Editorial Foot Ball Top News

ഇസ്തംബൂൾ ഇതിഹാസം

June 1, 2019

author:

ഇസ്തംബൂൾ ഇതിഹാസം

 

 

ഈ കളി വിവരിക്കാൻ വാക്കുകളില്ല. ഒരു ചാമ്പ്യൻസ് ലീഗ് ഫൈനലും ഇത്രയും ആവേശം നിറച്ചിട്ട് ഉണ്ടാവില്ല. 2005 ചാമ്പ്യൻസ് ലീഗ് ഫൈനൽ ലിവർപൂളും എസി മിലാൻ ഉം തമ്മിൽ നടക്കുമ്പോൾ ഫേവറേറ്റ്കൾ എസി മിലാൻ തന്നെയായിരുന്നു. ഇന്ന് പ്രതാപ് കാലത്തിൻറെ നിഴലായി, ഫുട്ബോൾ ലോകത്ത് പാർശ്വവൽക്കരിക്കപ്പെട്ട് ചുമച്ച് ചുമച്ച് നടക്കുന്ന മിലാന്‍ അല്ല അന്നത്തെ  മിലാൻ. അത് ഒരു കാണേണ്ട കാഴ്ച തന്നെയാണ്. ചെങ്ങല്ലൂർ രംഗനാഥൻ തൃശ്ശൂർ പൂരത്തിന് തലയെടുത്ത് നിൽക്കുന്ന പോലെ ഒരു ടീം.

    ഗോൾപോസ്റ്റിൽ ബ്രസീലിൻറെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ ദിദ. റൈറ്റ് ബാക്കിൽ കഫൂ. ലെഫ്റ്റ് ബാക്കിൽ പൗളോ മാൾദീനി. സെൻട്രൽ ബാക്ക് ആയി ജാപ്പ് സ്റ്റാമും അലക്സാൻഡ്രോ നെസ്റ്റയും. ഡിഫൻസ് മിഡ്ഫീൽഡിൽ ആന്ദ്രേ പിർളോ. ഇടതു വിങ്ങിൽ സീഡോർഫ്, വലതു ഗെന്നാരോ ഗെറ്റൂസോ. പ്ലേ മേക്കർ ആയി സാക്ഷാൽ കക്ക. പിന്നെ ഗോളടിക്കാൻ ആന്ദ്രേ ഷെവ്ചെങ്കോയും പ്രതാപിയായ ഹെർനാൻ ക്രെസ്പോയും. കാർലോ ആൻസലോട്ടി പരിശീലിപ്പിക്കുന്ന മിലാൻ ടീമിൻറെ പ്രതിഭ ധാരാളിത്തത്തിന് പകുതിപോലും വരില്ലായിരുന്നു ലിവർപൂൾ. എണ്ണിപ്പറയാൻ ലൂയിസ് ഗാർഷ്യ, സാബി അലോണ്സോ, സ്റ്റീവൻ ജെറാഡ് പിന്നെ മിലാൻ ബാരോസ്.

 

കളി തുടങ്ങി ഒന്നാം മിനിറ്റിൽ മിലാൻ വെടിപൊട്ടിച്ചു. ആന്ദ്രേ പിർലോയുടെ ഒരു ഫ്രീകിക്കിൽ ക്യാപ്റ്റൻ പൗളോ മാൾദീനിയുടെ വോളി. മിലാൻ (1-0). മുപ്പത്തിയൊൻപതാം മിനിറ്റിൽ മിലാന്റെ  രണ്ടാം ഗോൾ,  കിടിലൻ ഒരു ടീം ഗോൾ. കൗണ്ടർ അറ്റാക്ക് ആക്കി തുടങ്ങിയ പോരാട്ടം കക്കയിൽ നിന്ന് അതിവേഗം റൈറ്റ് വൈഡിൽ ആന്ദ്രേ ഷെവ്ചെങ്കോയിലെക്ക്. പോസ്റ്റിനു മുന്നിലേക്ക് ഷേവ്ചെങ്കൊയുടെ പാസ്. ഹെർനാൻ ക്രെസ്പോക്ക് പിഴച്ചില്ല. മിലാൻ (2-0).മൂന്നാം ഗോളിൽ കക്ക ആരാണെന്നും ക്രെസ്പോ എന്താണ് എന്നും വ്യക്തമായി കുറിച്ചു വച്ചിട്ടുണ്ടായിരുന്നു. നാല്പ്പത്തിനാലാം മിനിറ്റിൽ ലിവർപൂൾ പ്രതിരോധത്തിന് ഇടയിൽ കൂടി കക്കയുടെ ഒരു ത്രൂ-പാസ്സ്. അളന്നു മുറിച്ച് കൊടുത്തത് എന്ന് പറഞ്ഞാൽ അതാണ്. പാഞ്ഞടുത്തു ഡിഫൻഡെർസിനും ഗോളിക്കും മധ്യത്തിൽ നിന്നു കൊണ്ട് ക്രെസ്പോയുടെ ഒരു ക്ലാസിക് ചിപ്പ്. മിലാൻ (3-0).

