Cricket IPL Top News

കൊൽക്കത്ത പ്രതീക്ഷ നിലനിർത്തി; പഞ്ചാബ് പുറത്ത്.

May 4, 2019

author:

കൊൽക്കത്ത പ്രതീക്ഷ നിലനിർത്തി; പഞ്ചാബ് പുറത്ത്.

ഏറെക്കുറെ ക്വാർട്ടർ ഫൈനൽ എന്ന് വിശേഷിപ്പിക്കാമായിരുന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഇലവനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ, ഒരു മത്സരം അവശേഷിക്കെ പഞ്ചാബ് ടൂർണമെന്റിൽ നിന്നും പുറത്തായി. ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ ഏഴിൽ നാലു കളികളും ജയിച്ച് പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനക്കാരിൽ ഒരാളായിരുന്ന പഞ്ചാബിന് അടുത്ത ആറു കളികളിൽ നിന്നും ഒരു കളി മാത്രമാണ് ജയിക്കാനായത്. സീസണിലെ റൺ വേട്ടക്കാരിൽ മുൻപന്തിയിൽ ഉള്ള രാഹുലും ഗെയിലും അടങ്ങുന്ന പഞ്ചാബിന് പക്ഷെ കളികൾ ജയിപ്പിക്കാൻ കഴിയാതെ പോയത് അവർക്ക് വിനയായി. കൊൽക്കത്തയും ഏറെക്കുറെ പഞ്ചാബിന്റെ അതെ അവസ്ഥയിൽ ആയിരുന്നു. ആദ്യ പകുതിയിൽ അവരും ഏഴിൽ നാലു കളികളും ജയിച്ചിരുന്നു. ഒരു ഘട്ടത്തിൽ പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരായിരുന്നു ഇരു ടീമുകളും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബിന്റെ രണ്ടു ഓപ്പണർമാരെയും നിലയുറപ്പിക്കുന്നതിനു മുന്നേ പാവലിയനിലെത്തിച്ച മലയാളി താരം സന്ദീപ് വാര്യർ തനിക്ക് കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. മികച്ച രീതിയിൽ പന്തെറിഞ്ഞ സന്ദീപ് വാര്യർ നാലു ഓവറിൽ നിന്നും 31 റൺസ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റുകൾ വീഴ്ത്തിയത്. നാല് ഓവറിൽ 22 റൺസിന്‌ 2 വിക്കറ്റ് എന്ന നിലയിൽ പരുങ്ങിയ പഞ്ചാബിനെ നിക്കൊളാസ് പൂറനും മായങ്ക് അഗർവാളും ചേർന്നുള്ള 70 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്‌. 27 പന്തിൽ 3 ബൗണ്ടറികളും 4 സിക്സറുകളും അടക്കം 48 റൺസ് അടിച്ച നിക്കൊളാസ് പൂറൻ   റാണയുടെ പന്തിൽ സന്ദീപ് വാര്യർ ക്യാച്ച് എടുത്തു പുറത്തായി. അധികം വൈകാതെ അഗർവാളും( 26 പന്തിൽ 36 ) പവലിയനിലെത്തി. ഒടുവിൽ അവസാന 5 ഓവറിൽ സാം കറൻ നടത്തിയ വെടിക്കെട്ടാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.  24 പന്തിൽ 7 ബൗണ്ടറികളും 2 സിക്സറുകളും അടക്കം 22 റൺസ് എടുത്ത കറൻ പുറത്താകാതെ നിന്ന്. ഗുർണി എറിഞ്ഞ അവസാന ഓവറിൽ കറൻ 22 റൺസ് ആണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്ക്ക് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. മികച്ച ഫോമിൽ ബാറ്റ് വീശിയ ക്രിസ് ലിൻ പവർ പ്ലേയ് ഓവറുകളിൽ ആഞ്ഞടിച്ചു. പവർ പ്ലേയുടെ അവസാന പന്തിൽ ലിൻ പുറത്താകുമ്പോൾ ടീം 62 റൺസ് എടുത്തിരുന്നു. ലിൻ 22 പന്തിൽ നിന്നും 46 റൺസ് ( 5×4 & 3×6 ) എടുത്തു. പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത യുവതാരം ശുബ്മാൻ ഗിൽ പത്താം ഓവറിൽ സ്കോർ 100 കടത്തി. 22 റൺസെടുത്ത ഉത്തപ്പയും 24 റൺസെടുത്ത റസ്സലും 21 റൺസെടുത്ത കാർത്തിക്കും ഗില്ലിനു മികച്ച പിന്തുണ നൽകി. 49 പന്തിൽ 65 റൺസെടുത്ത ഗില്ലിനൊപ്പം നായകൻ കാർത്തിക് രണ്ട് ഓവർ ബാക്കി നിൽക്കെ ടീമിനെ അനായാസം വിജയത്തിലെത്തിച്ചു.

അടുത്ത കളിയിൽ കൊൽക്കത്തയ്ക്ക് വിജയം അനിവാര്യമാണ്. ഇന്ന് നടക്കാനിരിക്കുന്ന കളിയിൽ ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സ് വിജയിച്ചാൽ, മുംബൈക്കെതിരെ വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേയ് ഓഫ് യോഗ്യത നേടാനാകൂ.

Leave a comment