Foot Ball Top News

മെസ്സിക്ക് ഡബിൾ ; ബാഴ്സക്ക് വമ്പൻ ജയം

May 2, 2019

author:

മെസ്സിക്ക് ഡബിൾ ; ബാഴ്സക്ക് വമ്പൻ ജയം

ഗ്രേറ്റ് എന്ന പദം ഈ കാലഘട്ടത്തിൽ  ഒരുപാടു പേർക്ക്  അലസമായി ചാർത്തി കൊടുക്കപ്പെട്ടിട്ടുണ്ട് .അതിൽ അപൂർവം പേരെയാണ് ജീനിയസ് എന്ന അപരനാമത്തിൽ  നമ്മൾ വിളിക്കാറുള്ളു.ഇവരിൽ കാലഘട്ടത്തെ തന്നെ  നിർവചിക്കുന്ന അഭൗമ  പ്രതിഭകളെ ദൈവതലത്തിൽ ആണ് നമ്മൾ പ്രതിഷ്ഠിക്കാറുള്ളത് .നൗ ക്യാമ്പിൽ 81 ആം  മിനുട്ടിൽ കണ്ടത് ആ  ഒരു ദൈവത്തിൻറ്റെ  കൈയൊപ്പ് ആയിരുന്നു.2 – 0 ലീഡ് ചെയ്ത നിൽക്കുന്ന ബാർസ  ഗോൾ പോസ്റ്റിൻ 3 0  വാര അകലെ നിന്ന് ഒരു ഫ്രീ കിക്ക്‌ ലഭിക്കുന്നു.ലിവര്പൂളിൻറെ ഡിഫെൻസീവ്  മതിൽ സജ്ജമായിരുന്നു ,അലിസൺ  ബെക്കർ എന്ന ഗോൾ കീപ്പറും.അലിസനെയും കാണികളെയും പ്രജ്ഞരാക്കികൊണ്ട്  ബോൾ  പോസ്റ്റിന്റെ ടോപ് ലെഫ്റ്റ്  കോർണറിൽ പറന്നിറങ്ങി .അവിശ്വസനീയത ആർപ്പുവിളികൾക്ക് വഴിമാറി .നൗ ക്യാമ്പ് എത്ര തവണ ഇത്തരം ദൃശ്യങ്ങൾക്ക് സാക്ഷികൾ ആയിട്ടുണ്ടെന്ന് പറയാൻ കഴിയില്ല .അവർക്ക് ഇത്  ശീലമാണ്.ക്ളോപ്പിന്റെ മുഖത്തും ആശ്ചര്യം കലർന്ന ചിരി മാത്രം.
ലിവർപൂളും ബാർസിലോണയും  തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൻ്റെ ഒന്നാം പാദ  മത്സരം   ഫുട്ബോൾ ലോകം വളരെ ആകാംക്ഷയോടും ആവേശത്തോടെയും ആണ് കാത്തിരുന്നത്.മികച്ച ഫോമിൽ കളിക്കുന്ന രണ്ടു ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ എന്നേക്കും മനസ്സിൽ സൂക്ഷിക്കാൻ ഉള്ള മുഹൂർത്തങ്ങൾക്കുവേണ്ടി കാത്തിരുന്നവരെ  ഒരിക്കലും നിരാശപെടുത്താത്ത ഒരു മത്സരം ആയിരുന്നു  ഇന്നലത്തേത് .സ്റ്റാറ്റിസ്റ്റിക്‌സ് ബാർസിലോണ 3 -0 നു വിജയിച്ചു എന്ന് പറയുമ്പോൾ അത് ലിവര്പൂളിൻറെ പ്രകടനത്തിനോട് നീതി പുലർത്തുന്നുണ്ടോ എന്ന് സംശയമാണ് .ഉടനീളം ആവേശം നിറഞ്ഞ കളിയിൽ  ചെറിയ മാറ്റങ്ങളോടെ  ആണ് ലിവർപൂൾ ടീം ഇറങ്ങിയത് .പതിവിനു വിപരീതമായി ഫാൾസ് 9 റോളിൽ ഇറങ്ങയത്  വാനൾഡ൦  ആയിരുന്നു .ഹെൻഡേഴ്‌സണ്‌ പകരക്കാരനായി നബി കെയ്റ്റയും ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ചു. ലാ ലീഗയിൽ കഴിഞ്ഞ 11 സീസണിടെ എട്ടാം കിരീടം ഉറപ്പാക്കിയ ബാർസിലോണയും കുറച്ചു മാറ്റങ്ങളോടെ ആണ് ഇറങ്ങിയത്.സെമെഡോയിക്ക് പകരമായി സെർജിയോ റോബെർട്ടോയും ആർതറിനു പകരമായി വിദാലും ആണ് ഇറങ്ങിയത് .
