Cricket IPL Top News

രാജസ്ഥാൻ അക്കൗണ്ട് തുറന്നു : ബാംഗ്ലൂരിന് നാലാം തോൽവി

April 3, 2019

author:

രാജസ്ഥാൻ അക്കൗണ്ട് തുറന്നു : ബാംഗ്ലൂരിന് നാലാം തോൽവി

ഇന്ത്യൻ സ്പിന്നർ ശ്രെയസ് ഗോപാലിന്റെ മനോഹരമായ ബൗളിങ്ങിൽ ബാംഗ്ലൂർ മുൻനിര തകർന്നടിഞ്ഞപ്പോൾ രാജസ്ഥാന് ആദ്യ ജയവും ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവിയും.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഓപ്പണർ റോളിൽ തിരിച്ചെത്തിയ കോലിക്ക് കാര്യമായിട്ടൊന്നും ചെയ്യാനായില്ല. റൺ കണ്ടെത്താൻ തപ്പിത്തടഞ്ഞ അദ്ദേഹം 25 പന്തിൽ 23 റൺസ് എടുത്ത ശേഷം ശ്രെയസ് ഗോപാലിന്റെ അതിമനോഹരമായ ഒരു പന്തിൽ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. തുടർന്ന് വന്ന ഡിവില്ലിയേഴ്സിനെയും ഹെത്മേയറിനെയും പെട്ടന്ന് തന്നെ പവലിയനിൽ എത്തിച്ച് ഗോപാൽ വീണ്ടും ബാംഗ്ലൂരിനെ സമ്മർദ്ദത്തിലാക്കി. 41 പന്തിൽ 67 റൺസ് എടുത്ത പാർഥിവ് പട്ടേലിന്റെ ബാറ്റിങ് ആണ് ബാംഗ്ലൂരിനെ 150 കടക്കാൻ സഹായിച്ചത്. ഗ്രാൻഡ്‌ഹോമിന് പകരക്കാരനായി ടീമിലെത്തിയ സ്റ്റോയ്‌നിസ് 31 റൺസ് എടുത്ത് പട്ടേലിന് മികച്ച പിന്തുണ നൽകി. 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയാണ് ഗോപാൽ 3 വിക്കറ്റ് വീഴ്ത്തിയത്.

159 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് രഹാനെയും ബട്ട്ലറും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പരുക്ക് മൂലം വിട്ടുനിന്ന സാംസണിനു പകരം സ്‌റ്റുവർട്ട് ബിന്നിയാണ് കളിച്ചത്. അർധശതകം നേടിയ ജോസ് ബട്ട്ലറും( 43 പന്തിൽ 59 ) നല്ല രീതിയിൽ പിന്തുണ നൽകിയ രഹാനെയും ( 20 പന്തിൽ 22 ) സ്റ്റീവ് സ്മിത്തും ( 31 പന്തിൽ 38 ) രാഹുൽ ത്രിപാതിയും ( 23 പന്തിൽ 34 ) ചേർന്ന് രാജസ്ഥാനെ അനായാസം വിജയത്തിലെത്തിച്ചു. 17 റൺസിന്‌ 2 വിക്കെറ്റ് വീഴ്ത്തിയ ചഹാൽ മാത്രമാണ് ബൗളിങ്ങിൽ മികച്ചു നിന്നത്. ശ്രെയസ് ഗോപാലാണ് കളിയിലെ കേമൻ.

തുടർച്ചയായ നാലാം കളിയിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന്റെ വിഷമത്തിലാണ് ബാംഗ്ലൂർ ടീമും ആരാധകരും. മത്സരങ്ങൾ ഇനിയും ഒരുപാട് ബാക്കിയുണ്ടെന്നും തുടർന്നുള്ള മത്സരങ്ങളിൽ ശക്തമായി തിരിച്ചു വരാൻ സാധിക്കുമെന്നും കോലി വാർത്താക്കുറിപ്പിൽ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *