Foot Ball Top News

ചാമ്പ്യൻസ് ലീഗ് : വാൻ ഡേ ബീക്കിന്റെ ഗോളിൽ അയാക്സിന് എവേ മത്സരവിജയം.

May 1, 2019

author:

ചാമ്പ്യൻസ് ലീഗ് : വാൻ ഡേ ബീക്കിന്റെ ഗോളിൽ അയാക്സിന് എവേ മത്സരവിജയം.

         ലണ്ടനിൽ ഇന്നലെ അയാക്സിന്റെ തേരോട്ടമായിരുന്നു. ടോട്ടൻഹാമിനെ ഒരു ഗോളിന് തകർത്ത് കൊണ്ട് അയാക്സ് തങ്ങളുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കുന്നു. അതും നിർണായകമായ ഒരു എവേ ഗോളിന്റെ ആനുകൂല്യത്തിൽ. കാൽ നൂറ്റാണ്ടിനിടയ്ക്ക് മറ്റൊരു ചാമ്പ്യൻസ് ലീഗ് ഫൈനലിനോട് അടുക്കുകയാണ് അയാക്സ്. എന്നാൽ അരനൂറ്റാണ്ടിനപ്പുറം ആദ്യമായി സെമിയിൽ എത്തിയ ടോട്ടൻഹാം താങ്കളുടെ ലക്ഷ്യത്തിലേക്ക് നടക്കുമെന്ന് തോന്നുന്നില്ല.

 

        15ആം മിനിറ്റിൽ ആണ് ഡോണി വാൻ ഡെ ബീക്ക് അയാക്സിന് ആ നിർണായക ഗോൾ നേടി കൊടുത്തത്. ഹക്കീം സിയെചിന്റെ അളന്നുമുറിച്ച് പാസ് ടോട്ടൻഹാം നായകൻ ഹ്യൂഗോ ലോറിസിനെ കബളിപ്പിച്ച് വീഴ്ത്തിയതിനുശേഷമാണ് വാൻ ഡെ ബീക്ക് പോസ്റ്റ്ലോട്ട് തൊടുത്തത്. അയാക്സിന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾ ഒരു ഗോളിൽ മാത്രം അടങ്ങിയുള്ളൂ എന്നതിൽ ടോട്ടൻഹാമിനെ ആശ്വസിക്കാം. സ്പർസ് പൂർണ്ണമായി അടിയറവ് പറഞ്ഞു എന്നല്ല. കീറൻ ട്രിപ്പിയാറുടെ രണ്ട് സെറ്റ് പീസ് അവസരങ്ങൾ ടോബി ആൾഡർവീൽഡും ഫെർണാഡോ ലോറന്റയും ഗോളിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചത് നിർഭാഗ്യകരമായി പോസ്റ്റിന് വെളിയിലേക്ക് പോവുകയായിരുന്നു.

 

         39 ആം മിനിറ്റിൽ പരിക്കുപറ്റിയ യാൻ വെർടോന്ഗനു പകരം മൗസ സിസ്സോകോ കളത്തിലിറങ്ങിയത് ടോട്ടൻഹാമിനു കുറച്ചുകൂടി മധ്യനിരയിൽ ആധിപത്യം നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാലി അലി രണ്ടുവട്ടം ഗോളിന് അടുത്ത എത്തിയതാണ്. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു. മറുവശത്ത് അയാക്സും ഒരു ഗോളിൽ നിർത്താൻ തയ്യാറായിരുന്നില്ല. 78 മിനിറ്റിൽ ഡേവിഡ് നെർസിന്റെ ഷോട്ട് ഫാർ പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ ലില്ലി വൈറ്റ് ആരാധകരുടെ ഹൃദയമിടിപ്പ് ഒരു നിമിഷത്തേക്ക് നിലച്ചതാണ്.

 

          ഒരു ഗോളിന് ആനുകൂല്യവും ആയി അടുത്ത ആഴ്ച ടോട്ടൻഹാമിനെ സ്വന്തം നഗരമായ ആംസ്റ്റർഡാമിൽ നേരിടാൻ ഒരുങ്ങുകയാണ് അയാക്സ്. ഡച്ച് കോട്ടയിൽ നിന്ന് ഒരു വിജയവുമായി മടങ്ങിയാൽ അല്ലാതെ ടോട്ടൻഹാമിനെ മുന്നോട്ട് ഇനി വഴിയില്ല. എന്നാൽ ഒരു ഗോൾ വ്യത്യാസത്തിൽ വിജയിച്ചാൽ പോലും ടോട്ടൻഹാമിനു ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ നിലനിർത്താം. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചു വരുന്ന സൺ ഹുവെങ് മിൻ അവരുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടും. സ്വന്തം ബഡ്ഡി ടോബി ആൾഡർവീൽഡുമായി കൂട്ടിയിടിച്ച് പരിക്കുപറ്റിയ യാൻ വെർടോന്ഗനു എന്തായാലും അടുത്ത കളി കളിക്കുന്നതായിരിക്കില്ല. മുഖമാകെ രക്തംവാർന്ന് ബാലൻസ് നഷ്ടപ്പെടുന്ന രീതിയിലാണ് ടോട്ടൻഹാമിനെ ഇന്നലെ വെർടോന്ഗനെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യേണ്ടി വന്നത്. അത്രപെട്ടെന്ന് തോറ്റ് തരാത്ത പോരാട്ടവീര്യത്തോടെ അയാക്സ് കളിക്കുമ്പോൾ മുന്നോട്ടുള്ള യാത്ര സ്പർസിന് അത്ര സുഖകരമാകില്ല.
Leave a comment