Cricket IPL Top News

ചെന്നൈ ബൗളിങ്ങിൽ ചാരമായി കൊൽക്കത്ത.

April 10, 2019

author:

ചെന്നൈ ബൗളിങ്ങിൽ ചാരമായി കൊൽക്കത്ത.

ദീപക് ചഹറിന്റെ ചടുലതയാർന്ന ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ കൊൽക്കത്തയുടെ മുൻനിര തകർന്നപ്പോൾ, ബാംഗ്ലൂരിന് ശേഷം കൊൽക്കത്തയും ചെന്നൈ ബൗളിങ്ങിന് മുന്നിൽ മറുപടി ഇല്ലാതെ വീണു. 7 വിക്കറ്റിന് വിജയിച്ച ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് അഞ്ചു ഓവർ തികക്കുന്നതിനു മുന്നേ തന്നെ നാല് മുൻനിര ബാറ്റ്‌സ്മാൻമാരെ നഷ്ടമായി. വെറും 24 റൺസ് ആയിരുന്നു അപ്പോൾ അവരുടെ സമ്പാദ്യം. 50 റൺസ് എടുക്കുന്നതിനു മുന്നേ അടുത്ത രണ്ടു പേര് കൂടി പുറത്തായതോടു കൂടി പത്തോവറിൽ 47 റൺസിന്‌ 6 വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞിരുന്നു കൊൽക്കത്ത. എല്ലാ കളികളിലെയും പോലെ തന്നെ ആന്ദ്രേ റസ്സലിന്റെ രക്ഷാപ്രവർത്തനമാണ് കൊൽക്കത്തയെ നൂറു കടത്താൻ സഹായിച്ചത്. 44 പന്തിൽ 50 റൺസെടുത്ത റസ്സൽ അല്ലാതെ മറ്റാരും ബാറ്റിങ്ങിൽ തിളങ്ങിയില്ല. മൂന്നു വിക്കറ്റ് വീഴ്ത്തിയ ചഹറിന് പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഹർഭജനും താഹിറും ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജയും ബൗളിങ്ങിൽ തിളങ്ങി.

109 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന ചെന്നൈക്ക് വേണ്ടി 43 റൺസ് എടുത്തു പുറത്താകാതെ നിന്ന ഡുപ്ലെസിസ് തിളങ്ങി. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സാവകാശമാണ് വിജയലക്ഷ്യം മറികടന്നത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ സുനിൽ നരേൻ ബൗളിങ്ങിൽ മികച്ചു നിന്നെങ്കിലും 108 റൺസ് പ്രതിരോധിക്കാൻ അത് പോരായിരുന്നു. ആറു മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ ഇതുവരെ മുംബൈക്ക് മുന്നിൽ മാത്രമാണ് പരാജയം അറിഞ്ഞത്.

Leave a comment