ഓർമ്മയിൽ ചാമ്പ്യൻസ് ലീഗ് – IX
1997 ചാമ്പ്യൻസ് ലീഗ് ഫൈനൽ. നിലവിലെ ചാമ്പ്യൻമാരായ യുവാന്റസിനെ നേരിടുന്നത് ബൊറൂസിയ ഡോട്ട്മോണ്ട് എന്ന പുതുരക്തം. അതെ ഇന്ന് നമ്മക്കെല്ലാം സുപരിചിതമായ ഡോട്ട്മോണ്ട് ഫുട്ബോൾ ലോകത്ത് ഒരു അടയാളം കാണിച്ചു തുടങ്ങിയ സമയം. സാക്ഷാൽ സിനദിൻ സിദ്ദാനും അലെസാന്റ്റോ ഡെല്‍ പിയറോയും തന്ത്രാചാര്യൻ മാർസെലോ ലിപ്പിയുടെ കീഴിൽ യുവൻറസ് നിരയിൽ അണിനിരന്നപ്പോൾ അവർക്ക് കിരീട തുടർച്ചയായിരിക്കും എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ സൂപ്പർ സ്റ്റാർ ഇസത്തെ മനക്കരുത്തുകൊണ്ട് നേരിട്ട് ഡോട്ട്മോണ്ട് 3-1ന്റെ വിജയത്തിന് ചാമ്പ്യൻസ് ലീഗ് പട്ടം സ്വന്തമാക്കി. ആ വിജയത്തിൽ തിളങ്ങിനിന്നത് ലാർസ് റിക്കൻ എന്ന പിൽക്കാലത്തെ ഡോട്ട്മോണ്ട് ലെജൻഡ് ആയ 20കാരൻ പയ്യൻറെ പ്രകടനമായിരുന്നു. ആൻഡ്രെസ് മുള്ളറിന് പകരം 71ആം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങി വെറും പതിനാറാം സെക്കൻഡിൽ ലാർസ് റിക്കൻ ഡോർട്ട്മുണ്ടിന്റെ മൂന്നാം ഗോൾ നേടി. അതും യുവെ ഗോൾകീപ്പർ എയ്ഞ്ചലോ പെറുസ്സിയുടെ തലയ്ക്കു മുകളിലൂടെ 20 വാര പുറത്തുനിന്ന് ചിപ്പ് ഷോട്ട്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു സബ്സ്റ്റിറ്റ്യൂട്ട് നേടുന്ന ഏറ്റവും വേഗമേറിയ ഗോൾ. ചാമ്പ്യൻസ് ലീഗിൽ ഇതിലും അവിസ്മരണീയമായ ഫസ്റ്റ് ടച്ച് ഉണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ??