ധവാൻ കരുത്തിൽ ഡൽഹി വിജയം
ഈ സീസണിൽ ആദ്യമായി ഫോം കണ്ടെത്തിയ ഡൽഹി ഓപ്പണർ ശിഖർ ധവാന്റെ ബാറ്റിങ് മികവിൽ ഡൽഹിക്ക് ഉജ്ജ്വല വിജയം. ജയത്തോടെ ഡൽഹി പഞ്ചാബിനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് കയറി.

ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ കൊൽക്കത്തയുടെ ഓപ്പണർ ആയി എത്തിയ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ ഡെൻലിക്ക് ഇഷാന്ത് ശർമയുടെ അതിമനോഹരമായ പന്ത് പ്രധിരോധിക്കാനാകാതെ ക്ലീൻ ബൗൾഡായി സംപൂജ്യനായി മടങ്ങേണ്ടി വന്നു. ആദ്യ ഓവർ തന്നെ ഒരു വിക്കറ്റ് അടക്കം മെയ്ഡൻ ഓവർ ആക്കി ഇഷാന്ത് ശർമ്മ തിരിച്ചു വരവ് ഗംഭീരമാക്കി. പതിവ് തെറ്റിച്ചു ഓപ്പണർ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം കിട്ടിയ യുവതാരം ശുബ്മാൻ ഗിൽ തനിക്ക് കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. ഉത്തപ്പയോടൊപ്പം 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കൊൽക്കത്തയെ രക്ഷിച്ചെടുത്തു. 28 റൺസ് എടുത്ത ഉത്തപ്പ പുറത്തായ ശേഷം ശുബ്മാൻ ഗിൽ റൺ നിരക്ക് കൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആക്രമിച്ചു കളിച്ച അദ്ദേഹം 39 പന്തിൽ 65 റൺസെടുത്തു പുറത്തായി. ശേഷം വന്ന നായകൻ ദിനേശ് കാർത്തിക് കൂടി പെട്ടന്ന് പുറത്തായതോടുകൂടി അല്പം പരുങ്ങലിൽ ആയി കൊൽക്കത്ത. എന്നാൽ രക്ഷകൻ എന്ന പേര് തനിക്ക് തന്നെയാണ് അനുയോജ്യം എന്ന് വീണ്ടും തെളിയിച്ച് ആന്ദ്രേ റസ്സൽ തന്റെ ദൗത്യം ആരംഭിച്ചു. ഒരു സമയത്ത് 150 പോലും അപ്രാപ്യമെന്നു തോന്നിച്ചിടത്തു നിന്ന് സ്കോർ 178 ൽ എത്തിച്ചത് റസ്സലിന്റെ അവസാന വെടിക്കെട്ട് ആണ്. 21 പന്തിൽ 3 ബൗണ്ടറിയും 4 സിക്സറുകളുമായി 45 റൺസെടുത്ത അദ്ദേഹം അർധശതകത്തിനു അഞ്ചു റൺസ് അകലെ മോറിസിന് കീഴടങ്ങി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മോറിസ്, റബാഡ, കീമോ പോൾ എന്നിവർ ബൗളിങ്ങിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി രണ്ടാം ഓവറിൽ ഫെർഗുസനെ തുടർച്ചയായി രണ്ടു സിക്സറുകൾക്ക് പായിച്ച് പ്രിത്വി ഷാ തന്റെ നയം വ്യക്തമാക്കി. തൊട്ടടുത്ത ഓവറിൽ പ്രസിദ് കൃഷ്ണയെ കടന്നാക്രമിച്ചു ശിക്കാർ ധവാൻ രണ്ട് സിക്സറുകൾ നേടി താനും രണ്ടും കല്പിച്ചാണെന്നു തെളിയിച്ചു. എന്നാൽ അതെ ഓവറിന്റെ അവസാന പന്തിൽ പ്രിത്വി ഷായെ പുറത്താക്കി പ്രസിദ് കൃഷ്ണ ഡൽഹിക്ക് ആദ്യ പ്രഹരം നൽകി. മൂന്നാമനായി ഇറങ്ങിയ നായകൻ ശ്രെയസ് അയ്യർ അപകടകാരി ആകുന്നതിനു മുൻപ് തന്നെ അദ്ദേഹത്തെ വിക്കറ്റിന് പിന്നിൽ കാർത്തിക്കിന്റെ കയ്യിൽ എത്തിച്ചു റസ്സൽ ഡൽഹിക്ക് രണ്ടാം പ്രഹരവും നൽകി. എന്നാൽ ഇതിലൊന്നും തളരാൻ താൻ ഒരുക്കമല്ലെന്നു കാണിക്കുന്നതായിരിക്കുന്നു ശിക്കാർ ധവാന്റെ ബാറ്റിങ്. ധവാന് മികച്ച പിന്തുണയുമായി മറുവശത്തു ഋഷഭ് പന്ത് കൂടി വന്നതോടെ 179 എന്ന വിജയലക്ഷ്യം ഡൽഹിക്ക് അനായാസം മറികടക്കാവുന്ന അവസ്ഥയായി. 46 റൺസെടുത്ത പന്ത് പുറത്താകുമ്പോൾ കൊൽക്കത്ത വിജയം ഉറപ്പിച്ചിരുന്നു. തന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ധവാന് സെഞ്ച്വറി നിഷേധിച്ചു കൊണ്ട് പത്തൊൻപതാം ഓവറിൽ ഒരു സിക്സും ഒരു ബൗണ്ടറിയും നേടി കോളിൻ ഇൻഗ്രാം ഡൽഹിയുടെ വിജയം പൂർത്തിയാക്കി. 63 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്ന ധവാനാണ് കളിയിലെ താരം.