നേഷൻസ് ലീഗ് – റൊണാൾഡോയുടെ ഹാറ്റ് ട്രിക്കിൾ പോർച്ചുഗൽ ഫൈനലിൽ
നേഷൻസ് ലീഗ് സെമി ഫൈനലിൽ സ്വിറ്റസർലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി പോർച്ചുഗൽ ഫൈനലിൽ പ്രവേശിച്ചു. ക്രിസ്ത്യാനോ റൊണാൾഡോയാണ് പറങ്കി പടക്ക് വേണ്ടി മൂന്നു ഗോളും അടിച്ചത്. സ്വിറ്റസർലണ്ടിന് വേണ്ടി റിക്കാർഡോ റോഡ്രിഗസ് ആശ്വാസ ഗോൾ നേടി. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട് നെതർലൻഡ്സ് കളിയിലെ വിജയികളെ ആയിരിക്കും പോർച്ചുഗൽ സെമിയിൽ നേരിടുക.
25 ആം മിനുട്ടിൽ ഒരു ഫ്രീ കിക്കിലൂടെ ആണ് റൊണാൾഡോ സ്കോറിന് ആരംഭിക്കുന്നത്. ലോക കപ്പിൽ അയാൾ അടിച്ച ഫ്രീ കിക്കിനെ ഓർമപ്പെടുത്തുന്ന ഒന്ന് തന്നെയായിരുന്നു ഇതും. എന്നാൽ 57 ആം മിനുട്ടിൽ സ്വിറ്റ്സർലൻഡ് ഒരെണ്ണം തിരിച്ചടിച്ചു. സുബെച്ചിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റി റോഡ്രിഗ്സ്സ് ഗോൾ ആക്കുകയായിരുന്നു. കളി തീരാൻ വെറും രണ്ടു മിനുട്ട് മാത്രം ബാക്കി ഉള്ളപ്പോൾ റോണോ വീണ്ടും മായാജാലം പുറത്തെടുത്തു. ബെർണാഡോ സിൽവ നൽകിയ പാസ് വെടിയുണ്ട പോലെ പായിച്ചു ഗോളിയെ നിഷ്പ്രഭനാക്കിയാണ് അയാൾ വലചലിപ്പിച്ചത്. 90 ആം മിനുട്ടിൽ വീണ്ടും സ്വിസ് പ്രതിരോധത്തെ നിരാലംബരാക്കി റോണോ തന്റെ ഹാറ്റ് ട്രിക്കും തികച്ചു.