Editorial Foot Ball Top News

ഓർമ്മയിൽ ചാമ്പ്യൻസ് ലീഗ് – 10

May 25, 2019

author:

ഓർമ്മയിൽ ചാമ്പ്യൻസ് ലീഗ് – 10

 

 

വേൾഡ് കപ്പ് കഴിഞ്ഞാൽ ഫുട്ബോൾ ലോകത്തെ ഏറ്റവും ത്രസിപ്പിക്കുന്ന പോരാട്ടം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ – യുവേഫ ചാമ്പ്യൻസ് ലീഗ്. എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി ഓർമ്മകൾ ബാക്കി വെച്ചാണ് എല്ലാ ചാമ്പ്യൻസ് ലീഗ് ഫൈനലും കടന്നു പോകാറ്. അതിൽ ഏത് ഏറ്റവും മനോഹരം എന്ന് ചോദിച്ചാൽ ബുദ്ധിമുട്ടി പോകും. ഈ ഫീച്ചറിലൂടെ ആധുനിക ചാമ്പ്യൻസ് ലീഗ് യുഗത്തിലെ മറക്കാൻ പറ്റാത്ത 10 മുഹൂർത്തങ്ങളിലൂടെ കടന്നു പോകാം.

ആദ്യം തന്നെ ഒരു ദുരന്തത്തിൽ തുടങ്ങാം. അധികമൊന്നും പിന്നോട്ടല്ല കഴിഞ്ഞകൊല്ലം, 2018 തന്നെ. ദുരന്തനായകൻറെ പേര് ലോറിസ് കറിയസ്.  അതെ ലിവർപൂളിന്റെ സ്വന്തം ദുരന്ത നായകൻ. ലിവർപൂളിന്റെ ഗോൾ കീപ്പിങ് മേഖലയിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകും എന്ന ജർമൻകാരൻ എന്ന് എല്ലാവരും കരുതി. ആ പ്രതീക്ഷകൾ എല്ലാം ഒറ്റയടിക്ക് തല്ലിക്കെടുത്തി ആ ചാമ്പ്യൻസ് ലീഗ് ഫൈനൽ.

 

51ആം മിനിറ്റിലായിരുന്നു ആദ്യ മണ്ടത്തരം. കൈ അണഞ്ഞ ഒരു പന്ത് ഒട്ടും സമയം കളയാതെ ഡെയൻ ലോവറന് പാസ് ചെയ്യാൻ ശ്രമിച്ച കറിയസിന് തെറ്റി. “ഈ കുരുപ്പ് ഇത് എവിടുന്നു വന്നു” എന്ന് ചോദിക്കും പോലെ ദ തൊട്ടുമുന്നിൽ കരിം ബെൻസിമ. കറിയസിന്റെ ഏറ് കിറുകൃത്യം ബെൻസിമയുടെ കാലിൽ, ഗോൾ.

 

രണ്ടാമത്തെ മണ്ടത്തരം 83ആം മിനിറ്റിൽ. റയൽ മാഡ്രിഡിന്റെ രണ്ടാം ഗോൾ ബൈസിക്കിൾ കിക്കിലൂടെ നേടിയ ഗരാത് ബെയിൽ ഒടുക്കത്തെ കോൺഫിഡൻസിൽ ആയിരുന്നു. 83ആം മിനിറ്റിൽ 40 വാര പുറത്തുനിന്ന് ഇടതു കാലുകൊണ്ട് ബെയിൽ തൊടുത്ത ഷോട്ട് കറിയസ് തട്ടിയെങ്കിലും കളയണം ആയിരുന്നു. ശരിയാണ്, പന്തിനെ വെയിറ്റ്-പെയ്സ്-സ്വിങ് എല്ലാം ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ കളിക്കുന്നത് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആണ് ഇത്തരം അബദ്ധങ്ങൾക്ക് ഇവിടെ ഇടമില്ല. ബെയിലിൻറെ ഷോട്ട് കറിയാസിൻറെ കയ്യിൽ തട്ടിത്തെറിച്ച് പോസ്റ്റിന് അകത്തേക്ക്. റയലിന് മൂന്നാം ഗോൾ. ലിവർപൂൾ ആരാധകർ തലയിൽ കൈ വെച്ചു പോയി.

കളി റയൽമാഡ്രിഡ് 3-1ന് ജയിച്ചു. പക്ഷേ ആ കളിയോടെ ലോറിസ് കറിയസ് എന്ന ഗോൾകീപ്പർ വളരെയധികം തഴയപ്പെട്ടു പോയി. ഇപ്പോഴും 25 വയസ്സ് മാത്രമുള്ള ആ യുവാവ് തൻറെ കരിയറിൽ ഇനിയും ഉയരങ്ങളിലേക്ക് തിരിച്ചു വരട്ടെ.

 

Leave a comment

Your email address will not be published. Required fields are marked *