 

എന്നാൽ രണ്ടാം പകുതിയിൽ വെറുതെയിരിക്കാൻ ലിവർപൂൾ തയ്യാറായില്ല. തുടർച്ചയായ ആക്രമണങ്ങൾക്ക് ഒടുവിൽ ആ വിഖ്യാതമായ അഞ്ചുമിനിറ്റ് തുടങ്ങി. കളിയുടെ 54ആം മിനിറ്റ്. ജോൺ ആറിനെ റിസൈയുടെ ക്രോസ് ക്യാപ്റ്റൻ സ്റ്റീവൻ ജെറാഡ് ഹെഡ് ചെയ്തു അകത്ത്. ലിവർപൂൾ(1-3). അൻപത്തിയാറാം മിനിറ്റിൽ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുക്കം പന്ത് വ്ലാഡിമിര്‍ സ്മൈസറിന്റെ കാലിൽ.  സ്മൈസറിന്റെ ലോങ്ങ് റേഞ്ച് ഷോട്ടിന് ദിദയ്ക്ക് മറുപടി ഇല്ലായിരുന്നു. ലിവർപൂൾ(2-3). അൻപത്തിയൊമ്പതാം മിനിറ്റ്, സമനില ഗോളിനായി കുതിച്ച ജെറാഡീനെ ഗെന്നാരോ ഗെറ്റൂസോ ബോക്സിന് അകത്തു തട്ടി വീഴ്ത്തുന്നു. പെനാൽറ്റി കിക്ക് എടുത്ത് സാബി അലോൺസോക്ക് ആദ്യം പിഴച്ചു. ദിദ തടുത്തു. എന്നാൽ റീബൗണ്ടിൽ അലോൺസോക്ക് പിഴച്ചില്ല. ലിവർപൂൾ(3-3). എസി മിലാന്റെ കിളി പറന്നു പോയി.

വിജയ് ഗോളിനായി ഇരുകൂട്ടരും വീറോടും വാശിയോടും പൊരുതി. എന്നാൽ എക്സ്ട്രാ ടൈം തീരാറായപ്പോൾ ലിവർപൂളിന് ഒരു അപ്രതീക്ഷിത ഹീറോയെ കിട്ടി. ജഴ്സി ഡ്യൂഡക്ക് എന്ന് ഗോൾകീപ്പർ. എക്സ്ട്രാ ടൈമിൽ രണ്ടാം പകുതിയുടെ അവസാനം ഗോളെന്നുറപ്പിച്ച ഷേവ്ചെങ്കൊയുടെ ഒരു ഷോട്ട് ഡ്യൂഡക്ക് തടുത്തിട്ടും. റീബൗണ്ട് വന്നതും ഷേവ്ചെങ്കൊയുടെ മുന്നിൽ തന്നെ. പോസ്റ്റിൽ നിന്ന് അഞ്ച് മീറ്റർ മാത്രം പുറത്ത് ഷേവ്ചെങ്കൊയുടെ അടുത്ത് ഷോട്ട്. അതും ഡ്യൂഡക്ക് തടുത്തു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മുന്നേറി. ആ ഡബിൾ സേവ് ഡ്യൂഡക്കിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി.

 

മിലാനുവേണ്ടി ആദ്യം കിക്കെടുത്ത സെർജിഞ്ഞോക്ക് പിഴച്ചു. പന്ത് പുറത്തേക്ക്. രണ്ടാം കിക്കെടുത്ത ആന്ദ്രേ പിർലോക്കും പിഴച്ചു. ഡ്യൂഡക്ക് തടുത്തിവിട്ടു. എന്നാൽ മറുവശത്ത് ലിവർപൂൾ സ്കോർ ചെയ്തു കൊണ്ടേയിരുന്നു. നിർണായകമായ അഞ്ചാം കിക്കെടുത്തത് ആന്ധ്ര ഷേവ്ചെങ്കൊ. കിക്ക് തടുത്താൽ അവസാന കിക്ക് എടുക്കാതെ തന്നെ ലിവർപൂൾ ചാമ്പ്യന്മാർ. ഡ്യൂഡക്ക് ഉറപ്പിച്ചിരുന്നു. ഷേവ്ചെങ്കൊയുടെ കിക്ക് തടുക്കും. അതെ, അയാൾ അത് തടുത്തു. ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ. ഇസ്തംബൂളിൽ ഒരു വീരേതിഹാസം രചിക്കപ്പെട്ടൂ.

ചാമ്പ്യൻസ് ലീഗ് പേര് പോലെ തന്നെയാണ്. ചാമ്പ്യന്മാരുടെ ലീഗാണ്. തോറ്റവർക്ക് ഇവിടെ സ്ഥാനമില്ല. ഇന്ന് ലിവർപൂൾ ഒരിക്കൽ കൂടി ഫൈനലിൽ ഇറങ്ങുകയാണ്. എന്നാൽ എൻറെ മനസ്സ് ടോട്ടൻഹാമിനെ ഒപ്പമാണ്. അത് ഒരു അണ്ടർഡോഗ് വിജയഗാഥ കൂടി കാണാനുള്ള മോഹം കൊണ്ട്. ഇംഗ്ലീഷ് ഫുട്ബോളിൽ അത്ഭുതങ്ങൾ വിരിയിക്കുന്ന ടോട്ടൻഹം ഒരു കപ്പ് അർഹിക്കുന്നവർ തന്നെയാണ്. അതിൻറെ തുടക്കം ഇവിടെ നിന്ന് ആവട്ടെ.

 

Leave a comment

Your email address will not be published. Required fields are marked *