Cricket IPL Top News

ഡൽഹിയെ സൺറൈസേഴ്‌സ് എറിഞ്ഞു വീഴ്ത്തി

April 5, 2019

author:

ഡൽഹിയെ സൺറൈസേഴ്‌സ് എറിഞ്ഞു വീഴ്ത്തി

ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയെന്ന ഖ്യാതി നേടിയ സൺറൈസേഴ്സിന്റെ ബൗളേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ വരിഞ്ഞു കെട്ടിയ മത്സരത്തിൽ സൺറൈസേഴ്സിന് അഞ്ചു വിക്കറ്റ് വിജയം. ഈ വിജയത്തോടെ സൺറൈസേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാമതായി.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി പ്രിത്വി ഷാ ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിൽ തന്നെ രണ്ടു ബൗണ്ടറി നേടി പ്രതീക്ഷ നൽകിയെങ്കിലും ഭുവനേശ്വറിന്റെ തന്നെ രണ്ടാം ഓവറിൽ അദ്ദേഹത്തിന്റെ കുറ്റി തെറിച്ചു. ഈ സീസണിൽ ഇതുവരെ ഫോമിലെത്താൻ കഴിയാതിരുന്ന ഭുവനേശ്വർ ബൗളിങ്ങിൽ താളം കണ്ടെത്തിയതോടെ സൺറൈസേഴ്‌സ് ബൗളിംഗ് കൂടുതൽ ശക്തി പ്രാപിച്ചു. ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകളിൽ ഒരാളായ ശിക്കാർ ധവാൻ റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് ഡൽഹി ക്യാപിറ്റൽസിനെയും അതുപോലെ തന്നെ ഇന്ത്യൻ ടീം അധികൃതരെയും വല്ലാതെ അലട്ടുന്നുണ്ട്. 41 പന്തിൽ 43 റൺസ് എടുത്ത നായകൻ ശ്രെയസ് അയ്യർ മാത്രമാണ് ബാറ്റിംഗിൽ തിളങ്ങിയത്. അവസാന ഓവറിൽ സിദ്ധാർഥ് കൗളിനെ രണ്ടു സിക്സറുകൾക്ക് പായിച്ച് അക്സർ പട്ടേൽ സ്കോർ 120 കടത്തി. ഭുവനേശ്വർ, നബി, സിദ്ധാർഥ് കൗൾ എന്നിവർ രണ്ടു വിക്കറ്റ് വീതവും , റഷീദ് ഖാൻ, സന്ദീപ് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിൽ ആദ്യം മുതലേ അടിച്ചു കളിച്ച ബെയർസ്‌റ്റോ കഴിഞ്ഞ കളിയിലെ അതെ ഫോമിലായിരുന്നു. മറുവശത്തു വാർണർ റൺസ് കണ്ടെത്തുന്നതിൽ വിഷമിച്ചു. പവർപ്ലേ ഓവറുകളിൽ ആഞ്ഞടിച്ചു മുന്നേറിയ ബെയർസ്‌റ്റോ ഏഴാമത്തെ ഓവറിൽ പുറത്താകുമ്പോൾ ടീം സ്കോർ 65 ൽ എത്തിയിരുന്നു. 28 പന്തിൽ ഒന്പത് ബൗണ്ടറിയും ഒരു സിക്സും അടക്കം 48 റൺസ് ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. പിന്നീട് തുരുതുരെ വിക്കറ്റുകൾ വീണത് ഹൈദരാബാദിനെ സമ്മർദ്ദത്തിൽ ആക്കിയെങ്കിലും പത്തൊൻപതാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ബൗണ്ടറിയും സിക്സും പറത്തി മുഹമ്മദ് നബി ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. ബെയർസ്‌റ്റോ ആണ് കളിയിലെ കേമൻ.

Leave a comment