Foot Ball Top News

ഈകർ കാസിയസും സാവി ഹെർണാണ്ടസ്.

May 3, 2019

author:

ഈകർ കാസിയസും സാവി ഹെർണാണ്ടസ്.

        ലോക ഫുട്ബോൾ സൗഹൃദ സംഘത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി ഒരു ദിവസമായിരുന്നു ഇന്നലെ. രണ്ട് ഇതിഹാസങ്ങൾ ഇനി ഫുട്ബോൾ മൈതാനത്തെ തങ്ങളുടെ  കേളി മികവുകൊണ്ട് പുളകം കൊള്ളിക്കാൻ ഇനി ഇല്ല. ഒരാൾ സ്വന്തം തീരുമാനപ്രകാരം കളി ജീവിതം അവസാനിപ്പിച്ചതാണെങ്കിൽ അടുത്തയാളുടെ പോരാട്ടത്തിന് സ്വന്തം ശരീരം തന്നെയാണ് തിരശ്ശീല ഇട്ടത്.

        ഏകദേശം സമകാലികം എന്ന പോലെയാണ് ഈകർ കാസിയസിന്റെയും സാവി ഹെർണാണ്ടസിന്റെയും ഫുട്ബോൾ കരിയർ തുടങ്ങിയതും ഒടങ്ങിയതും. കാസിയസ് ലോകത്തെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ ആയി പലരാലും വാഴ്ത്തപെട്ടപ്പോൾ  സാവി ലോകത്തെ എക്കാലത്തെയും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായി വാഴ്ത്തപ്പെടുന്നു. സ്പെയിൻ എന്ന രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര വേദികളിൽ തോളോടുതോൾ ചേർന്ന് രണ്ടുപേരും പോരാടി. എന്നാൽ ക്ലബ്ബ് ചരിത്രത്തിലേക്ക് കടന്നപ്പോൾ രണ്ടുപേരും പരസ്പരം തകർത്ത് മുന്നേറാൻ നിന്ന് ബദ്ധവൈരികളായി മാറി. കാസിയസ് റിയൽ മാഡ്രിഡിന് വേണ്ടിയും സാവി ബാർസലോണക്ക് വേണ്ടിയും.

 

        റയലും ബാർസലോണയും അടക്കിവാണ  ക്ലബ് ഫുട്ബോൾ കാലഘട്ടത്തെ മുന്നോട്ടു നയിക്കുന്നതിൽ മുന്നിൽ നിന്നവരാണ് ഇരുവരും. ആ മത്സര വീറ് അവർ സ്പെയിൻ അന്താരാഷ്ട്ര ഫുട്ബോൾ ടീം ലേക്ക് കൊണ്ടുവന്നപ്പോൾ ലോകാത്ഭുതം എന്നപോലെ അടുപ്പിച്ച് മൂന്ന് അന്താരാഷ്ട്ര കിരീടങ്ങളാണ് സ്പെയിനിനെ തേടിയെത്തിയത്, 2008 യൂറോകപ്പ്; 2010 വേൾഡ് കപ്പ്; 2012 യൂറോ കപ്പ്. ആ കാലഘട്ടങ്ങളിൽ ഒന്നും ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർ ആര് ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആര് എന്ന ചോദ്യങ്ങൾക്ക് വേറെ ഉത്തരങ്ങൾ ഉണ്ടായിരുന്നില്ല. സ്പെയിനിനെ 4 ലോകകപ്പിൽ പ്രതിനിധാനം ചെയ്തിട്ടുള്ള നാലു കളിക്കാരിൽ രണ്ടുപേരാണ് സാവിയും കാസിയസും. കളിക്കളത്തിൽ താങ്കളുടെ പ്രകടനം കൊണ്ടും കളിക്കളത്തിന് അകത്തും പുറത്തും ഉള്ള പെരുമാറ്റം കൊണ്ടും സാവിയും കാസിയസും എല്ലാ മേഖലയിലുമുള്ള വ്യക്തികളുടെയും ആദരവ് പിടിച്ചുപറ്റി.