തുടക്കത്തിലേ തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ഒടുവിൽ ഇരു ടീമുകളും തങ്ങളുടെ അതിശീക്തം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു .25 ആം മിനുറ്റിൽ പരുക്കേറ്റ നാബി കെയ്റ്റയ്ക്ക് പകരമായി ഹെൻഡേഴ്സൺ കളത്തിലിറങ്ങി.26 ആം മിനുറ്റിൽ  ബോക്സിൻറെ ഇടതു വശത്തുനിന്നും ജോർഡി ആൽബ അളന്നു മുറിച്ചു നൽകിയ പാസ് സുവാരസ് ഒരു മികച്ച ഫിനിഷിങ്ങിലൂടെ അലിസനെയും കബളിപ്പിച്ചുകൊണ്ട് വലക്കു അകത്താക്കി .ഇ ചാമ്പ്യൻസ് ലീഗ് സീസണിലെ സുവാരസിന്റെ ആദ്യ ഗോൾ ആയിരുന്നു അത് .കളിയുടെ 36 ആം മിനുറ്റിൽ സുവാരസിന് ലഭിച്ചതിന് സമാനമായ അവസരം സാഡിയോ മാനേക്ക് ലഭിച്ചെങ്കിലും ഫിനിഷ് ചെയ്യാൻ സാധിച്ചില്ല.
കളിയുടെ 54 ആം മിനുറ്റിൽ മുഹമ്മദ് സാലയുടെ മികച്ച ഒരു മുന്നേറ്റം വളരെ ശ്രമപ്പെട്ടാണ് റ്റർ സ്റ്റേഗൻ  വഴി തിരിച്ചു വിട്ടത്.അറുപതാം മിനിറ്റിലും സാലയുടെ പാസ് മിൽനെർ തൊടുത്ത ഷോട്ട് ഗോൾകീപ്പർ പിടിച്ചെടുത്തു.കളിയുടെ ഒഴുക്കിനു വിപരീതമായി ബാർസിലോണ തങ്ങളുടെ രണ്ടാം ഗോൾ നേടി .ബാറിൽ തട്ടി തിരിച്ചെത്തിയ സുവാരസിന്റെ ഷോട്ട് മെസ്സിയാണ് വലയിലെത്തിച്ചത്.എണ്പത്തിമൂന്നാം മിനുട്ടിലാണ് മെസ്സിയുടെ പ്രതിഭ വിളിച്ചോതുന്ന മാന്ത്രിക ഗോൾ പിറന്നത്.കളിയുടെ അവസാന നിമിഷങ്ങളിൽ ലീഡ് ഉയർത്താൻ കിട്ടിയ അവസരം കൗട്ടീഞ്ഞോക്ക് പകരക്കാരനായി ഇറങ്ങിയ ടെമ്പെലെയ്ക്ക് മുതലാക്കാൻ ആയില്ല.ആദ്യപാദ മത്സരം അവസാനിച്ചപ്പോൾ മുൻതൂക്കം ബാർസിലോണക്ക് തന്നെയാണ്.ഒരു എവേ ഗോളിനുള്ള അവസരം ഒരുപാടു ലഭിച്ചെങ്കിലും ലിവർപൂൾ മുന്നേറ്റനിരക്ക് നിര്ഭാഗ്യവശാൽ സാധിച്ചില്ല .
ലിവർപൂളിന് പിഴച്ചത് എവിടെയാണ് ??? ബാർസ  മുന്നേറ്റ നിരയുടെ വേഗതക്കുറവ് കണക്കിലെടുത്തു ഹൈ ഡിഫെൻസീവ് ലൈൻ പാലിച്ചതാണോ???ബാർസക്ക്  ലഭിച്ചതിനു സമാനമായ അവസരങ്ങൾ ഗോൾ ആക്കുന്നതിൽ പരാജയപ്പെട്ട മുന്നേറ്റനിരക്കാണോ ??? അതോ മെസ്സി എന്ന മാന്ത്രികൻറെ മുന്നിലാണോ ???
രണ്ടാം പാദ മത്സരത്തിന് മുൻപ് ക്ളോപ്പിന് മുൻപിൽ ചോദ്യങ്ങൾ അനവദിയാണ്
Leave a comment