Cricket IPL Top News

ധോണി എന്ന രാജാവ് – “പക്ഷെ അയാൾ നഗ്നനാണ് “

April 12, 2019

ധോണി എന്ന രാജാവ് – “പക്ഷെ അയാൾ നഗ്നനാണ് “

Gentleman’s game – ക്രിക്കറ്റിനു പൊതുവെ ചാർത്തപ്പെട്ട കൊടുത്ത ഒരു വിശേഷണമാണ് ഇത്. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവരെ പോലുള്ള മഹാന്മാർ ആ വിശേഷണത്തെ അടിവരയിടിച്ച പ്രഗത്ഭരും. എന്നാൽ ഈ വിശേഷണങ്ങളെ എല്ലാം കാറ്റിൽ പറത്തുന്ന ഒരു പ്രവൃത്തിയായിരുന്നു രാജസ്ഥാൻ റോയൽസിന് എതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോണിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ക്രിക്കറ്റിന്റെ സംസ്കാരത്തിന് നിരക്കാത്ത പ്രവർത്തി എന്ന് അടിവരയിട്ട് അതിനെ വിശേഷിപ്പിക്കേണ്ടി വരും.

കളിയുടെ അവസാന ഓവറിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ ഒരു ബോൾ നോ ബോൾ വിളിക്കണോ എന്ന കാര്യത്തിൽ അമ്പയർമാർ തമ്മിൽ ചെറിയ ആശയകുഴപ്പം. ലൈൻ അമ്പയർ നോ ബോൾ വിളിക്കാൻ വിസമ്മതിച്ചപ്പോൾ അത് നോക്കാതെ മെയിൻ അമ്പയർ നോ ബോൾ വിളിക്കുകയും, പിന്നീട് ഇരു അമ്പയർമാരും തമ്മിൽ സംസാരിച്ചു നോ ബോൾ കൊടുക്കേണ്ട എന്ന് തീരുമാനിക്കുകയും ആയിരുന്നു. എന്നാൽ ഇതിൽ ക്ഷുഭിതനായ ധോണി ഗ്രൗണ്ടിൽ ഇറങ്ങുകയും അമ്പയർമാരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതുമാണ് പിന്നീട് നമ്മക്ക് കാണാൻ സാധിച്ചത്. ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ബാറ്റിംഗ് ടീമിന്റെ ക്യാപ്റ്റൻ അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത ഗ്രൗണ്ടിൽ ഇറങ്ങിയത്.

അമ്പയർമാരുടെ പ്രൊഫെഷണലിസത്തിന്റെ കുറവ് തന്നെയാണ് ഈ സംഭവവികാസത്തിനു കാരണം ആയതെങ്കിലും ധോണിയുടെ ഈ നടപടിയെ ഒരിക്കലും ന്യായികരിക്കാൻ സാധിക്കുന്നതല്ല. അമ്പയർമാർ ആശയകുഴപ്പം ഉണ്ടായപ്പോൾ തേർഡ് അമ്പയറുടെ സഹായം തേടുകയും വീഡിയോയുടെ സഹായത്തോടെ നോ ബോൾ കൊടുക്കണ്ട എന്ന് തീരുമാനിക്കുകയും ആയിരുന്നു. ഏകപക്ഷിയമായ പെരുമാറ്റം അമ്പയർമാരുടെ പക്ഷത്തു നിന്ന് ഉണ്ടായില്ല എന്ന് തന്നെ പറയാം. ആ സമയം ക്രീസിൽ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജ ചെന്നൈക്ക് വേണ്ടി അമ്പയർമാരോട് സംശയം ദൂരീകരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതൊന്നും വകവെക്കാതെയാണ് തികച്ചും അനാരോഗ്യപരമായ ഒരു പ്രവണതക്ക് ധോണി തുടക്കം കുറിച്ചത്.