 

          17 വർഷം ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ച സാവി 8 ലാലിഗ കിരീടങ്ങളും 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടി. 16 സീസൺ റയൽ മാഡ്രിഡിനു വേണ്ടി കളിച്ച കാസിയസ് ആകട്ടെ 5 ലാലിഗ കിരീടങ്ങളും 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കി. എണ്ണിയാലൊടുങ്ങാത്ത മറ്റു കിരീടങ്ങളും ഇരുവരും അവരുടെ ക്ലബ്ബിനായി നേടിയിട്ടുണ്ട്. തങ്ങളുടെ പ്രതാപകാലത്ത് സാവിയും ഇനിയേസ്റ്റയും ലോകത്തെ എല്ലാ പ്രതിരോധ ഭടന്മാരുടെ പേടിസ്വപ്നമായിരുന്നു. ലയണൽ മെസ്സിയുടെ ബാറ്ററി എന്നായിരുന്നു സാവിയും ഇനിയേസ്റ്റയും അറിയപ്പെട്ടിരുന്നത്. അവരില്ലാത്ത കളികളിൽ മെസ്സിയുടെ ഫോം നഷ്ടപ്പെടുന്നതും പ്രകടമായിരുന്നു. മെസ്സി എന്ന സൂപ്പർ താരത്തെ വാർത്തെടുക്കുന്നതിൽ സാവിയുടെ പങ്ക് നിർണായകമാണ്. 2009 മുതൽ 2011 വരെയുള്ള ബാലൻഡിയോർ വേണ്ടിയുള്ള പോരാട്ടത്തിൽ മെസിക്കും റൊണാൾഡോക്കും ഇനിയേസ്റ്റക്കൂം ഒപ്പം ഉണ്ടായിരുന്നു സാവി, മൂന്നു വർഷവും മൂന്നാം സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വരുന്നു സാവിക്ക്. 2010 വേൾഡ് കപ്പിൽ സ്പെയിനിനു വേണ്ടി സാവി പിന്നിട്ടത് ഗ്രൗണ്ടിൽ 80.2 കിലോമീറ്റർ ആയിരുന്നു. ഹോളണ്ടിനെതിരെയുള്ള ഫൈനലിൽ മാത്രം 15 കിലോമീറ്റർ. 2014 അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് സാവി വിടവാങ്ങുമ്പോൾ സാക്ഷാൽ വിസെന്റ് ഡെൽ ബോസ്കോ പറഞ്ഞത് “സാവി ടീമിൻറെ നിർണായക ഘടകമാണ്, മാനേജർനെക്കാളും നിർണായകം.”

 

       
           സാവിയുടെ ഗോൾ അടുപ്പിച്ചുള്ള ചരിത്രത്തോളം മികവുറ്റതാണ്  കാസിയസ്സിൻറെ ഗോൾ തടുത്തുകൊണ്ടുള്ള ചരിത്രം . സ്പെയിനിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ(169) കളിച്ച കാസിയസിന്റെ പേരിൽ തന്നെയാണ് ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരൻ എന്ന റെക്കോർഡ്(177). റയൽ മാഡ്രിഡ് ആയി 725 മത്സരങ്ങളിൽ കാസിയസ് വല കാത്തു. 2009-10 ലാലിഗ സീസണിൽ സെവിയയ്ക്കെതിരെ ഡീഗോ പെറോട്ടിയുടെ ഷോട്ട് തടുക്കാൻ കാസിയസ് കാണിച്ച ആ പ്രയത്നം മാത്രം മതി മറ്റു ഷോട്ട് സ്റ്റോപ്പർമാരെക്കാൾ എത്ര മുകളിലാണ് കാസിയസിന്റെ സ്ഥാനം എന്നറിയാൻ.

