Cricket cricket worldcup Top News

കിവികളുടെ ചിറകരിഞ്ഞു പാകിസ്ഥാൻ സെമി പ്രതീക്ഷകൾ നിലനിർത്തി.

June 27, 2019

author:

കിവികളുടെ ചിറകരിഞ്ഞു പാകിസ്ഥാൻ സെമി പ്രതീക്ഷകൾ നിലനിർത്തി.

ഈ ലോകകപ്പിൽ ഇതുവരെ പരാജയമറിയാതെ മുന്നേറിക്കൊണ്ടിരുന്ന ന്യൂസിലൻഡിന് അപ്രതീക്ഷിതമായി ഒരു തിരിച്ചടി നൽകിക്കൊണ്ട് പാകിസ്ഥാൻ പോയിന്റ് പട്ടികയെ വീണ്ടും സജീവമാക്കി. കണിശതയാർന്ന ബൗളിങ്ങും പക്വതയാർന്ന ബാറ്റിങ്ങും ആണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. ബാബർ അസമിന്റെ സെഞ്ച്വറി പ്രകടനമാണ് പാകിസ്ഥാന് കാര്യങ്ങൾ അനായാസമാക്കിയത്. കഴിഞ്ഞ കളിയിൽ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയ പാകിസ്ഥാൻറെ തുടർച്ചയായ രണ്ടാം ജയമാണിത്. ഈ ജയത്തോടെ 7 കളികളിൽ നിന്നും 7 പോയിന്റുമായി പാകിസ്ഥാൻ ബംഗ്ലാദേശിനൊപ്പം എത്തി. റൺ നിരക്കിലുള്ള നേരിയ വ്യത്യാസം മൂലം ബംഗ്ലാദേശിന് പിന്നിൽ ആറാം സ്ഥാനത്താണ് പാകിസ്ഥാൻ.

നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഗുപ്ടിലിനെ ക്ലീൻ ബൗൾഡ് ആക്കികൊണ്ട് മുഹമ്മദ് ആമിർ മികച്ച തുടക്കമാണ് നൽകിയത്. ആ തുടക്കം മുതലാക്കിക്കൊണ്ട് ഷഹീൻ ഷാ അഫ്രീദി ബൗളിങ്ങിൽ തകർത്താടിയപ്പോൾ മൂന്നു മുൻനിര ബാറ്റസ്മാൻമാർ നിലയുറപ്പിക്കുന്നതിനു മുന്നേ തന്നെ ഷഹീൻ അഫ്രിദിക്ക് മുന്നിൽ കീഴടങ്ങി. ഒരു ഘട്ടത്തിൽ 26 ഓവറിൽ 83 റൺസിന്‌ 5 വിക്കറ്റ് എന്ന നിലയിൽ വാൻ തകർച്ചയെ നേരിട്ട ന്യൂസിലൻഡിനെ ജിമ്മി നിഷാമും കോളിൻ ഡി ഗ്രാൻഡ്ഹോമും ചേർന്നാണ് കരകയറ്റിയത്‌. ഇരുവരും അർദ്ധ സെഞ്ച്വറി നേടി. ഗ്രാൻഡ്ഹോം 64 റൺസ് എടുത്തു പുറത്തായപ്പോൾ നിഷാം 97 റൺസ് എടുത്തു പുറത്താകാതെ നിന്നു. 10 ഓവറിൽ വെറും 28 റൺസ് മാത്രം വഴങ്ങി 3 മുൻനിര ബാറ്സ്മാന്മാരുടെ വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രിദിയാണ് ന്യൂസിലൻഡിന്റെ തകർച്ചക്ക് ചുക്കാൻ പിടിച്ചത്.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലേ തന്നെ രണ്ടു ഓപ്പണർമാരെയുംനഷ്ടമായ പാകിസ്ഥാനെ മുഹമ്മദ് ഹഫീസും ബാബർ അസമും ചേർന്നുള്ള 66 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്‌. സ്കോർ 110 ൽ നിൽക്കെ ഹഫീസ് പുറത്തായെങ്കിലും ഹാരീസ് സൊഹൈലിന്റെ കൂട്ട് പിടിച്ച് ബാബർ അസം പാകിസ്ഥാനെ നിഷ്പ്രയാസം വിജയത്തിലെത്തിച്ചു. തന്റെ പത്താം ഏകദിന സെഞ്ചുറിയിലൂടെ പാകിസ്ഥാന്റെ വിജയത്തിന്റെ അമരക്കാരനായ ബാബർ അസം ആണ് കളിയിലെ കേമൻ.

ബംഗ്ലദേശും അഫ്ഘാനിസ്ഥാനുമാണ് പാകിസ്ഥാന്റെ അടുത്ത എതിരാളികൾ. ഈ രണ്ടു കളികളും ജയിക്കാനായാൽ മറ്റു ടീമുകളുടെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാകും പാകിസ്ഥാന്റെ സെമി സാധ്യതകൾ. എന്തായാലും ടൂർണമെന്റിൽ നിന്നും പുറത്തേക്ക് എന്ന സാഹചര്യത്തിൽ നിന്നും ശക്തമായി തന്നെ തിരിച്ചു വന്നിരിക്കുകയാണ് പാകിസ്ഥാൻ ഇപ്പോൾ. 1992 ൽ സമാന സാഹചര്യത്തിൽ തിരിച്ചു വരവ് നടത്തി ചാമ്പ്യൻമാർ ആയവരാണ് പാകിസ്ഥാൻ. ആ ചരിത്രം ആവർത്തിക്കാൻ അവർക്കാകുമോ എന്ന് കാത്തിരുന്നു കാണാം.

Leave a comment