ഒരു മഞ്ചസ്റ്റർ വീരഗാഥ

ഒരു മഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ മനസ്സിൽ ആദ്യവും അവസാനവും ഒരു മത്സരം മാത്രമേ ഉണ്ടാവൂ. 1999 ചാമ്പ്യൻസ് ലീഗ് ഫൈനൽ. പല തിരിച്ചുവരവുകളും നമ്മൾ ഫുട്ബോൾ മൈതാനത്ത് കണ്ടിട്ടുണ്ട്. എന്നാൽ ദൈവം കയ്യൊപ്പിട്ട തിരിച്ചുവരവ് അത് അതുമാത്രമാണ്. ലോകത്ത് മറ്റൊരു ഫുട്ബോൾ കിരീടത്തിലെയും ഗതി ഇത്ര ചെറിയ നിമിഷത്തിൽ മാറിമറിഞ്ഞിട്ടുണ്ടാവില്ല. രണ്ടു പകരക്കാർ മാറ്റിമറിച്ച തലവിധി
കളി തീരാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ആറാം മിനിറ്റിൽ മാരിയോ ബാസ്ലർ കുറിച്ച് ഗോളിൽ ബയൺ മുന്നിലാണ്. 90 മിനിറ്റിൽ എത്തിയിരിക്കുന്നു. 3മിനിറ്റ് ഇഞ്ചുറി ടൈം എഴുതിയ ബോർഡ് ലൈൻ റഫറി ഉയർത്തിക്കാട്ടി. എങ്ങനെയും ഒരു ഗോൾ അടിക്കാനുള്ള യുണൈറ്റഡ് ആവേശം ഒരു കോർണർ അവർക്ക് നേടിക്കൊടുത്തു. കിക്കെടുത്തത് ഡേവിഡ് ബെക്കാം. ബയേൺ ഗോൾമുഖത്ത് യുണൈറ്റഡ് ഗോൾകീപ്പർ പീറ്റർ ഷീമൈക്കിൾ വരെ ഉണ്ടായിരുന്നു. ഗോൾ മാത്രമായിരുന്നു ലക്ഷ്യം. റയൻ ഗിഗ്ഗ്സ് പന്ത് പോസ്റ്റിലേക്ക് തിരിച്ചപ്പോൾ ലക്ഷ്യം കണ്ടില്ല. എന്നാൽ പന്ത് വന്നുവീണത് 67 മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ ടെഡ് ഷെറിങ്ഹാമിൻറെ കാലിൽ. ഷെറിങ്ഹാമിന് പിഴച്ചില്ല. യുണൈറ്റഡിന് സമനില ഗോൾ. ക്ലോക്ക് അപ്പോൾ സമയം 90+0:36′ എന്ന് കാണിച്ചു.
ഇടിവെട്ടേറ്റ പോലെയായി ബയേൺ. ജയിച്ചു എന്ന് കരുതിയ മത്സരം ആണ് സമനിലയിൽ ആയത്. അവരുടെ മുഴുവൻ ഏകാഗ്രതയും നശിച്ചു. വീണ്ടും കിക്ക് ഓഫിൽ തുടങ്ങിയ പന്ത് പെട്ടെന്ന് തന്നെ ബയേൺൻറെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു. അവർ അടുത്ത കോർണർ വഴങ്ങി. ഇത്തവണയും കിക്കെടുത്തത് ഡേവിഡ് ബെക്കാം. ഉയർന്നുവന്ന കിക്ക് ടെഡ് ഷെറിങ്ഹാമം തലകൊണ്ട് പോസ്റ്റിന് മുന്നിലേക്ക് തിരിച്ചുവിട്ടു. അവിടെ രണ്ടാമത്തെ സബ്സ്റ്റിറ്റ്യൂട്ട് ഉണ്ടായിരുന്നു. ഒരേയൊരു ഒലെ ഗുണ്ണർ സോൾസ്ജർ. മൈക്രോ സെക്കൻഡിൽ സോൾസ്ജർ പ്രതികരിച്ചു. പന്ത് പോസ്റ്റിലേക്ക്. ഗോൾ. സമയം 90+ 2:17′. ലോകത്ത് ഒരാൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വെറും രണ്ടു മിനിറ്റിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ. പിന്നീട് കളി തുടങ്ങുമ്പോൾ ഒന്നനങ്ങാൻ കഴിയാത്തവിധം ബയേൺ പ്ലെയേഴ്സ് മാനസികമായി തളർന്നുപോയിരുന്നു. ബയേൺ സെൻറർ ബാക്ക് സാമുവേൽ കഫൗർ ഒരു കൊച്ചു കുട്ടിയെ പോലെ ഗ്രൗണ്ടിലൂടെ നിലവിളിച്ചു നടന്നത് ഒരു കരളലിയിക്കുന്ന കാഴ്ചയായിരുന്നു