Cricket cricket worldcup Top News

ലോകകപ്പ് 2019; മോർഗൻ തകർത്തു, ഇംഗ്ലണ്ടിനു കൂറ്റൻ ജയം

June 18, 2019

author:

ലോകകപ്പ് 2019; മോർഗൻ തകർത്തു, ഇംഗ്ലണ്ടിനു കൂറ്റൻ ജയം

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് അഫ്‌ഗാനിസ്ഥാനെ 150 റൺസിന് നിലംപരിശാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓപ്പണർമാർ കരുതലോടെയാണ് തുടങ്ങിയത്. 24 റൺസെടുത്ത ഓപ്പണർ ജെയിംസ്‌ വിൻസിനെ നഷ്ടമായെങ്കിലും സഹ ഓപ്പണർ ജോണി ബെയർസ്റ്റോയും ജോ റൂട്ടും ചേർന്നു ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചു. 90 റൺസെടുത്ത ബെയർസ്‌റ്റോ പുറത്തായതോടെ ക്രീസിലെത്തിയ നായകൻ ഓയിൻ മോർഗൻ ഇംഗ്ലണ്ട് ആക്രമണത്തിന് തിരികൊളുത്തുകയായിരുന്നു. അഫ്ഗാൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച മോർഗൻ വെറും 71 പന്തിൽ നിന്നും 148 റണ്ണുകൾ നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോററായി. കളിയിൽ മോർഗൻ നേടിയ 17 സിക്സറുകൾ ഒരേകദിനത്തിൽ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും കൂടുതൽ സിക്സെറുകളുടെ റെക്കോർഡാണ്. 16 സിക്സുകൾ നേടിയ രോഹിത് ശർമ, ഡി വില്ലിയേഴ്‌സ്, ക്രിസ് ഗെയ്ൽ എന്നിവരുടെ റെക്കോർഡാണ് മോർഗൻ മറികടന്നത്. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ചുറിയാണ് മോർഗൻ മാഞ്ചസ്റ്ററിൽ നേടിയത്. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ആറു വിക്കെറ്റ് നഷ്ടത്തിൽ 397 റണ്ണുകൾ നേടി. അഫ്ഗാൻ നിരയിൽ നായകൻ ഗുലാബ്ദീൻ, ദൗലത് സര്ദാൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

ഏറെക്കുറെ അസംഭവ്യമായ വിജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ അഫ്ഗാന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഓപ്പണർ നൂർ അലിയെ തുടക്കത്തിലേ നഷ്ടമായ അഫ്ഗാൻ പിന്നീട് 50 ഓവറുകൾ പൂർത്തിയാക്കാനുള്ള ശ്രമം മാത്രമാണ് നടത്തിയത്. 37 റണ്ണുകൾ നേടിയ നായകൻ ഗുലാബ്ദീൻ, 46 റണ്ണുകൾ നേടിയ റഹ്മത് ഷാ, 76 റണ്ണുകൾ നേടിയ ഷാഹിദി, 44 റണ്ണുകൾ നേടിയ അഷ്‌ഗർ എന്നിവർ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു. നിശ്ചിത 50 ഓവറിൽ 8 വിക്കെറ്റ് നഷ്ടത്തിൽ 247 റൺസിന് അഫ്ഗാൻ ഇന്നിംഗ്സ് അവസാനിച്ചു. ഇംഗ്ലണ്ടിനുവേണ്ടി ആദിൽ റഷീദ്, ജോഫ്ര ആർച്ചർ എന്നിവർ മൂന്നും മാർക്ക്‌ വുഡ് രണ്ടും വിക്കെറ്റ് വീഴ്ത്തി. മോർഗൻ ആണ് കളിയിലെ കേമൻ.

Leave a comment