ആരാണ് ആരൺ വാൻ-ബിസ്സാക്ക ???
യൂറോപ്യൻ ഫുട്ബോൾ ലോകം ഒരു 50 മില്യൺ പൗണ്ട് കച്ചവടത്തിന്റെ പകപ്പിലാണ്. ക്രിസ്റ്റൽ പാലസ് എന്ന ഒരു സാധാരണ ഇംഗ്ലീഷ് ക്ലബ്ബിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അതികായനിലേക്ക് ചേക്കേറിയ ആരൺ വാൻ-ബിസ്സാക്ക എന്ന 21കാരൻ പയ്യനാണ് കഥയിലെ താരം. തകർച്ചയുടെ വക്കിൽ നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിനെ ഉയർത്തിയെടുക്കാൻ മാനേജർ ഒലെ ഗുണ്ണർ സോൾസ്ജർ കണ്ടെത്തിയ ഒറ്റമൂലി ആണ് ആരൺ വാൻ-ബിസ്സാക്ക. സോൾസ്ജറുടെ ആഗ്രഹത്തിന് യുണൈറ്റഡ് മാനേജ്മെൻറ് കട്ടക്ക് കൂടെ നിന്നപ്പോൾ, വാൻ-ബിസ്സാക്ക എന്ന ഇംഗ്ലീഷുകാരൻ, സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാതെ തന്നെ ട്രാൻസ്ഫർ വിപണിയിൽ ഏറ്റവും വിലപിടിപ്പുള്ള ഇംഗ്ലീഷ് താരമെന്ന റെക്കോർഡിന് ഉടമയായി. എന്നാൽ ഒരു റൈറ്റ് ബാക്കിന് 50 മില്യൺ പൗണ്ട് കുറച്ച് കടന്ന കൈ അല്ലെ എന്ന് തോന്നിപ്പോകും, ആണോ?
ആരാണ് ആരൺ വാൻ-ബിസ്സാക്ക ?

ക്രിസ്റ്റൽ പാലസ് യൂത്ത് അക്കാഡമി തന്നെയാണ് വാൻ-ബിസ്സാക്കയുടെ കളിത്തൊട്ടിൽ. പതിനൊന്നാം വയസ്സിലാണ് പുള്ളിക്കാരൻ പാലസ് അക്കാദമിയിൽ എത്തുന്നത്. തൻറെ കഠിനപ്രയത്നം കൊണ്ടും പോരാട്ടവീര്യം അവിടെ സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. പക്ഷേ ഇന്ന് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയി അറിയപ്പെടുന്ന വാൻ-ബിസ്സാക്കയുടെ തുടക്കം ഒരു സ്ട്രൈക്കർ ആയിട്ടായിരുന്നു എന്ന് അധികമാർക്കും അറിയില്ല. എന്നാൽ പാലസ് അക്കാഡമിയിലെ തൻറെ സഹതാരം വിൽഫ്രഡ് സഹയുടെ സ്ട്രൈക്കിംഗ് മികവ് വാൻ-ബിസ്സാക്കയെ റൈറ്റ് വിങ്ങിൽ തളച്ചിട്ടു. അവിടെനിന്ന് റൈറ്റ് വിങ് ബാക്കിലേക്കും. 2017 പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ ആണ് അദ്ദേഹം ആദ്യമായി ക്രിസ്റ്റൽ പാലസ് ടീമിൽ കളിക്കാൻ തുടങ്ങിയത്. എന്നാൽ 2018 ഫെബ്രുവരിയിൽ മറ്റു താരങ്ങളുടെ പരിക്ക് എന്ന കാരണം കൊണ്ടു മാത്രമാണ് പ്രീമിയർ ലീഗിൽ അരങ്ങേറ്റ ലഭിച്ചതു. ടോട്ടൻഹാമിനെ എതിരെ. കളി പാലസ് പരാജയപ്പെട്ടെങ്കിലുംയവ ആരൺ വാൻ-ബിസ്സാക്ക തൻറെ വരവറിയിച്ചു. തുടർന്ന് മാർച്ചിൽ(2018) ക്രിസ്റ്റൽ പാലസിനെ വേണ്ടി എല്ലാ മത്സരവും കളിക്കുകയും പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനാവുകയും ചെയ്തു അദ്ദേഹം.
