Foot Ball Top News

കഷ്ട്ടിച്ചു രക്ഷപ്പെട്ട് ലിവർപൂൾ.

May 5, 2019

author:

കഷ്ട്ടിച്ചു രക്ഷപ്പെട്ട് ലിവർപൂൾ.

പ്രീമിയർ ലീഗ് കിരീടപോരാട്ടം സീസന്റെ അവസാന ദിവസം വരെ നീട്ടിക്കൊണ്ട് ലിവർപൂൾ ജയിച്ചു കയറി. അഞ്ച് ഗോളുകൾ പിറന്ന മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ആണ് ലിവർപൂൾ നാടകീയ ജയം കരസ്ഥമാക്കിയത്. വിർജിൽ വാൻ ഡൈക്ക്, മുഹമ്മദ് സാലാ , ഒറീജി എന്നിവർ ലിവേർപൂളിന് വേണ്ടി ഗോൾ നേടിയപ്പോൾ ക്രിസ്ത്യൻ അട്സുവും റോണഡോണും ന്യൂ ക്യാസ്സിൽ നു വേണ്ടി വല കുലുക്കി.

സെയിന്റ് ജെയിംസ് പാർക്കിൽ സീസണിലെ 37മത് പ്രീമിയർ ലീഗ് മത്സരത്തിലേക്ക് ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും ലിവേർപൂളിലേക്ക് ആയിരുന്നു. തോൽവിയോ സമനിലയോ കിരീടമോഹങ്ങളെ തല്ലി കെടുത്തും എന്ന ഉത്തമ ബോധ്യത്തോടെ ഇറങ്ങിയ ലിവർപൂളും സ്വന്തം തട്ടകത്തിൽ അണുവിട വിട്ടുകൊടുക്കാൻ മനസില്ലാതെ ന്യൂ ക്യാസിലും ഇറങ്ങിയപ്പോൾ ഇരു മുഖത്തും ഗോളുകൾ പിറന്നു.പരിക്കേറ്റ നാബി കൈറ്റ്യ്യും ഫിർമിനോയും ഇല്ലാതെ ആണ് ലിവർപൂൾ ഇറങ്ങിയത്.

കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ കടിഞ്ഞാണ് പിടിയിലാക്കാൻ ഉള്ള ലിവർപൂൾ ശ്രമത്തിന്‌ പതിമൂന്നാം മിനുട്ടിൽ തന്നെ ഫലം ലഭിച്ചു. അലക്സാണ്ടർ അർണോൾഡ് എടുത്ത കോർണർ ആരാലും മാർക് ചെയ്യപ്പെടാതെ നിന്ന വാൻ ഡൈക്ക് ഹെഡ് ചെയ്ത് വലയിൽ അയക്കുകയായിരുന്നു. ഗോൾ വീണതോടെ വീര്യം കൂടിയ ന്യൂ ക്യാസ്സിൽ ഇരുപതാം മിനുട്ടിൽ തന്നെ തിരിച്ചടിച്ചു. റോണ്ഡോൺ തൊടുത്ത ഷോട്ട് ഗോൾ ലൈനിൽ വച്ച് കൈ കൊണ്ട് തടഞ്ഞ അര്ണോൽഡിന് ചുവപ്പ് കാർഡ് കിട്ടാതേ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. റീബൗണ്ട് ചെയ്ത് വന്ന ബോൾ ക്രിസ്ത്യൻ അറ്റ്സു വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ഒരു പക്ഷെ ഗോൾ സ്കോർ ചെയ്തില്ലായിരുന്നെങ്കിൽ ന്യൂ ക്യാസിലനു പെനാൾട്ടിയും അര്ണോൽഡിന് ചുവപ്പു കാർഡും ലഭിക്കുമായിരുന്നു.
തുടർന്ന് മികച്ച മുന്നേറ്റങ്ങളും അവസരങ്ങളും ആയി മുന്നേറിയ ന്യൂ ക്യാസ്സിൽന്റെ കളി ഒഴുക്കിന് വിരുദ്ധമായി ഇരുപത്തി എട്ടാം മിനുട്ടിൽ ലിവർപൂൾ വീണ്ടും സ്കോർ ചെയ്തു. കളിയിലെ തന്റെ രണ്ടാം അസിസ്റ്റിലൂടെ അർണോൾഡ് നൽകിയ പാസ്സ് മുഹമ്മദ് സാലാ പോസ്റ്റിലേക്ക് തിരിച്ചു വിടുകയായിരുന്നു.

രണ്ടാം പകുതി മികച്ച രീതിയിൽ തുടങ്ങിയ ലിവേർപൂളിന് അവസരങ്ങൾ നിരവധി ലഭിച്ചു. പക്ഷെ ലിവർപൂൾ ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ടു കൊണ്ട് റോണ്ഡോൺ ന്യൂ ക്യാസിലിന് വേണ്ടി 54മത്തെ മിനുട്ടിൽ രണ്ടാം ഗോൾ നേടി.
എഴുപതിമൂന്നാം മിനുട്ടിൽ സാലക്കു പകരക്കാരൻ ആയി ഒറീജി ഇറങ്ങി. പന്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ നിലത്തു വീണ സാലായുടെ തല ശക്തിയോടെ ഗ്രൗണ്ടിൽ ഇടിക്കുകയായിരുന്നു.

86 മിനുട്ടിലാണ് ലിവർപൂൾ ആരാധകരെ ഉന്മാദത്തിൽ ആക്കിയ ഗോൾ പിറന്നത്. ബോക്സിലേക്ക് ശാഖിരി ഉയർത്തി വിട്ട പന്ത് ഉയർന്ന് ചാടിയ ഒറീജി വലയിലേക്ക് ഹെഡ് ചെയ്ത് വിടുകയായിരുന്നു.റീപ്ലേകളിൽ ഒരു സെല്ഫ് ഗോളിന്റെ പ്രതീതി നൽകിയെങ്കിലും ഒടുവിൽ അതു ഒറീജിയുടെ അക്കൗണ്ടിൽ തന്നെ റജിസ്റ്റർ ചെയ്യപ്പെട്ടു.

നാടകീയമായ നിമിഷങ്ങൾക്ക് ഒടുവിൽ ലിവർപൂൾ ജയിച്ചുകയറി, പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക്. ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ ഊഴമാണ്. എങ്കിലും മുഹമ്മദ് സാലക്കു ഏറ്റ പരിക്ക് ലിവേർപൂളിന് ആശങ്ക ഉണർത്തുന്ന വാർത്ത തന്നെയാണ്. ബാഴ്‌സക്കെതിരെ രണ്ടാം പാദത്തിൽ തിരിച്ചു വരും എന്ന് വിശ്വസിക്കുന്ന കടുത്ത ആരാധകരുടെ മനസിലേക്ക് സംശയത്തിന്റെ വിത്തുകൾ പാകാൻ തക്കവണ്ണം മാനങ്ങൾ ഉള്ളത്.

Leave a comment

Your email address will not be published. Required fields are marked *