ആറിൽ ആറാടി ജോസഫ് : സൺറൈസേഴ്സിന് ദയനീയ തോൽവി
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ അൽസാരി ജോസഫ് നിറഞ്ഞാടിയപ്പോൾ മുംബൈ ഇന്ത്യൻസിന് സൺറൈസേഴ്സിന്റെ മേൽ ആധികാരിക വിജയം. 3.4 ഓവറിൽ 12 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫ് ആണ് കളിയിലെ കേമൻ.
ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് നിരാശയോടെയായിരുന്നു തുടക്കം. ആ തുടക്കത്തിൽ നിന്നും ഒരിക്കൽ പോലും കര കയറാൻ മുംബൈക്ക് കഴിഞ്ഞില്ല. മുൻനിര ബാറ്റ്സ്മാൻമാർ ആരും തന്നെ മികച്ച സ്കോർ കണ്ടെത്താത്തത് മുംബൈയെ പരുങ്ങലിൽ ആക്കി. ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയായ സൺറൈസേഴ്സിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഓരോരുത്തരരായി കൂടാരം കയറി. അവസാന രണ്ടു ഓവറുകളിൽ പൊള്ളാർഡ് നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് നൂറു കടക്കുമോയെന്നു സംശയിച്ചു നിന്ന സ്കോറിനെ 136 ൽ എത്തിച്ചത്. 26 പന്തിൽ 46 നേടിയ പൊള്ളാർഡ് 4 കൂറ്റൻ സിക്സറുകൾ പറത്തി. 4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയുടെ പ്രകടനം മികച്ചു നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിന് വേണ്ടി വാർണറും ബെയർസ്റ്റോയും നല്ല രീതിയിൽ തുടങ്ങിയെങ്കിലും നാലാമത്തെ ഓവർ എറിയാൻ വന്ന രാഹുൽ ചഹാറിന്റെ പന്തിൽ ബെയർസ്റ്റോ പുറത്തായതോടു കൂടി അവരുടെ തകർച്ച തുടങ്ങി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. അൽസാരീ ജോസെഫിന്റെ തീ പാറുന്ന പന്തുകൾക്ക് മുന്നിൽ തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടെത്തിയവർക്ക് കാലിടറി. പൊതുവെ ചെറിയ ലക്ഷ്യമായ 136 പിന്തുടർന്ന അവർ 96 റൺസിൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ജോസെഫിന്റെ പ്രകടനത്തിലൂടെ 14 റൺസിന് 6 വിക്കെറ്റ് വീഴ്ത്തിയ സൊഹൈൽ തൻവീറിന്റെ റെക്കോർഡ് ആണ് പഴങ്കഥയായത്. അരങ്ങേറ്റ മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കെറ്റ് എന്ന റെക്കോർഡും അൽസാരീ ജോസഫ് സ്വന്തമാക്കി. വരും മത്സരങ്ങളിൽ മലിംഗ ടീമിനൊപ്പം ചേർന്നാലും ജോസഫിന്റെ സ്ഥാനം ടീമിൽ ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞു.