പ്രീമിയർ ലീഗ് : ആർസെനലിനു തോൽവി
ആര്സെനലിന്റെ എവേ മാച്ചുകളിലെ മോശം ഫോം തുടരുന്നു. ഇന്നലെ എവർട്ടനോട് ആയിരുന്നു എതിരില്ലാത്ത ഒരു ഗോളിനു ഗണ്ണേഴ്സ് തോൽവി വഴങ്ങിയത്. വിജയികൾക്ക് വേണ്ടി10ആം മിനുട്ടിൽ വെറ്ററൻ താരം ജഗേൾക്ക ഗോൾ നേടി.
ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ എവർട്ടനു തന്നെയായിരുന്നു തുടക്കം മുതൽ ആധിപത്യം. ആർസെനാൽ ബോക്സിലേക് സിഗുർസൺ, റീചാർലിസൺ, ഗോമസ് എന്നിവരുടെ നേതൃത്വത്തിൽ നിരന്തരം മുന്നേറ്റങ്ങളുണ്ടാക്കി. 10 മിനുട്ടിനുള്ളിൽ തന്നെ എവർട്ടൻ ലീഡ് നേടി. ബോക്സിലേക് വന്ന ത്രോബാൾ റീബൗണ്ടിൽ വലയിലേക്ക് വഴിതിരിച്ചു വിട്ട് ജഗേൾക്ക ആർസെനലിനെ ഞെട്ടിച്ചു (1-0). എന്നാൽ ആർസെനാൽ ഉണർന്നില്ല. മധ്യനിരയിൽ ഷാക്ക,ടോറെറ എന്നിവരുടെ അഭാവത്തിൽ ഗെണ്ടുസീ, എൽനേനി കോമ്പിനേഷൻ ഉപയോഗിച്ച ഉനായി എമറിയുടെ തന്ത്രം പാളുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. ഭാവനാശൂന്യമായി കളിച്ച മിഡ്ഫീൽഡ് മുന്നേറ്റക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ഗോളി ലെനോയുടെ മിന്നും പ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്നും ആർസെനലിനെ രക്ഷിച്ചത്.
രണ്ടാം പകുതിയിൽ അബാമേയങ്ങ്, റാംസെ എന്നിവരെ കളത്തിലിറക്കി ആർസെനാൽ തിരിച്ചടിക്കാൻ ശ്രമിച്ചുവെങ്കിലും അതും എവർട്ടൻ പ്രതിരോധം ഭേദിക്കുന്നതിൽ പരാജയപ്പെട്ടു.
2019ലെ ഗണ്ണേഴ്സിന്റെ മോശം പ്രകടനങ്ങളിലൊന്നായി നിസ്സംശയം പറയാവുന്ന മത്സരത്തിൽ ആര്സെനലിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സോക്രട്ടീസ് മഞ്ഞ കാർഡ് കണ്ടത് തിരിച്ചടിയായി.സീസണിലെ 10ആം മഞ്ഞ കണ്ട താരത്തിന് അടുത്ത രണ്ടു ലീഗ് മത്സരങ്ങൾ നഷ്ടമാകും.
ഇനിയുള്ള ഓരോ മത്സരവും ഓരോ പോയിന്റും നിർണായകമാണെന്നിരിക്കെ എവേ മാച്ചുകളിലെ ദയനീയ പ്രകടനങ്ങൾക് അറുതി വരുത്തിയില്ലേങ്കിൽ ആർസെനലിനു ഇത്തവണയും ടോപ് 4 ഫിനിഷ് കൈയ്യെത്താ ദൂരത്താകും.