         മനോഹരമായ എന്തിനും ഒരു അന്ത്യംഇ ഉണ്ടാകണം എന്ന് പറയും പോലെ ആയിരുന്നു കാസിയസിന്റെ റയൽമാഡ്രിഡ് കരിയറിന്റെയും സാവയുടെ ബാർസലോണ കരിയറിന്റെയും അവസാനം. 2015 സീസണിൽ കാസിയസ് പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയിലോട്ട് ചേക്കേറി, സാവി ഖത്തർ ക്ലബ്ബായ അൽ-സാദ്ദിലോട്ടും. വെള്ളിവെളിച്ചത്തിൽ നിന്ന് രണ്ടു താരങ്ങൾ മങ്ങിയ വെട്ടത്തിലോട്ട് മാറുകയായിരുന്നു. പിന്നീട് അവിടെ ഇവിടെ ആയി ചില കഥകളിലും ഓർമ്മകളിലും മാത്രമായി അവർ ഒതുങ്ങി. പോർട്ടോ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനാൽ കാസിയസ് മുഖ്യധാരയിൽ വന്നുപോയി. അങ്ങനെ ഇരിക്കുകയാണ് കാസിയസിന്റെ കരിയറിന് ഒരു അർധവിരാമം ആയി ഹാർട്ടറ്റാക്ക് എന്ന വില്ലൻ അവതരിച്ചത്.

 

            മുപ്പത്തി ഏഴാം വയസ്സിൽ നിൽക്കുമ്പോൾ ഇത്തരം ഒരു ശാരീരിക അവസ്ഥയിൽ കാസിയസിന് ഇനി കളിക്കളത്തിൽ തിരിച്ചു വരാമോ എന്ന് പറയാൻ കഴിയില്ല. പോർച്ചുഗീസ് കാർഡിയോളജിസ്റ്റികളുടെ അഭിപ്രായത്തിൽ ഇനിയുള്ള കാലം കാസിയസിന് ഹൃദയവാൽവിൽ ഒരു സ്റ്റെൻറുഓ ആയി ജീവിക്കണം. അങ്ങനെയുള്ള ഒരു വ്യക്തിക്ക് എങ്ങനെ ഫുട്ബോൾ കളിക്കാൻ കഴിയും. ഒരുപക്ഷേ ഫുട്ബോളിനെ മറ്റു മേഖലകളിലേക്ക് കാസിയസിന് കടക്കാൻ സമയമായി കാണും.
            സാവി കളിക്കളത്തിൽനിന്ന് വിരമിക്കുന്നത് ആ ഉദ്ദേശത്തോടെയാണ്. 39 ആം വയസ്സിൽ തൻറെ കോച്ചിംഗ് കരിയറിന് തുടക്കമിടാൻ സമയമായി എന്ന് കരുതുന്നു സാവി. 2022 ഖത്തർ വേൾഡ് കപ്പിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം കൂടി മുൻകൂട്ടിക്കണ്ടാണ് സാവി അൽ-സാദ്ദിലോട്ട് കൂടു മാറിയത്. ഇനിയും ഫുട്ബോൾ ക്യാൻവാസിൽ സാവിയും കാസിലസും ഉണ്ടാകും. എന്നിരുന്നാലും കളിക്കളത്തിലെ രണ്ടു മിന്നൽപിണരുകൾ ഒരേ ദിവസം കെട്ടടങ്ങുന്നുവെന്ന് കാണുന്നത് ഏത് ഫുട്ബോൾ ആരാധകൻ മൗനത്തിൽ ആക്കും.

 

          താങ്ക്യൂ സാവി… താങ്ക്യൂ കാസിയസ്… ഫുട്ബോൾ ഉള്ളിടത്തോളം കാലം നിങ്ങൾ നിലനിൽക്കും..
Leave a comment

Your email address will not be published. Required fields are marked *