Cricket IPL Top News

മധ്യനിര കൈവിട്ടു : രാജസ്ഥാന് തോൽവി

March 26, 2019

author:

മധ്യനിര കൈവിട്ടു : രാജസ്ഥാന് തോൽവി

വിവാദങ്ങൾക്ക് തിരികൊളുത്തിക്കൊണ്ട് പഞ്ചാബിന് നാടകീയ വിജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 14  റൺസിനാണ് പഞ്ചാബ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. പഞ്ചാബ് നായകൻ അശ്വിൻ, ജോസ് ബട്ട്ലറിനെ മങ്കടിങ് ചെയ്ത് പുറത്താക്കിയത് വിവാദങ്ങൾക്കു വഴി തുറന്നിരിക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184  റൺസ് എടുത്തു. യൂണിവേഴ്സൽ ബോസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ക്രിസ് ഗെയിലിന്റെ തകർപ്പൻ ബാറ്റിംഗ് ആണ് പഞ്ചാബിനെ മികച്ച സ്കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട് ഗെയ്ൽ 79 റൺസ് എടുത്തു.  ഗെയിലിനെ പുറത്താക്കാൻ രാഹുൽ എടുത്ത ക്യാച്ച് വളരെ  മനോഹരമായിരുന്നു. പതിനാറാമത്തെ ഓവറിൽ ഗെയ്ൽ പുറത്തായെങ്കിലും യുവതാരം സർഫറാസ് ഖാനിന്റെ ബാറ്റിംഗ് പഞ്ചാബിനെ 184 എന്ന മികച്ച സ്കോറിലെത്തിച്ചു. 29 പന്തുകൾ നേരിട്ട സർഫറാസ് 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഫോം വീണ്ടെടുക്കാൻ കഷ്ട്ടപ്പെടുന്ന ലോകേഷ് രാഹുൽ വെറും 4 റണ്സെടുത്ത് പുറത്തായി. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച പഞ്ചാബ് സ്കോർ ഗെയ്ൽ പുറത്തായതോടെ പരുങ്ങലിൽ ആയി. ഇതിനിടയിൽ ഏറ്റവും വേഗത്തിൽ 4000 ഐപിഎൽ റൺസ് എന്ന റെക്കോർഡിന് ഗെയ്ൽ അർഹനായി. രാജസ്ഥാന് വേണ്ടി ബെൻ സ്റ്റോക്‌സ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ കൃഷ്ണപ്പ ഗൗതം , ധവാൽ കുൽക്കർണി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിൽ നല്ല തുടക്കം ലഭിച്ച രാജസ്ഥാൻ പവർ പ്ലേയ് ഓവറുകളിൽ നിന്നായി 64 റൺസ് സ്വന്തമാക്കി. ഒൻപതാമത്തെ ഓവറിലെ ആദ്യ പന്തിൽ രഹാനെ പുറത്തായി. 27 റൺസ് ആയിരുന്നു രഹാനെയുടെ സമ്പാദ്യം. പിന്നീട് വന്ന മലയാളി താരം സഞ്ജു സാംസൺ നല്ല രീതിയിൽ തന്നെ ബട്ട്ലർക്ക് പിന്തുണ നൽകി. ബട്ട്ലർ 43 പന്തിൽ 69 റൺസ് എടുത്തു നിൽക്കുമ്പോളായിരുന്നു അശ്വിന്റെ മങ്കടിങ് അപ്പീൽ. നിയമപരമായ രീതിയിലാണ് അശ്വിൻ ബട്ട്ലറിനെ പുറത്താക്കിയതെങ്കിലും, ഇത് കളിയുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണ്. അശ്വിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. സഞ്ജു സാംസൺ 30  റൺസ് എടുത്തു പുറത്തായി. 20 റൺസ് എടുത്ത സ്റ്റീവ് സ്മിത്ത് പുറത്തായതിന് ശേഷം വന്ന ആരും തന്നെ രണ്ടക്കം കടന്നിട്ടില്ല. 14 റൺസ് എടുക്കുന്നതിനിടെ അവസാനത്തെ 7 വിക്കറ്റുകൾ വീണത് രാജസ്ഥാന്റെ പതനത്തിന്റെ ആഴം കൂട്ടുന്നു.

Leave a comment

Your email address will not be published. Required fields are marked *