Cricket IPL Top News

വാർണറും ബെയർസ്റ്റോയും റഷീദ് ഖാനും തിളങ്ങി : ഹൈദരാബാദിന് ജയം

April 18, 2019

author:

വാർണറും ബെയർസ്റ്റോയും റഷീദ് ഖാനും തിളങ്ങി : ഹൈദരാബാദിന് ജയം

സൺറൈസേഴ്സിന് വേണ്ടി ടീമിലെ എല്ലാ വിഭാഗങ്ങളും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ആറു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഈ സീസണിലെ ഹൈദരാബാദിന്റെ നാലാം ജയവും ചെന്നൈയുടെ രണ്ടാം തോൽവിയുമാണ് ഇത്.

ധോണിയുടെ അഭാവത്തിൽ റെയ്‌നയുടെ നേതൃത്വത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈക്ക് വാട്സണും ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 79 റൺസ് കൂട്ടിച്ചേർത്തു. വാട്സൺ 29 പന്തിൽ 31 റൺസ് എടുത്ത് പുറത്തായി. ഡുപ്ലെസിസ് മൂന്നു ബൗണ്ടറിയും മൂന്നു സിക്സറുകളും അടക്കം 31 പന്തിൽ 45 റൺസ് നേടി. ഇരുവരും പുറത്തായ ശേഷം വന്ന ആർക്കും, കിട്ടിയ മികച്ച തുടക്കം മുതലാക്കാൻ ആയില്ല. ഇഴഞ്ഞു നീങ്ങിയ സ്കോർ 132 റൺസിൽ അവസാനിച്ചു. അമ്പാട്ടി റായുഡു 25 റൺസ് നേടി പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി റഷീദ് ഖാൻ രണ്ടു വിക്കറ്റും വിജയ് ശങ്കർ, ഷഹബാസ് നദീം, ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും വീതം വീഴ്ത്തി.

133 എന്ന താരതമ്യേന ചെറിയ സ്കോർ പിന്തുടർന്ന ഹൈദരാബാദിന് വേണ്ടി വാർണറും ബെയർസ്റ്റോയും പതിവ് പോലെ തന്നെ നന്നായി തുടങ്ങി. പവർ പ്ലേയ് തീരുന്നതിനു മുന്നേ തന്നെ വാർണറുടെ വിക്കറ്റ് നേടാൻ ആയെങ്കിലും വ്യക്തിഗത സ്കോർ അർധശതകത്തിൽ എത്തിക്കുകയും ടീം സ്കോർ 66 ൽ എത്തിക്കുകയും ചെയ്ത ശേഷമാണ് വാർണർ മടങ്ങിയത്. ആറാമത്തെ ഓവറിൽ വാർണർ പുറത്താകുമ്പോൾ അദ്ദേഹം 25 പന്തുകളിൽ നിന്നും പത്തു ബൗണ്ടറികൾ അടക്കം 50 റൺസ് നേടിയിരുന്നു. വാർണർ പുറത്തായ ശേഷം കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ബെയ്സ്റ്റോ വലിയ അപകടങ്ങളില്ലാതെ തന്നെ ടീമിനെ വിജയലക്ഷ്യത്തിൽ എത്തിച്ചു. 44 പന്തിൽ മൂന്നു ബൗണ്ടറികളും അത്രയും തന്നെ സിക്സറുകളും അടക്കം 61 റൺസ് നേടി ബെയർസ്‌റ്റോ പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇമ്രാൻ താഹിർ മാത്രമാണ് ബൗളിങ്ങിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.

അംഗീകൃത ബാറ്റ്‌സ്മാന്മാർ ക്രീസിൽ നിൽക്കെ തന്നെ അവസാന പത്ത് ഓവറുകളിൽ നിന്നും വെറും 52 റൺസ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത് എന്നുള്ളത് ഹൈദരാബാദിന്റെ ബൗളിംഗ് മികവിനെ എടുത്തു കാണിക്കുന്നു എന്നത് പോലെ തന്നെ, ധോണിയില്ലാത്ത ചെന്നൈ വെറും നനഞ്ഞ പടക്കമാണെന്നു കൂടി ചൂണ്ടിക്കാണിക്കുന്നു. കളി തോറ്റെങ്കിലും 14 പോയിന്റുകളുമായി ഒന്നാം സ്ഥാനത് തന്നെയാണ് ചെന്നൈ ഇപ്പോഴും. വിജയത്തോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമത് എത്തി.

Leave a comment