വേറോ ആണ് ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ ഇരുപത്തിരണ്ടാം മിനിറ്റിൽ ദിബാല നേടി. അതിന് ശേഷം മുപ്പത്തിയേഴാം മിനിറ്റിൽ ആണ് ചുവപ്പ് കാർഡ് കിട്ടാനുള്ള പ്രശ്നം ഉണ്ടായത്. മെസ്സിക്കും, ചിലി താരം ഗാരി മെഡലെയ്ക്കുമാണ് ചുവപ്പ് കാർഡ് ലഭിച്ചത്.
ഒന്നാം പകുതി രണ്ട് ഗോളിന് ലീഡ് ചെയ്ത അർജന്റീന രണ്ടാം പകുതിയിലും മികച്ച കളി ആണ് പുറത്തെടുത്തത്ത്. എന്നാൽ 59ാം മിനിറ്റില്‍ ആര്‍ത്യുറോ വിദാല്‍ പെനല്‍റ്റിയിലൂടെ ചിലിക്ക് ഒരു ഗോൾ നേടി കൊടുത്തു. പിന്നീട് പലതവണ ഗോളിന് വേണ്ടി ചിലി ശ്രമിച്ചെങ്കിലും ഗോൾ നേടാൻ ആയില്ല. ചിലിയുടെ പ്രതിരോധത്തിലെ പിഴവുകളിലൂടെയാണ് അർജന്റീന രണ്ട് ഗോളുകളും നേടിയത്.