എന്നാൽ ഇതിലും വിനാശകരമായ പ്രവണത ഏതാണെന്നു വെച്ചാൽ ധോണിയെ അച്ചടക്കനടപടിക്ക് വിധേയമാക്കാൻ ഇന്ത്യൻ ക്രിക്കറ്റിനു സാധിക്കുമോ എന്നുള്ള വസ്തുതയാണ്. കളിക്ക് ശേഷം നടന്ന ഇന്റർവ്യൂവിൽ മുരളി കാർത്തിക് ഈ വിഷയം ഊന്നി ധോണിയോട് ചോദ്യം ചോദിയ്ക്കാൻ വരെ മടിക്കുന്നതാണ് നമ്മുക്ക് കാണാൻ സാധിച്ചത്. എന്തിനു, അമ്പയർമാർ പോലും ധോണിക്ക് തക്ക മറുപടി കൊടുക്കുന്നതിൽ പരാജയപ്പെട്ടു എന്നും മനസിലാക്കാൻ സാധിക്കും. ബി.സി.സി.ഐ.യോ, ഐ.പി.ൽ. ഭാരവാഹികളോ ഇനി എന്ത് നടപടി എടുക്കും എന്ന് നമ്മുക്ക് നോക്കികാണേണ്ടി ഇരിക്കുന്നു. എന്നാലും തക്കതായ ശിക്ഷ ധോണിക്ക് വാങ്ങിക്കൊടുക്കാൻ അവർക്കു എത്രമാത്രം കെൽപ്പുണ്ട് എന്നുള്ളത് സംശയമാണ്.

അതെ, ധോണി ഇന്ത്യൻ ക്രിക്കറ്റിന്റെ രാജാവായി മാറിക്കഴിഞ്ഞിരിക്കുന്നു. എതിർ ടീം അംഗങ്ങൾക്കോ, അമ്പയർമാർക്കോ ശക്തമായി ചോദ്യം ചെയ്യാൻ പറ്റുന്നതിനേക്കാൾ അപ്പുറം അയാൾ വളർന്നു കഴിഞ്ഞിരിക്കുന്നു. ധോണി, കോഹ്ലി എന്നിവരെപോലുള്ള കളിക്കാർ ഇന്ത്യൻ ക്രിക്കറ്റിനേക്കാളും വളർന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇത് ക്രിക്കറ്റ് എന്ന മഹത്തായ കളിക്ക് എത്രത്തോളം ദൂഷ്യം ചെയ്യും എന്ന് കാലത്തിനു മാത്രം ഉത്തരം പറയാൻ പറ്റുന്നതായിരിക്കും. ഇന്ത്യൻ മധ്യനിരയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കോഹ്‌ലിയുടെ ടീം സെലെക്ഷന്റെ പ്രശ്നമാണെന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ നാം കണ്ടതാണ്. എന്നിരുന്നാലും കൊഹ്‌ലിയെ വിമർശിക്കാനും അയാളുടെ നടപടികളെ ചോദ്യം ചെയ്യാനും ഇന്ത്യൻ ക്രിക്കറ്റിനു ഇന്ന് ഒത്തിരി പരിമിതികൾ ഉണ്ട്.

ക്രിക്കറ്റ് ഒരിക്കലും തമ്പുരാന്മാരുടെ കളിയായി മാറാൻ പാടില്ല. അച്ചടക്കവും യോഗ്യതയും തന്നെയായിരിക്കണം ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കേണ്ടത്. കാരണം നമ്മുടെ നാടിന്റെ ഒരു ഉത്സവമാണ് ഈ മഹത്തായ കളി. അതിനാൽ ഈ കളിയുടെ അന്തസത്ത നിലനിർത്താൻ തമ്പുരാക്കന്മാരുടെ യുഗം അവസാനിച്ചേ മതിയാകു. അതെ, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള ആർജവം നമ്മുക്ക് നേടിയെടുത്ത മതിയാകൂ. നഗ്നത കൊണ്ട് വിരൂപമാക്കപ്പെടേണ്ട ഗതികേട് ക്രിക്കറ്റിനു ഇല്ല എന്ന് സാരം.

Leave a comment

Your email address will not be published. Required fields are marked *