2018/19 സീസണാണ് ആരൺ വാൻ-ബിസ്സാക്കയെ താരമാക്കിയത്. 35 മത്സരങ്ങളിൽ അദ്ദേഹം പാലസിനായി കളത്തിലിറങ്ങി. ആ സീസണിൽ ഏറ്റവും കൂടുതൽ ടാക്കിളുകൾ നടത്തിയ മൂന്നാമത്തെ താരമായി മാറി അദ്ദേഹം, 129 എണ്ണം. എവർട്ടൺന്റെ ഈഡ്രസ്സ(142) ഗുവെയായും ലെസ്റ്ററിന്റെ വിൽഫ്രെഡ് എൻഡിഡിയും(143) മാത്രമാണ് അദ്ദേഹത്തിന് മുകളിൽ ഉള്ളൂ. ഇൻറർസെപ്ഷൻ കണക്കിൽ പ്രീമിയർലീഗിലെ രണ്ടാമത്തെ താരമാണ് വാൻ-ബിസ്സാക്ക. 35 മത്സരങ്ങളിൽ 84 ഇൻറർസെപ്ഷൻ. കണക്ക് അതിൻറെ അന്തസ്സ് ഒന്നും തന്നെ കുറച്ചില്ല: ക്രിസ്റ്റൽ പാലസ് 2018/19 സീസണിലെ പ്ലെയർ ഓഫ് ദ ഇയർ ആയി മാറി ആരൺ വാൻ-ബിസ്സാക്ക. ഒടുക്കം മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ക്രിസ്റ്റൽ പാലസ് പരുന്തിനെ റാഞ്ചുക തന്നെ ചെയ്തു. എന്നാൽ വാൻ-ബിസ്സാക്ക കൂടുതൽ തിരുത്തൽ വരുത്തേണ്ടത് ക്രിയേറ്റീവ് ഫീൽഡിലാണ്. തൻറെ ഏറ്റവും മനോഹരമായ കഴിഞ്ഞ സീസണിൽ പോലും 35 കളിയിൽ 14 ചാൻസ് മാത്രമാണ് വാൻ-ബിസ്സാക്ക ഉണ്ടാക്കിയത്. യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ പരാജയമായിരുന്ന യങും ഷോയും യഥാക്രമം 39ഉം 33ഉം ചാൻസുകൾ ഉണ്ടാക്കി. 16 കളികളിൽ നിന്ന് മാത്രം ഡാലോട്ട് 17 ചാൻസുകൾ ഉണ്ടാക്കി. പക്ഷേ യുണൈറ്റഡ് കൾച്ചറിലേക്ക് വരുമ്പോൾ വാൻ-ബിസ്സാക്ക അതിന് പരിഹാരം കാണുമായിരിക്കും.
യുണൈറ്റഡിന് ഗുണമെന്ത് ?
പ്രീമിയർ ലീഗിൽ ഒരു ദുർഘട സന്ധിയിലൂടെ കടന്നുപോവുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്ഥിരതയില്ലാത്ത ഡിഫൻസ് അവർക്ക് വൻ തലവേദന ആകുന്നുണ്ട്. റൈറ്റ് ബാക്കിൽ ആന്റൊണിയ വലൻസിയക്ക് പകരക്കാരൻ എന്ന നിലയിൽ ഡീഗോ ഡാലോട്ട് എത്തിക്കഴിഞ്ഞു. എന്നാൽ ഡാലോട്ടിന് ഒരു പോരാട്ടം ആവശ്യമാണ്. വാൻ-ബിസ്സാക്ക പോലെ അതിസമർത്ഥനായ ഒരു റൈറ്റ് ബാക്കിനെ കൊണ്ടുവരുന്നതിലൂടെ റൈറ്റ് ബാക്കിലെ പോരായ്മ യുണൈറ്റഡ് എന്നെന്നേക്കുമായി പരിഹരിച്ചു എന്ന് വേണം കരുതാൻ. എന്നാൽ ക്രിസ്റ്റൽ പാലസിനെ 50 മില്യൺ പൗണ്ട് കൊടുത്ത പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആറാമത്തെ ഡിഫൻഡർ ആയി വാൻ-ബിസ്സാക്കയെ മാറ്റിയത് യുണൈറ്റഡിന് ഒരു നഷ്ടം അല്ല എന്ന് തോന്നാം. ആഴ്ചയിൽ 10000 പൗണ്ട് എന്ന ക്രിസ്റ്റൽ പാലസ് ശമ്പളത്തിൽനിന്ന് ഒറ്റയടിക്ക് 90000 പൗണ്ടായി വാൻ-ബിസ്സാക്കയുടെ ശമ്പളം ഉയർന്നിരിക്കുന്നൂ. പക്ഷെ സൂക്ഷിച്ചു നോക്കിയാൽ ഇതൊരു നഷ്ടക്കച്ചവടം അല്ല. കാരണം യുണൈറ്റഡ് കോൺട്രാക്ട് അഞ്ചുവർഷത്തേക്കാണ്, ഒരുവർഷം എക്സ്റ്റന്ഷൻ ചെയ്യാനുള്ള ക്ലോസ്സോടുകൂടി. ഒരു ദീർഘകാല അടിസ്ഥാനത്തിൽ ഈ തുക ഒരു വലിയ തുക ആവുന്നില്ല. പ്രത്യേകിച്ച് പ്രതിഭയുള്ള ഡിഫൻഡർസിന് 100 മില്ല്യൻ പൗണ്ട് വരെ കൊടുക്കാൻ ക്ലബ്ബുകൾ മത്സരിക്കുമ്പോൾ. രണ്ടു കൊല്ലത്തിനപ്പുറം തിരിഞ്ഞുനോക്കുമ്പോൾ യുണൈറ്റഡിന് ഇതൊരു ലാഭക്കച്ചവടം ആയി തോന്നും എന്നാണ് ഞാൻ കരുതുന്നത്