Foot Ball Top News

മഞ്ചസ്റ്ററിന് ഇന്ന് മനംമടുപ്പിക്കുന്ന സമനില

May 5, 2019

author:

മഞ്ചസ്റ്ററിന് ഇന്ന് മനംമടുപ്പിക്കുന്ന സമനില

        മഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസ്ഥ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് ആണ്.  താണ് താണ് തകർച്ചയുടെ നെല്ലിപ്പലക എത്തി എന്നു വിചാരിക്കുമ്പോൾ ഒന്നുകൂടി താണ് താഴ്ചയുടെ പുതിയൊരു തട്ട് കണ്ടെത്തുന്നു.  പ്രീമിയർ ലീഗിലെ ഏറ്റവും ദുർബലരായ ഹഡേർസ്ഫീൽഡ്നോട് 1-1ന് സമനില വഴങ്ങി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ എന്നെന്നേക്കുമായി കൂട്ടി അടച്ചു. അടുത്തകൊല്ലം യൂറോപ്പ ലീഗ് കളിക്കാൻ ആണ് വിധി. അതും പ്ലേ ഓഫ് മത്സരങ്ങൾ വിജയിച്ചാൽ മാത്രം.

 

         എട്ടാം മിനിറ്റിൽ സ്കോട്ട് മെക്ടോമിനിയിലൂടെ മുന്നിലെത്തിയ യുണൈറ്റഡിനെ അറുപതാം മിനിറ്റിൽ ഐസക് എംബെൻസയുടെ ഗോളിലൂടെ ആണ് ഹഡേർസ്ഫീൽഡ് സമനിലയിൽ തളച്ചത്. പോസ്റ്റിന് 16 യാർഡ് പുറത്തു നിന്ന് എടുത്ത മെക്ടോമിനിയുടെ ഷോട്ട് ഹഡേർസ്ഫീൽഡ് ഗോൾകീപ്പർ ജോനാസ് ലോസൽ ഒന്ന് ശ്രമിച്ചാൽ തടുക്കാമായിരുന്നു. തൻറെ തെറ്റിന് പ്രായശ്ചിത്തം എന്നപോലെ ലോസലിന്റെ ലോങ്ങ് പാസ് ആണ് സമനില ഗോളിന് അസിസ്റ്റ് ആയി മാറിയത്. ഈ മത്സരത്തോടെ കഴിഞ്ഞ 11 കളിയിൽ യുണൈറ്റഡ് വെറും രണ്ട് കളിയിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ എന്ന ഗതിയിൽ എത്തിനിൽക്കുന്നു.

 

         അടുത്ത ആഴ്ച  കാർഡിഫ് സിറ്റിയുമായുള്ള മത്സരത്തോടെ യുണൈറ്റഡിന്റെ ദുരിതം നിറഞ്ഞ ഒരു പ്രീമിയർ ലീഗ് സീസൺ അന്ത്യമാവുകയാണ്. ആ മത്സരത്തിൽ എങ്കിലും വിജയിച്ച ഒരു ആശ്വാസകരമായ സൈന്ഔട്ട് യുണൈറ്റഡിന് ഉണ്ടാവട്ടെ. അടുത്ത സീസൺ അടുത്ത ഓഗസ്റ്റിൽ തുടക്കമാകും മുമ്പ് യുണൈറ്റഡ് കളത്തിലും അണിയറയിലും ഒരുപാട് തലകൾ ഉരുളും എന്നുറപ്പ്.
Leave a comment