Foot Ball Top News

മഞ്ചസ്റ്ററിൽ ഇന്നൊരു ഡെർഭി പോരാട്ടം

April 24, 2019

author:

മഞ്ചസ്റ്ററിൽ ഇന്നൊരു ഡെർഭി പോരാട്ടം

 

 

കാലത്തിന് ഒരു അനിശ്ചിതത്വം ഉണ്ട്.  അല്ലെങ്കിൽ പത്ത് പതിനഞ്ച് വർഷം മുമ്പ് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മത്സരം ഇന്ന് പ്രീമിയർ ലീഗിലെ ഏറ്റവും ക്ലാസിക് ഡെർബി പോരാട്ടം ആയി മാറുന്നത് എങ്ങനെയാണ്. ഇന്നു വൈകിട്ട് മഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും രണ്ടുകൂട്ടർക്കും ചിന്തിക്കാൻ വയ്യ. സിറ്റിക്ക് കിരീട പോരാട്ടത്തിലേക്കുള്ള ഏറ്റവും കഠിനമായ കരിമല കയറ്റം ആണെങ്കിൽ, യുണൈറ്റഡിനെ യൂറോപ്പിലെ എലൈറ്റ് പോരാട്ടമായ ചാമ്പ്യൻസ് ലീഗ് സ്പോട്ടിന് വേണ്ടിയുള്ള ഒരുപിടി പോരാട്ടങ്ങളുടെ തുടക്കമാണ് ഈ മത്സരം.

 

ചില വർഷങ്ങൾക്കു മുമ്പ് യുണൈറ്റഡ് തുടർച്ചയായി ജയിച്ചു കൊണ്ടിരുന്ന ഒരു പോരാട്ടമാണ് ഇത്. ഇന്ന് പരാജയപ്പെടാതെ രക്ഷപെടുക എന്നതാണ് യുണൈറ്റഡ് ലക്ഷ്യം തന്നെ. അത്രമേൽ തകർന്നിരിക്കുകയാണ് യുണൈറ്റഡ്. സിറ്റി ആകട്ടെ യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ പട്ടികയിലാണ് ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്. സുശക്തമായ ആക്രമണങ്ങളിലൂടെ അവർ യുണൈറ്റഡിനെ വെള്ളം കുടിപ്പിക്കും എന്ന കാര്യം തീർച്ചയാണ്. മിന്നും ഫോമിൽ കളിക്കുന്ന റഹീം സ്റ്റെർലിങ്, സെർജിയോ അഗ്വേറോ, ഡേവിഡ് സിൽവ എന്നിവരെ പിടിച്ചുകെട്ടാൻ സ്വതവേ ദുർബലമായ യുണൈറ്റഡ് പ്രതിരോധത്തിന് കരുത്തു ഉണ്ടാവാൻ വഴിയില്ല. ബർണാഡോ സില്‍വ  ഗുണ്ട്ഗാവുൺ എന്നിവർകൂടി സിറ്റി ആക്രമണം നിരയിൽ ചേരുമ്പോൾ യുണൈറ്റഡ് പകുതിയിൽ തന്നെയാകും പന്ത് കൂടുതൽ സമയം ഉണ്ടാവുക എന്ന് നിസ്സംശയം പറയാം.

 

മറുവശത്ത് യുണൈറ്റഡിന് ‘പക്കാ’ എന്ന് പറയാൻ പാകത്തിന് യാതൊരു ഡിപ്പാർട്ട്മെന്റും ഇല്ല. മുൻനിര ഗോളടിക്കുന്നില്ല; മധ്യനിര കളി നിയന്ത്രിക്കുന്നില്ല; പ്രതിരോധനിര തകർന്നുതരിപ്പണമാകുന്നു; ഒടുവിൽ കാവൽക്കാരൻ ഡേവിഡ് ഡി ഗെ മുമ്പെങ്ങുമില്ലാത്തവിധം ഗോൾ വഴങ്ങുന്നു. ഇവരെ എല്ലാവരെയും ഒരുമിപ്പിച്ച് കളിയിൽ നിയന്ത്രണം ഏറ്റെടുക്കാൻ സാക്ഷാൽ സർ അലക്സ് ഫെർഗൂസൺ വളരെ പാടുപെടും, അപ്പോഴാണ് അനുഭവജ്ഞാനം കുറഞ്ഞ പാവം ഒരു ഒലെ ഗുണ്ണർ സോൾസ്ജർ.

 

മധ്യനിരയിൽ കളി നിയന്ത്രിക്കാൻ സിറ്റിയെ അനുവദിച്ചാൽ യുണൈറ്റഡ് വടി പിടിക്കും. പോഗ്ബ മെക്ടോമിനിട്രോ ഫ്രെഡ് എന്നിവർ സിറ്റിയെ അതിന് അനുവദിക്കാതിരുന്നാൽ യുണൈറ്റഡിന് ഒരു നേരിയ പ്രതീക്ഷ ഉണ്ട്.  കളി ഒരിക്കൽ പൂർണമായി സിറ്റിയുടെ വരുതിയിൽ ആയിക്കഴിഞ്ഞാൽ പിന്നെ യുണൈറ്റഡിനെ തോറ്റുകൊടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയില്ല.  യുണൈറ്റഡ് മധ്യനിരതാരങ്ങൾ കളി കൈപ്പിടിയിൽ ഒതുക്കിയാലും പിന്നെ അവർക്ക് ജയിക്കാൻ സാധ്യത ഉണ്ട്. കാരണം സിറ്റിയുടെ ഡിഫൻസ് അത്രമേൽ ദുർബലമാണ്. അവരുടെ ശക്തമായ ആക്രമണം നിരയാണ് അവരുടെ പ്രതിരോധ ദൗർബല്യങ്ങൾ പുറത്തു കാണിക്കാത്തത്. ഈ സീസണിൽ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല സിറ്റി പ്രതിരോധനിര. യുണൈറ്റഡ് ആക്രമണ വിഭാഗത്തിന് അവരെ പരീക്ഷിക്കാനുള്ള പടക്കോപ്പുകൾ ഉണ്ട് – മാർഷ്യാൽ റാഷ്ഫോർഡ് ലുക്കാക്കു എന്നിവർ. അങ്ങനെ സംഭവിച്ചാൽ യുണൈറ്റഡിന് വിജയം അസാധ്യവുമല്ല.

 

Leave a comment

Your email address will not be published. Required fields are marked *